NEWS

ഹത്രാസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍

ലക്നോ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായി. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയാണ് സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായ വിവരം അറിയിച്ചത്.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഏഴ് ദിവസം മാത്രമാണ് സൂക്ഷിക്കുന്നതെന്നും അധികൃതര്‍ സിബിഐയെ അറിയിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് സിബിഐ ആശുപത്രി അധികൃതരെ സമീപിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 14നാണ് കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായ പെണ്‍കുട്ടിയെ ഹഥ്റാസിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘം, ഈ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിനായി എത്തിയിരുന്നു. അപ്പോഴാണ് സെപ്റ്റംബര്‍ 14 മുതലുള്ള ദൃശ്യങ്ങളുടെ ബാക്ക് അപ്പ് കൈവശമില്ലെന്ന കാര്യം അധികൃതര്‍ അന്വേഷണസംഘത്തെ അറിയിച്ചത്. ആ സമയത്ത് ജില്ലാ ഭരണകൂടവും പോലീസും ഞങ്ങളോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ല. ഇപ്പോള്‍, ഒരുമാസത്തിനു ശേഷം ഞങ്ങള്‍ക്ക് അത് നല്‍കാന്‍ സാധിക്കില്ല- ആശുപത്രിയുടെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് വീര്‍ സിങ് പറഞ്ഞു. ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കില്‍ അപ്രകാരം ചെയ്തേനെ എന്നും വീര്‍ സിങ് കൂട്ടിച്ചേര്‍ത്തു. ഏഴുദിവസം കൂടുമ്പോള്‍ പഴയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു കളയുമെന്നും പുതിയവ റെക്കോഡ് ചെയ്യുമെന്നും ചീഫ് മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി.

അതേസമയം, ഹത്രാസ് കൊലപാതക കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് മൂന്ന് തട്ടുകളിലായുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും, ഇന്നലെ നല്‍കിയ സത്യവാങ്മൂലത്തില്‍ യുപി സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Back to top button
error: