ആപ്പ് തന്നെ കേന്ദ്രത്തിന് എതിരെ ആപ്പ് വെക്കുന്നു

കോവിഡ് പോരാട്ടം ഇന്ത്യയില്‍ മുറുകിയപ്പോള്‍ നിരവധി തവണ ഉയര്‍ന്നു കേട്ട് വാക്കാണ് ആരോഗ്യസേതു ആപ്പ് എന്നത്. കോവിഡ് പോരാട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ആയുധവും തുറുപ്പ് ചീട്ടും ആരോഗ്യ സേതു ആപ്പായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതേ ആപ്പ് നിര്‍മ്മിച്ചതാരാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനാവാതെ അധികാരികള്‍ തന്നെ വട്ടം കറങ്ങുകയാണ്.

സാമൂഹ്യ പ്രവര്‍ത്തകനായ സൗരവ് ദാസ് വിവരാവകാശ നിയമപ്രകാരമാണ് ആരോഗ്യ സേതു ആപ്പിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ആപ്പ് നിര്‍മ്മിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍, ആപ്പ് നിര്‍മ്മിച്ച കമ്പിനിയുടെ പേര്, ആപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍, ആപ്പ് നിര്‍മ്മിച്ചവരുമായി നടത്തിയിട്ടുള്ള ആശയവിനിമയത്തിന്റെ പകര്‍പ്പുകള്‍ എന്നിവയൊക്കെയാണ് സൗരവ് ദാസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു ചോദ്യത്തിനും വ്യകതമായ മറുപടി ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ആരോഗ്യ സേതു ആപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതിന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് വിശദീകരണം തേടി നോട്ടീസ് അയച്ചിട്ടുണ്ട്.

വിവരാവകാശ നിയമപ്രകാരം സൗരവ് ദാസ് ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒഴിഞ്ഞു മാറുന്ന തരത്തിലുള്ള മറുപടിയാണ് ലഭിക്കുന്നതെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ സേതു ആപ്പിന്റെ നിര്‍മ്മാണം സംബന്ധിച്ച് ഒരു രേഖയും ലഭ്യമല്ലെന്ന് വിവരാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ചീഫ് പബ്ലിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും നാഷണല്‍ ഇ-ഗവേണ്‍സ് ഡിവിഷനും ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടിസും അയച്ചിട്ടുണ്ട്.

ആരോഗ്യസേതു വെബ്്‌സൈറ്റില്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവുമാണ് ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചതെന്നാണ് കൊടുത്തിരിക്കുന്നത്. എന്നാല്‍ ആപ്പ് നിര്‍മ്മിച്ചത് ആരാണെന്ന് തങ്ങള്‍ക്കറിയില്ലാ എന്നാണ് വിവരാവകാശ ചോദ്യത്തിന് മറുപടിയായി ഇരുകൂട്ടരും പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *