കാല്‍പ്പന്തിലെ മാന്ത്രികന് ഇന്ന് 60-ാം പിറന്നാള്‍
ദാരിദ്ര്യത്തിന്റെ പടുകുഴിയലില് നിന്നും കാല്‍പ്പന്തു തട്ടി ആ ചെറുപ്പക്കാരന് ഉയര്‍ന്നു പൊങ്ങിയത് സമ്പന്നതയുടെ വിശാലതയിലേക്കാണ്. ഓരോ തവണയും ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ അയാള്‍ ആരാധകരുടെ മനസിലേക്ക് സ്ഥിരപ്രതിഷ്ടം നേടുകയായിരുന്നു. ഫുഡ്ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ഇന്ന് 60-ാം പിറന്നാള്‍. ഒന്നുമില്ലായ്മയില്‍ നിന്നും ഫുഡ്ബോളിനോടുള്ള അതിയായ ആഗ്രഹവും കഷ്ടപ്പാടും കൊണ്ട് മറഡോണ നേടിയെടുത്ത വീരകഥ ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പെലെയ്ക്കൊപ്പം ഇന്ന് ഫുഡ്ബോള്‍ ലോകംെ ഒന്നാകെ വാഴ്ത്തിപ്പാടുന്ന വ്യക്തിയാണ് മറഡോണ.
ലോകം ഒരുവശത്ത് വാഴ്ത്തി പാടുമ്പോളും വിവാദങ്ങളുടെ പെരുമഴയില്‍ നനയുകയെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. 1986 ലെ ലോക കപ്പ് ഫുഡ്ബോളില്‍ മറഡോണ നേടിയ അവിസ്മരണീയ ഗോളാണ് ഇന്നുവരെ ഫുഡ്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളെന്ന് വാഴ്ത്തപ്പെടുന്നത്. സ്വന്തം ഹാഫില്‍ നിന്നാരംഭിച്ച ഒറ്റയാള്‍ പോരാട്ടം അവസാനിച്ചത് എതിര് ടീമിന്റെ ഗോള്‍ വല കുലുങ്ങിയതിന് ശേഷമാണ്. അതിനിടയില്‍ നാലോളം ഡിഫന്റര്‍മാരെയാണ് മറഡോണ മറികടന്നത്.
നൂറ്റാണ്ടിന്റെ താരത്തെ തിരഞ്ഞെടുക്കാനുള്ള ഫിഫയുടെ തീരുമാനം മറഡോണയുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. പെലെ, മറഡോണ എന്നീ രണ്ട് പേരുകള്‍ ഒരുപോലെ മുന്നിലെത്തിയതോടെ ഫിഫ പെലെയെ തിരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചു. പക്ഷേ ഫിഫയുടെ വെബ്സൈറ്റ് വോട്ടിംഗില്‍ പെലെയേക്കാള്‍ ഒരുപാട് മുന്നിലായിരുന്നു മറഡോണ എന്ന സത്യവും വിസ്മരിച്ചു കൂടാ.
കളിക്കളത്തില്‍ താരമായിരുന്നു മറഡോണ. ടീമിനെ കാത്തു രക്ഷിക്കുന്ന വിശ്വസ്തന്. കളിയിലെ പ്രകടനമികവ് കൊണ്ട് തന്നെ അദ്ദേഹത്തെ കാത്ത് ഒരുപാട് പുരസ്കാരങ്ങളും അംഗീകരങ്ങളും എത്തിയിരുന്നു. 1979 ല്‍ അര്‍ജന്റീന യൂത്ത് ലോകക്കപ്പ് ജേതാക്കളാവുമ്പോള്‍ ടിം ക്യാപ്റ്റന്‍ മറഡോണ ആയിരുന്നു. 1979 ലും 1980 ലും സൗത്ത് അമേരിക്കന്‍ പ്ലെയര്‍ ഓഫ് ദ് ഇയര്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1982 ല്‍ ലോക കപ്പില്‍ അരങ്ങേറ്റ കുറിച്ച മറഡോണയുടെ ഒറ്റയാള്‍ പോരാട്ടം തന്നെയാണ് 1986 ല്‍ ടീമിനെ ലോകകിരീടത്തില്‍ മുത്തം വെപ്പിച്ചതിന്റെ പ്രധാനഘടകം. ആ വര്‍ഷത്തെ ഫിഫയുടെ ഗോള്‍ഡന്‍ ബോള്‍ പുരസ്കാരവും അദ്ദേഹം നേടി.
1994 ല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് അദ്ദേഹം പിടിക്കപ്പെട്ടത് വലിയ വാര്‍ത്തയായി. പിന്നീട് പലകുറി വിവാദങ്ങളില്‍ താരം വന്നു പോയി. എങ്കിലും കളിക്കളത്തില്‍ അദ്ദേഹം നല്കിയ സംഭാവനകളുടെ പേരില്‍ ചരിത്രത്തിലെന്നും ഒരു സ്ഥാനം ആരാധകര്‍ മറഡോണയ്ക്ക നല്‍കിയിട്ടുണ്ട്.