ബാലഭാസ്‌കര്‍ കേസില്‍ ഗായകന്‍ ഇഷാന്‍ദേവ് അടക്കമുളളവരുടെ മൊഴിയെടുത്തു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍
സി.ബി.ഐ. സംഘം ഗായകന്‍ ഇഷാന്‍ദേവ് അടക്കമുള്ളവരില്‍നിന്നു മൊഴിയെടുത്തു.
ബാലഭാസ്‌കറിന്റെ സംഗീതട്രൂപ്പായ ബിഗ് ബാന്‍ഡിലെ അംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. ബാലഭാസ്‌കര്‍ സ്വദേശത്തും വിദേശത്തുമായി നടത്തിയ സംഗീത പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിച്ചത്. തിരുവനന്തപുരം സി.ബി.ഐ. ഓഫീസിലേക്കാണ് ഇവരെ വിളിപ്പിച്ചത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പങ്കുണ്ടോ എന്നാണ് സി.ബി.ഐ. അന്വേഷിക്കുന്നത്. വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും ബാലഭാസ്‌കറിന്റെ മുന്‍ മാനേജര്‍മാരായിരുന്നു.
വിദേശയാത്രകളും സാമ്പത്തിക ഇടപാടുകളും സിബിഐ അന്വേഷിക്കുന്നുണ്ട്.
ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി നല്‍കിയ പരാതിയില്‍ ആണ് സി ബി ഐ അന്വേഷണം ആരംഭിച്ചത് . തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല .ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അപകടമരണമായി എഴുതിത്തള്ളിയ കേസ് ആണ് സിബിഐ ഏറ്റെടുത്തത് .
ബാലഭാസ്‌കറിന്റെ കൂടെ ഉള്ള ആളുകളില്‍ ചിലര്‍ സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയതോടെയാണ് അപകടത്തിലും സംശയമേറിയത് .പിന്നാലെ സ്വര്‍ണക്കടത്ത് കേസിലെ ചിലര്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്നു ആരോപിച്ച് കുടുംബവും രംഗത്ത് വന്നു .
2018 സെപ്തംബര്‍ 25 നു പുലര്‍ച്ചെ ആണ് അപകടം ഉണ്ടായത് .തൃശ്ശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കഴക്കൂട്ടത്ത് വച്ച് ബാലഭാസ്‌കര്‍ സന്ദര്‍ശിച്ച വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു .ബാലഭാസ്‌കറും കുഞ്ഞും അപകടത്തില്‍ മരിച്ചു .ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു .അപകടത്തില്‍ ദുരൂഹത ഉണ്ടോ എന്നാണ് സി ബി ഐ അന്വേഷിക്കുന്നത് .