NEWS

ബിഹാറിലെ തെരഞ്ഞെടുപ്പിലെ നിർണായക ഘടകം ഈ ഇടതുപാർട്ടി ?

ല തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും കാണാതെ പോകുന്ന പലതാകും പലപ്പോഴും തെരഞ്ഞെടുപ്പിനെ നിർണയിക്കുക .അങ്ങിനെയുള്ള ചില അടിസ്ഥാന ഘടകങ്ങൾ ബീഹാർ തെരഞ്ഞെടുപ്പിലും കാണാം .

ബിഹാറിലെ പ്രതിപക്ഷ -ഭരണപക്ഷ പാർട്ടികളിൽ ഭൂരിഭാഗവും ജാതിരാഷ്ട്രീയത്തെ കുറിച്ചാണ് കണക്കുകൂട്ടൽ നടത്തുന്നത് .നിതീഷ് കുമാറിന്റെ പിന്തുണ ഇത്തരത്തിൽ ആണ് ബിജെപിയെ ആഹ്ളാദിപ്പിക്കുന്നത് .ആർ ജെ ഡിയ്ക്ക് ലഭിക്കാത്ത 15 % ജാതി വോട്ടോഹരി ആണ് നിതീഷിന്റെ കരുത്ത് .ചിരാഗ് പാസ്വാൻ വോട്ടുകൾ കൊണ്ടുപോയാലും ഈ നിർണായക വോട്ടോഹരി ഭരണമുന്നണിയ്ക്ക് തുടര്ഭരണം നൽകുമെന്ന് ബിജെപി കരുതുന്നു .

എന്നാൽ ബിജെപിയുടെ ഈ കണക്ക് കൂട്ടൽ തെറ്റിക്കുന്നതാണ് മഹാസഖ്യത്തിൽ ഇടതുപക്ഷം കൂടി പങ്കാളിയായ സംഭവം .മറ്റ് ഇടതുപക്ഷ പാർട്ടികളുമായി നേരത്തെ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിൽ സഖ്യം ഉണ്ടായിരുന്നു .എന്നാൽ ബിഹാറിൽ സിപിഐഎംഎൽ എന്ന പാർട്ടിയുമായി ആർജെഡിയുടെ സഖ്യം ഇത് ആദ്യമാണ് .

നക്സൽ പ്രസ്ഥാനത്തിന്റെ നല്ലഗുണങ്ങൾ ബിഹാറിൽ കിട്ടിയ പാർട്ടിയാണ് സിപിഐഎംഎൽ .മണ്ഡൽ കാലത്ത് പോലും ജാതി രാഷ്ട്രീയത്തിലേക്ക് വീണുപോകാതെ ആ ധാരയെ രക്ഷിച്ചത് ഈ പാരമ്പര്യമാണ് .സിപിഐഎം എല്ലിനെ ആർജെഡി എത്ര വിലമതിക്കുന്നു എന്നതിന്റെ തെളിവാണ് സ്വന്തം ക്വാട്ടയിൽ നിന്ന് പോലും ആ പാർട്ടിയ്ക്ക് ആർജെഡി സീറ്റ് നല്കാൻ തയ്യാറായി എന്നത് .

സിരദൈ എന്ന മണ്ഡലം ആർജെഡി സിപിഐഎംഎല്ലിന് നൽകിയത് നിരീക്ഷിച്ചാൽ ഇക്കാര്യം വ്യക്തമാകും .1997 ൽ സിപിഐഎംഎൽ തീപ്പൊരി നേതാവ് ചന്ദ്രശേഖറിനെ കൊന്ന അധോലോക നേതാവ് മുഹമ്മദ് ശഹാബുദീന്റെ മണ്ഡലം ആണ് സിരദൈ.ഇവിടെ ഇത്തവണ മത്സരിക്കുന്നത് സിപിഐഎംഎല്ലിന്റെ മറ്റൊരു തീപ്പൊരി നേതാവ് അമർജിത് ഖുശ്‌വാഹയാണ് .സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് നിരവധിതവണ ജയിൽവാസം അനുഭവിച്ചയാളാണ് അമർജിത് ഖുശ്‌വാഹ.

ജെഡിയു സ്ഥാനാർഥി രമേശ് ഖുശ്‌വാഹയാണ് എതിർസ്ഥാനാർഥി .രമേശും സിപിഐഎംഎല്ലിൽ ആയിരുന്നു .എന്നാൽ ചന്ദ്രശേഖറിനെ വധിച്ച കേസിൽ മുഹമ്മദ് ശഹാബുദീന് അനുകൂലമായി മൊഴി നൽകിയതിന്റെ പേരിൽ ഇയാളെ പാർട്ടി പുറത്താക്കി .പിന്നാലെ ആർജെഡിയിൽ എത്തിയ ഇയാൾ പിന്നീട് ജെഡിയുവിന് ചേക്കേറുകയായിരുന്നു .ആർജെഡിയുടെ പിന്തുണയോടെ അമർജിതിനെ കഴിഞ്ഞ തവണ 5000 വോട്ടിനാണ് രമേശ് തോൽപ്പിച്ചത് .ഇത്തവണ ആർജെഡി അമർജിതിനെ ആണ് പിന്തുണയ്ക്കുന്നത് .

സിരദൈ മാതൃക 19 സീറ്റുകളിൽ ആണ് ആവർത്തിക്കപ്പെടുന്നത് .ഇതിന്റെ അനുരണനങ്ങൾ സംസ്ഥാനം മുഴുവൻ ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത് .ബിഹാറിലെ മണ്ഡൽ രാഷ്ട്രീയത്തിന്റെ അവസാനമാകുമോ ഇത്തവണത്തെ ആർജെഡി -സിപിഐഎംഎൽ സഖ്യം എന്നാണ് ഏവരും ഉറ്റുനോക്കുന്നത് .

തെരഞ്ഞെടുപ്പ് രംഗം സൂക്ഷ്മതയോടെ നോക്കിയാൽ നിലവിൽ തെരഞ്ഞെടുപ്പ് രംഗത്തുള്ളവരിൽ നിതീഷ്‌കുമാർ മാത്രമാണ് മണ്ഡൽ രാഷ്ട്രീയത്തിന്റെ നേട്ടം ഉൾക്കൊള്ളുന്നയാൾ എന്ന് മനസിലാവും .എന്നാൽ മണ്ഡൽ രാഷ്ട്രീയ കാലത്തിനു ശേഷം സംസ്ഥാനത്തുണ്ടായ പലതിനെയും നിതീഷിന് അഭിസംബോധന ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് ആരോപണം .തൊഴിലില്ലായ്മ പോലെ ഗ്രാമീണ മേഖലയെ ഗ്രസിച്ചിരിക്കുന്ന മാരക പ്രശ്നങ്ങൾക്ക് ഭരണാധികാരി എന്ന നിലയ്ക്ക് നിതീഷിന്റെ പക്കൽ പ്രതിവിധിയില്ല .

നിതീഷിനെ പോലെ മണ്ഡലിൽ ലാഭം കൊയ്ത ലാലു പ്രസാദ് യാദവ് ജയിലിൽ ആണ് .റാം വിലാസ് പാസ്വാൻ മരിച്ചും പോയി .മക്കളായ തേജസ്വിയും ചിരാഗും പുതിയ പ്രശ്നങ്ങൾക്കാണ് ഊന്നൽ നൽകുന്നത് .സ്വത്വ രാഷ്ട്രീയത്തെക്കാൾ രാഷ്ട്രീയ പാർട്ടികൾ ബിഹാറിൽ ഇപ്പോൾ ഊന്നുന്നത് ജനക്ഷേമ രാഷ്ട്രീയത്തിലാണ് .കോവിഡ് വാക്സിൻ സൗജന്യമായി നൽകാമെന്ന ബിജെപി വാഗ്ദാനം പോലും ഇതിനു തെളിവാണ് .

മൂന്ന് പതിറ്റാണ്ടു മുമ്പാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയത് .വോട്ടർമാരിൽ പകുതിയിൽ കൂടുതൽ ആ കാലത്തെ അറിയാത്തവർ ആണ് .അതുപോലെ ലാലുവിന്റെ കാട്ടു ഭരണവും ഒന്നര പതിറ്റാണ്ടു മുമ്പുള്ള ആരോപണമാണ് .പുതുതായി വോട്ടു ചെയ്യാൻ പോകുന്നവർക്ക് അന്ന് 3 വയസാണ് .ഒന്നര പതിറ്റാണ്ടായി ബീഹാർ ഭരിക്കുന്നത് നിതീഷാണ് .

എമ്മും വൈയ്യും ആണ് ആർജെഡി സ്ഥാനാർത്ഥികൾ എന്നായിരുന്നു നിതീഷിന്റെ ആരോപണം .അതായത് മുസ്ലീമും യാദവരും എന്നർത്ഥം .എന്നാൽ ഇത്തവണ തേജസ്വിയുടെ പട്ടിക കണ്ടാൽ എ മൂതൽ സെഡ് വരെയുണ്ട് എന്ന് വ്യക്തമാവും ഇതാണ് നിതീഷിനെയും ബിജെപിയെയും പേടിപ്പിക്കുന്നത് .ജനങ്ങളുടെ കൂടെയാണ് മഹാസഖ്യം എന്നൊരു ഫീൽ നല്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട് .എന്നാൽ അത് എത്രത്തോളം വോട്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത് .

Back to top button
error: