NEWS

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനു ജാമ്യം

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനു ജാമ്യം. മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ വാഹനമിടിച്ചു മരിച്ച കേസിലാണ് ജാമ്യം ലഭിച്ചത്.

രണ്ടു തവണ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്ന് ശ്രീറാമിനു കോടതി അന്ത്യശാസനം നല്‍കിയിരുന്നു. മൂന്നാം തവണ നോട്ടിസ് നല്‍കിയതിനു പിന്നാലെയാണ് ശ്രീറാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്. കേസ് 27നു വീണ്ടും പരിഗണിക്കും.

Signature-ad

രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസും കോടതിയില്‍ ഹാജരായി. വഫ നേരത്തെ 50,000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിന്മേലും ജാമ്യമെടുത്തിരുന്നു.

കെ.എം.ബഷീറിനെ വാഹനമിടിക്കുമ്പോള്‍ വഫയും കാറിലുണ്ടായിരുന്നു. ഇടിച്ച വാഹനം വഫയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.

2019 ആഗസ്റ്റ് 3 നാണ് ശ്രീറാം ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരണപ്പെടുന്നത്. വാഹനാപകടത്തില്‍ മരണപ്പെട്ട കെ.എം.ബഷീര്‍ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. അമിത വേഗതയിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.

2020 ഫെബ്രുവരി 3 ന് അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് കോടതി കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ നല്‍കുകയും കേസ് വിചാരണയ്ക്കായി സെഷന്‍ കോടതിയിലേക്ക് മാറ്റുന്നതിനായി പ്രതികളോട് നേരിട്ട് കോടതിയില്‍ ഹാജരാകാനും അറിയിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിനോടാണ് ഒന്നും രണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി അറിയിച്ചത്.

കുറ്റപ്പത്രവും സാക്ഷി മൊഴികളും, മെഡിക്കല്‍ റിപ്പോര്‍ട്ടും, ഫോറന്‍സിക് റിപ്പോര്‍ട്ടും പരിശോധിച്ച കോടതി നരഹത്യ കുറ്റം ശ്രീറാമിനെതിരെ നിലനില്‍ക്കുന്നുവെന്ന് നിരീക്ഷിച്ചു. പത്ത് വര്‍ഷം തടവും പിഴയും ലഭിക്കുന്ന കുറ്റമായതിനാലാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.

Back to top button
error: