LIFETRENDING

ഒടുങ്ങാത്ത കര്‍മ്മോത്സുകത, ഒടുങ്ങാത്ത മദ്യാസക്തി പോലെ ജീവിതാസ്‌ക്തി, ഒടുങ്ങാത്ത ജ്ഞാനതൃഷ്ണ പോലെ പ്രണയാതുരത…നരേന്ദ്രപ്രസാദിനെ കുറിച്ച് എബ്രഹാം മാത്യു

നരേന്ദ്രപ്രസാദിന്റെ ആത്മാന്വേഷണ വഴി പങ്കുവെയ്ക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ എബ്രഹാം മാത്യു. ഓർമകളുടെ വഴിത്താര എബ്രഹാം മാത്യു തുറക്കുന്നത് തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ്.

എബ്രഹാം മാത്യുവിന്റെ കുറിപ്പ് –

Signature-ad

– മദ്യപിക്കാറുണ്ടോ?
– നാലെണ്ണം കഴിച്ചിട്ടാണു വന്നത്.
– എങ്കില്‍ മദ്യത്തെക്കുറിച്ചു പറയൂ…
– എന്റെ വീണുടയുന്ന ആത്മധൈര്യത്തെ ആവാഹിച്ച്, ആന്തരിക സങ്കോചങ്ങളെ ഉന്മിഷത്താക്കുന്ന ആത്മതീര്‍ത്ഥമാണു മദ്യം. മദ്യപാനിയായിരുന്നില്ലെങ്കില്‍ ഞാന്‍ എന്നേ ഹൃദയാഘാതം വന്ന് മരിക്കുമായിരുന്നു.

കൈരളിയിലെ കുമ്പസാരം; ആദ്യ എപ്പിസോഡ്. ആദ്യ അഥിതി, നരേന്ദ്രപ്രസാദ്. വാക്കുകളില്‍ തീഷ്ണ ശോഭ; സദാചാര നാട്യങ്ങളെ ചുഴറ്റി എറിയുന്ന തന്റേടി. ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തുമ്പോള്‍ പ്രസാദ്‌സാര്‍ ആട്‌സ് കോളേജിലായിരുന്നു. കുട്ടികള്‍ക്കിടയിലെ ‘കള്‍ട്ട് ഫിഗര്‍’. സമാനതകളില്ലാത്ത ഇംഗ്ലീഷ് ക്ലാസ്സുകളിലെ അനുഭവം മറ്റു വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചത് അസൂയയോടെ കേട്ടിരുന്നു. പിന്നീട് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ കോട്ടയത്ത് ഡയറക്ടറാകുമ്പോള്‍ ദൃശ്യവിരുന്നുപോലെ കൂടിക്കാഴ്ചകള്‍. ചിലപ്പോള്‍ കോട്ടയത്തേക്ക് ഞാന്‍ ചെങ്ങന്നൂരില്‍ നിന്നും അദ്ദേഹം മാവേലിക്കരയില്‍ നിന്നും ഒരേ കംപാര്‍ട്ട്‌മെന്റില്‍. പിന്നെ കോട്ടയത്തെ ഹോട്ടല്‍ അംബാസിഡര്‍, എന്ന യുദ്ധഭൂമി; സംവാദ യുദ്ധത്തില്‍ എതിരാളികള്‍ ഓരോന്നായി ശിരസറ്റു വീഴുന്നു. നുരയും പതയും തൊട്ട് ഞാന്‍ ഒരരികിലിരിക്കുന്നു. ഡി.വിനയചന്ദ്രനും വി.സി.ഹാരിസും ജ്ഞാന ബാഹുല്യത്താല്‍ വിഷാദിക്കുന്നു. ഒരേ സമയം വ്യാമോഹിയും വിരക്തനും ആസക്തനും അനാസക്തനുമാകാന്‍ എന്നെ പ്രകോപിപ്പിക്കുന്നു.

കാമക്രോധമോഹങ്ങളുടെ കാനനം പൂക്കുന്നു. അറിവും അനുഭൂതിയും പങ്കുവക്കുന്നു. സൃഷ്ടാവും സംഹാരകനുമായി വേഷംമാറുന്നു. എന്റെ ഒരു കഥാസമാഹരം കോട്ടയത്ത് പ്രകാശനം ചെയ്യുന്നു. മറ്റൊരുസമാഹരത്തിന് ആമുഖമെഴുതുന്നു.

കോട്ടയം കാലം തീര്‍ന്നു. ആള്‍ സിനിമകളിലേക്ക് പടര്‍ന്നു. പിന്നീട് തിരുവനന്തപുരത്തെ വീട്ടില്‍ കൂടിക്കാഴ്ചകള്‍. ലഹരിയോടു വിടപറയും ചുരുങ്ങിയകാലങ്ങളില്‍; നിനക്കാകാം എന്ന മുഖവുര ചിലപ്പോള്‍. ഒടുങ്ങാത്ത കര്‍മ്മോത്സുകത, ഒടുങ്ങാത്ത മദ്യാസക്തി പോലെ ജീവിതാസ്‌ക്തി, ഒടുങ്ങാത്ത ജ്ഞാനതൃഷ്ണ പോലെ പ്രണയാതുരത… അലഞ്ഞവര്‍ അന്വേഷിച്ചവര്‍ എന്ന തന്റെ പുസ്തകത്തിന്റെ ശീര്‍ഷകം പോലെ നരേന്ദ്രപ്രസാദിന്റെ ആത്മാന്വേഷണം. ജ്ഞാനിയും, നിഷേധിയും ഒന്നുതന്നെ. നിരൂപകന്‍, നാടകകാരന്‍, ദാര്‍ശനികന്‍..അധ്യാപകന്‍….വാസ്തവാനന്തര കാലത്തെ തലമുറക്ക് ഒരു സിനിമനടന്‍മാത്രം!

മരിച്ചശേഷമാണ് ഉണ്ണി പോകുന്നു എന്ന നരേന്ദ്രപ്രസാദിന്റെ പുസ്തകം പുറത്തുവന്നത്; വിളിപ്പേര് ഉണ്ണി. കുറേക്കാലം കഴിഞ്ഞ് പുസ്തകം കയ്യില്‍ കിട്ടി. ഒരധ്യായം എന്റെ കഥകളെക്കുറിച്ച്!

അയാളുടെ സ്വരത്താല്‍ പ്രഭാതവും മയക്കത്താല്‍ മധ്യാഹ്നവും വിരഹത്താല്‍ സന്ധ്യയും രൂപം കൊണ്ടു.

Back to top button
error: