സംവിധായകനും നിർമ്മാതാവുമായ കുര്യൻ വർണശാല എഴുതുന്നു
ചെറുപുഷ്പം കൊച്ചേട്ടൻ എന്ന ജോസഫ് കക്കാട്ടിലുമായി എനിക്ക് 46 വർഷത്തെ ആത്മബന്ധമുണ്ട്. രണ്ടു മാസം മുമ്പ് ഫോണിൽ സംസാരിച്ചപ്പോൾ പഴയ ഒരുപാടു കാര്യങ്ങൾ പറഞ്ഞു. പാലായിൽ ഞാൻ പോകുന്ന സമയത്തെല്ലാം കൊച്ചേട്ടനെ നേരിട്ട് കാണാറുണ്ടായിരുന്നു. 1976ലെ ഒരു പ്രഭാതം. ദിവസവും, മാസവും കൃത്യമായി ഓർക്കുന്നില്ല. സംവിധായകൻ ഐ.വി ശശി എന്നെ കാറിൽ കയറ്റി ഒരു സ്ഥലം വരെ നമുക്ക് പോകാം എന്നു പറയുന്നു. “എവിടെക്കാണ് ഈ കൊച്ചു വെളുപ്പാൻ കാലത്ത് …”ഞാൻ ചോദിച്ചപ്പോൾ ഒരു ചിരി മാത്രമായിരുന്നു ശശിയുടെ മറുപടി. നിർബ്ബന്ധിച്ചപ്പോൾ പറഞ്ഞു:
“നിനക്ക് ഒരു പടത്തിൻ്റെ അഡ്വാൻസ് വാങ്ങിച്ചു തരാനാ…”
കാർ നേരെ ചെന്നൈയിലെ പാംഗ്രോവ് ഹോട്ടലിന് മുന്നിലെത്തി. ഞങ്ങൾ 304 എന്ന റൂമിൻ്റെ മുന്നിലെത്തി. ബെല്ലടിച്ചപ്പോൾ ഏകദേശം 40-42 വയസ്സ് പ്രായം തോന്നിക്കുന്ന ശുഭ്ര വസ്ത്രധാരിയായ ഒരാൾ കതകു തുറന്ന് ചിരിച്ചു കൊണ്ട് ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. ചെറുപുഷ്പം കൊച്ചേട്ടൻ എന്നു വിളിക്കുന്ന ജോസഫ് കക്കാട്ടിലായിരുന്നു അത്.ഐ.വി ശശി എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തി.
തൻ്റെ ആദ്യ ചിത്രമായ ‘അനാവരണം’ പരാജയപ്പെട്ടതിനെ തുടർന്ന് കൊച്ചേട്ടൻ സിനിമാ നിർമ്മാണം വേണ്ടെന്ന് വെച്ചിരിക്കുകയായിന്നു അപ്പോൾ. പിന്നീട് സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ നിർബ്ബന്ധത്തിന് വഴങ്ങിയാണ് സിനിമാ നിർമ്മാണം പുനരാരംഭിക്കാമെന്ന് തീരുമാനിച്ചത്. ദേവരാജൻ മാസ്റ്റർ തന്നെയാണ് ഐ.വി ശശിയെ കൊണ്ട് പുതിയ സിനിമ സംവിധാനം ചെയ്യിക്കാൻ നിർദ്ദേശിച്ചതും.
ശശി അന്ന് നാലോ, അഞ്ചോ സിനിമകൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. അങ്ങിനെ ‘ആ നിമിഷം’ എന്ന പേരിൽ ഷെറീഫിൻ്റെ തിരക്കഥയിൽ മധുസാറും, ഷീലയും ചേർന്നഭിനയിച്ച ഈ ചിത്രം ഐ.വി ശശി സംവിധാനം ചെയ്യുകയും ഞാൻ അതിൻ്റെ പരസ്യകല നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് കൊച്ചേട്ടൻ നിർമ്മിച്ച ‘ഈറ്റ’, ‘വീട്’ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് പരസ്യകല നിർവ്വഹിച്ചതും ഞാനായിരുന്നു.
‘ഈറ്റ’ എന്ന ചിത്രത്തോടു കൂടി കമൽഹാസനും കൊച്ചേട്ടനും തമ്മിൽ നല്ല ബന്ധമായി.
കമൽഹാസൻ്റെ സ്വന്തം നിർമ്മാണ കമ്പനിയായ രാജ് കമൽ പ്രൊഡക്ഷൻസിൻ്റെ പുതിയ സിനിമകളുടെ വർക്ക് ആരംഭിക്കുമ്പോൾ കമൽ ഹാസൻ എന്നെ ചെന്നൈയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും വർക്കിൻ്റെ കാര്യങ്ങൾ എനിക്ക് വിശദീകരിച്ചു തരികയും പതിവായിരുന്നു. ഒരിക്കൽ കൊച്ചേട്ടനും എൻ്റെ കൂടെ ചെന്നൈയിലേക്ക് വന്നു. അന്ന് കമൽഹാസൻ പല തമാശകളും പറഞ്ഞു. ചായ സൽക്കാരവും നടത്തി. 79 വയസായി എന്ന് കൊച്ചേട്ടൻ പറഞ്ഞപ്പോൾ കമൽ പറഞ്ഞു:
” അങ്ങനെ പറയണ്ട…48 എന്നേ പറയാവൂ. വേണമെങ്കിൽ ഡൈ അടിക്കാൻ ഞാൻ ഏർപ്പാടു ചെയ്യാം”
രണ്ടു മാസം മുമ്പ് കൊച്ചേട്ടൻ എന്നോടു ഫോണിൽ പറഞ്ഞു:
”കോവിഡ് കാലമാണ്… കുര്യൻ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയണം…”
സ്നേഹസമ്പന്നനായ കൊച്ചേട്ടനു മുന്നിൽ ഞാൻ പ്രണാമം അർപ്പിക്കുന്നു.