NEWS

കെ സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു ; കേന്ദ്ര നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്റെ കത്ത്

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറും ബംഗളൂരു മയക്കുമരുന്ന് കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും അറസ്റ്റിലായതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമ സഭയിലേക്കുമുളള തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാനുളള അപൂര്‍വ അവസരമാണ് ബി ജെ പിക്ക് കൈവന്നത്. അപ്പോഴാണ് ഉള്‍പ്പാര്‍ട്ടി കലഹം ബി ജെ പിയില്‍ തലപൊക്കിയത്.

കേന്ദ്ര ഏജന്‍സികള്‍ ഇടത്, വലത് മുന്നണികളിലേക്ക് നീളുമ്പോള്‍ നേട്ടം കൊയ്യാന്‍ നില്‍ക്കുന്ന ബി.ജെ.പി നേതൃത്വത്തിന് തലവേദനയായിരിക്കുന്നത് പാര്‍ട്ടി പുനസംഘടനയെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളാണ്.

Signature-ad

ഏറെനാളത്തെ മൗനത്തിനുശേഷം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ശോഭാ സുരേന്ദ്രന്‍ സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ്. മാത്രമല്ല സംസ്ഥാന പുനസംഘടനുമായി ബന്ധപ്പെട്ടുണ്ടായ വെട്ടിനിരത്തല്‍ തുറന്നുകാട്ടി പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തു. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രി അമിത് ഷാ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണു കത്തു നല്‍കിയത്.

സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു എന്നാണ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്. നേരത്തേ പുനസംഘടനയില്‍ അതൃപ്തി ഉളളവരെ ഒന്നിച്ചുചേര്‍ത്ത് ശോഭ അടുത്തിടെ പാര്‍ട്ടിക്കുളളില്‍ ഒരു പ്രത്യേക ഗ്രൂപ്പുണ്ടാക്കിയിരുന്നു. ഈ ഗ്രൂപ്പിന്റെ അനുമതിയോടെയാണ് നേതൃത്വത്തിന് പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

തന്റെ ട്രാക്ക് റെക്കോഡും ശോഭ പരാതിയില്‍ എടുത്തുകാട്ടുന്നുണ്ട്. ഒപ്പം തിരഞ്ഞെടുപ്പില്‍ മത്സരിച്ച മണ്ഡലത്തിലുണ്ടാക്കിയ മുന്നേറ്റവും പരാതിയില്‍ എടുത്തുപറയുന്നുണ്ട്. കെ സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതി അദ്ദേഹം ഇടപെട്ട് തന്നെ തഴഞ്ഞുവെന്നും കത്തില്‍ പറയുന്നു.അപമാനിച്ച് പുറത്താക്കാനുളള നീക്കമാണ് നടക്കുന്നതെന്നും ശോഭ വ്യക്തമാക്കുന്നു. ശോഭയുടെ കത്തിന് തൊട്ടുപിന്നാലെ പാര്‍ട്ടിക്കുളളിലെ അതൃപ്തരുടെ കൂട്ടായ്മ നേതൃത്വത്തിനെതിരെയുളള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുളളില്‍ തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.

Back to top button
error: