NEWS

ഭിന്നശേഷിയുള്ളവരുടെ ജീവിതത്തിന് കൈവല്യ പദ്ധതി മുതല്‍ക്കൂട്ടാകും : ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

ഭിന്നശേഷിയുള്ളവരുടെ ജീവിതത്തിന് കൈവല്യ പദ്ധതി മുതല്‍ക്കൂട്ടാകുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പുമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍.സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള എംപ്ലോയ്‌മെന്റ് വകുപ്പും കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷനും സംയുക്തമായി നടപ്പാക്കുന്ന ‘കൈവല്യ”- സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയുടെ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭിന്നശേഷിക്കാരെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി സ്വയം തൊഴിലിന് അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. ഇത് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്കിട വരുത്തുമെന്നും മന്ത്രി പറഞ്ഞു.
അര്‍ഹതപ്പെട്ടവര്‍ക്ക് വേഗത്തില്‍ പണമെത്തിക്കുന്നതിനുള്ള നടപടികള്‍ എംപ്ലോയ്‌മെന്റ് വകുപ്പ് സ്വീകരിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ദേശിച്ചു. കൈവല്യ പദ്ധതിയില്‍ നിലവിലുള്ള 7449 അപേക്ഷകളും ഒറ്റത്തവണ വ്യവസ്ഥയില്‍ തീര്‍പ്പാക്കുകയാണ്. അപേക്ഷകര്‍ക്ക് സ്വയം തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി മൊത്തം 37.24 കോടിരൂപ വിതരണം ചെയ്യും. അര്‍ഹരായ അപേക്ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡിയോടെ അമ്പതിനായിരം രൂപ വരെ പലിശരഹിത വായ്പ നല്‍കും. പരമാവധി 25,000 രൂപയാണ് സബ്‌സിഡി. ഗുണഭോക്താവ് സബ്‌സിഡി കഴിച്ചുള്ള തുക 60 തുല്യതവണകളായി തിരിച്ചടച്ചാല്‍ മതി.
നിലവിലുള്ള അപേക്ഷകരില്‍ 2708 സ്ത്രീകളും, കാഴ്ച-ശ്രവണ-ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന 2177 പേരുമുണ്ട്. കൈവല്യ പദ്ധതിയനുസരിച്ച് ഇതിനകം 985 അപേക്ഷകര്‍ക്കായി 5.58 കോടി രൂപയാണ് വിതരണം ചെയ്തത്.

കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികള്‍ അതിജീവിക്കുന്നതിന് ഭിന്നശേഷിക്കാരായ അപേക്ഷകരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നിലവിലുള്ള എല്ലാ അപേക്ഷകളിലും തീര്‍പ്പ് കല്‍പ്പിച്ച് സ്വയം തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അവസരമൊരുക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുഖേനയാണ് തുക അനുവദിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രം തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രിയുടെ ചേംബറില്‍ മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, കെ.കെ.ശൈലജ ടീച്ചര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ഡോ.എസ്.ചിത്രയും കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ എം.ഡി കെ.മൊയ്തീന്‍ കുട്ടിയും ചേര്‍ന്ന് ഒപ്പുവച്ചിരുന്നു.
ധനസഹായം വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരള) വകുപ്പിന് അനുവദിക്കും. സബ്‌സിഡിതുകയും ഗുണഭോക്താവിന് അനുവദിക്കുന്ന വായ്പയും തിരികെ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയായാണ് ധാരണാപത്രം.
ഏഴായിരത്തഞ്ഞൂറോളം കുടുംബങ്ങളിലേക്ക് ഇതുവഴി ആശ്വാസമെത്തും. സമയബന്ധിതമായി ധനസഹായം വിതരണം ചെയ്യുന്നതിനും എത്രയും വേഗത്തില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും എംപ്ലോയ്‌മെന്റ് വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

ഉദ്ഘാടന ചടങ്ങില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും നാല് ഭിന്നശേഷി വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത ജി.അരുണ്‍കുമാര്‍, നിധിന്‍,ആര്‍.ബിന്ദു, എസ്.നിഷ എന്നിവര്‍ 50000 രൂപ വീതമുള്ള ചെക്ക് മന്ത്രിമാരില്‍ നിന്നും ഏറ്റുവാങ്ങി.
ചടങ്ങില്‍ കേരള സംസ്ഥാന വികലാംഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ പി.മോഹനന്‍ സന്നിഹിതനായിരുന്നു. എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ഡോ.എസ്.ചിത്ര സ്വാഗതം ആശംസിച്ചു. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ എം.ഡി കെ.മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എംപ്ലോയ്‌മെന്റ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.എ.ജോര്‍ജ്ജ് ഫ്രാന്‍സിസ് കൃതജ്ഞതയര്‍പ്പിച്ചു.ഡപ്യൂട്ടി ഡയറക്ടര്‍ ബി.മല്ലിക ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker