കോവിഡിനെതിരെയുള്ള വലിയ പോരാട്ടത്തിൽ ആണ് ആരോഗ്യപ്രവർത്തകർ .ആരോഗ്യപ്രവർത്തകരുടെ ദിവസങ്ങളെ കുറിച്ചും ബന്ധപ്പെടുന്ന ആളുകളെ കുറിച്ചുമുള്ള പോസ്റ്റ് ഫേസ്ബുക്കിലൂടെ പങ്കി വെച്ചിരിക്കുകയാണ് ഡോ .അശ്വതി സോമൻ
ഡോ അശ്വതി സോമന്റെ ഫേസ്ബുക്ക് പോസ്റ്റ് –
ഒരു കോവിഡ് വാരിയർ ഡയറിക്കുറിപ്പ്
സമയം പുലർച്ചെ മൂന്നു മണി . മൊബൈൽ റിംഗ് ചെയ്യുന്നു. പഞ്ചായത്തിൽ നിലവിൽ പോസിറ്റീവ് ആയും ഹൈറിസ്ക് കോണ്ടാക്റ്റ് ആയും ക്വാറന്റൈനിൽ ഇരിക്കുന്നവരുടെ എണ്ണം മൂന്നക്കം കടന്നു മുന്നോട്ടുള്ള കുതിപ്പിലാണ്.ജാഗ്രത കൈവിട്ടുകൂടാ. മൊബൈൽ ഫോണ് തലയ്ക്കരികിൽ വച്ചാണ് കിടപ്പ്.അസമയത്തുള്ള ഫോണ് വിളി… അപകടസൂചന…. കേട്ട്യോനെയും കുട്ടികളെയും ഉണർത്താതെ പെട്ടെന്ന്
ഫോണ് എടുത്തു.
‘”ഹലോ ഡോക്ടർ അല്ലെ.. ഞാൻ എട്ടാം വാർഡിൽനിന്നും … ക്വാറന്റൈനിൽ ഇരിക്കുന്ന…. ന്റെ അനിയൻ. ഏട്ടനിപ്പോ പെട്ടെന്ന് ഉറക്കിൽ നിന്നെണീറ്റപ്പോ തല കറങ്ങുന്നു.ശ്വാസം നേരെ എടുക്കാൻ പറ്റുന്നില്ല.നെഞ്ച് വേദന പോലെ…. ”
അപ്പുറത്ത് പരിഭ്രാന്തി നിറഞ്ഞ വാക്കുകൾ കേട്ടതോടെ
..ഉറക്കം വിട്ടൊഴിഞ്ഞു… ഡോക്ടർ ക്കും ശ്വാസം നേരെ വീഴാത്തത് പോലൊരു തോന്നൽ… തലകറങ്ങുന്നോ..?. എങ്കിലും ആത്‍മധൈര്യം കൈവിടരുതല്ലോ..
“പേടിക്കേണ്ട… രാത്രി വരെ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ലല്ലോ.നേരത്തെ അസുഖം ഒന്നും ഉള്ള ആളല്ലല്ലോ… ആശുപത്രിയിൽ പോകാൻ വണ്ടി ഉണ്ടോ?എത്രയും പെട്ടെന്ന് റെഡി ആകൂ… ജില്ലാ ആശുപത്രിയിൽ എത്തണം… ഞാൻ അങ്ങോട്ട് വിളിച്ചു പറഞ്ഞോളാം..”
വീണ്ടും ഫോണുകൾ .”ഹലോ… പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറാണ്. അത്യാവശ്യമായി ആംബുലൻസ് വേണം… ” കണ്ട്രോൾ റൂമിലേക്ക് ആംബുലൻസ് ഡ്രൈവർക്ക്…. രോഗിയുടെ വീട്ടിലേക്ക്….കാഷ്വാലിറ്റി യിലേക്ക്…..
മണിക്കൂറുകൾക്ക് ശേഷം ആൾക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നും ഇല്ല എന്ന ആശ്വാസ വാർത്ത കിട്ടി ശ്വാസം നേരെ വീണപ്പോഴേക്കും ദിവാകരന്റെ പൊന്കിരണങ്ങൾ അങ്ങു കിഴക്കൻ ചക്രവാളത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു…
ഒരു ഡ്യൂട്ടി രജിസ്റ്ററിലും രേഖപ്പെടുത്തപെടാതെ പോകുന്ന, ഒരു ഓഫിനും അർഹതയില്ലാത്ത നൈറ്റ്ഡ്യൂട്ടിക്ക് ശേഷം വീണ്ടും ഗോദയിലേക്ക്…
ഒപി….പനി തലവേദന…. ജലദോഷം… മണം കിട്ടുന്നില്ല….. നൂറ് കടന്നു പനിക്കാരുടെ എണ്ണം.. കൂട്ടത്തിൽ പോസിറ്റീവ് ഉണ്ടാകുമെന്നുറപ്പ്.കഴിഞ്ഞ ആഴ്ചയിൽ വന്ന ഇത്തരം അഞ്ചു പേരെ പരീക്ഷണാടിസ്ഥാത്തിൽ ടെസ്റ്റിന് വിട്ടപ്പോൾ അഞ്ചുപേരും പോസിറ്റീവ്.N95 ഉം ഫേസ് ഷീൽഡും സാമൂഹിക അകലവും…. ഉള്ള PPE യിൽ വിശ്വാസമർപ്പിച്ച് ജോലി തുടരുന്നു. ഒരുമണിക്ക് ഓഫീസിൽ… കണക്കു നോക്കലുകളും ഒപ്പുവയ്ക്കലുകളും കഴിഞ്ഞു.. രണ്ടു മണി .എഴുതപ്പെട്ട ഡ്യൂട്ടി സമയം അവസാനിക്കുന്നു.എഴുന്നേൽക്കാൻ നേരം അന്ന് വന്ന ഈ മെയിലുകൾ ഒന്നു നോക്കി.
“എമർജൻസി വെരി അർജന്റ്… ”
സൂം റിവ്യൂ മീറ്റിംഗ് രണ്ടുമണിക്ക്. അതത് സ്ഥാപനത്തിൽ തന്നെ ടീം ആയി ഇരുന്നു അറ്റൻഡ് ചെയ്യണം. സ്ഥാപന മേധാവി നിർബന്ധമായും പങ്കെടുക്കണം .
“മാഡം ഭക്ഷണം വരുത്തിക്കട്ടെ ഇവിടെ ഇരുന്നു കഴിക്കാല്ലോ…” സഹതാപം തോന്നിയ സഹപ്രവർത്തകർ ഓഫർ ചെയ്തു…
ഒ പിയിൽ ഇരുന്നു രോഗികളെ കണ്ടതല്ലേ … കുളിച്ചു വസ്ത്രം മാറാതെ ഭക്ഷണം കഴിക്കാൻ തോന്നാത്തതിനാൽ എരിയുന്ന വയറുമായി സൂമിലേക്ക്…
നാലു മണിക്ക് വീട്ടിലെത്തി തണുത്ത ചോറ് വാരിത്തിന്നുമ്പോഴാണ് ഓർത്തത്… ഇതിപ്പോ ഇന്നലെയും ഇങ്ങനെ ആയിരുന്നല്ലോ…
ടെസ്റ്റിംഗ് സെന്ററിൽ സ്വാബ് കളക്ഷൻ ഡ്യുട്ടിയായിരുന്നു….ടെസ്റ്റിന് വരുന്നവരുടെ ഡീറ്റൈൽസ് അപ്‌ലോഡ് ചെയ്യാനുള്ള പോർട്ടലിൽ റിസൾട്ട് അറിയാനുള്ളവർ കൂട്ടത്തോടെ തള്ളിക്കയറിയതിനാൽ സൈറ്റ് ഹാങ് ആയി പോലും.. വിചാരിച്ചതിലും രണ്ടു മണിക്കൂർ അധികം PPE ക്കുള്ളിൽ കഴിച്ചു കൂട്ടേണ്ടി വന്നു. .ഇനിയിപ്പോ നാളെ ഫസ്റ്റ് ലൈൻ ട്രീട്മെന്റ് സെന്റർന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ മിനുട്ട്സ് ബുക്കുമായി ഒന്നു പഞ്ചായത്തിലെത്താൻ പ്രസിഡന്റ് വിളിച്ചിട്ടുണ്ട്….”ഡോക്ടർ ഇറങ്ങുമ്പോൾ ഇവിടൊന്ന് കയറിയാൽ മതി… ”
കഴിഞ്ഞ തവണത്തെ ചർച്ചകളുടെ അവസ്‌ഥ ഓർത്തപ്പോൾ ഇനി നാളെ ഊണ് കഴിക്കുന്ന നേരം ഗണിച്ചെടുക്കാൻ ഒരു പ്രയാസവും വന്നില്ല.
സായാഹ്‌ത്തിൽ ചൂലും മോപ്പും കൈയിലെടുക്കും മുൻപ് ആലോചിച്ചു.. “ചേച്ചിയെ ഒന്നു കൂടെ വിളിച്ചു നോക്കണോ?”
കഴിഞ്ഞ തവണ വിളിച്ചപ്പോൾ തീർത്തു പറഞ്ഞതാണ്.”കുറച്ചു ദിവസത്തേക്ക് ഇനി വരാനൊക്കില്ല മാഡം ,അമ്മയ്ക്ക് സുഖമില്ല… പിന്നെ ബസില്ലാത്തതൊണ്ട് വണ്ടി പിടിച്ചു വരണ്ടെ…”
“ഇത്തവണ ശമ്പളം അതിനനുസരിച്ച കൂട്ടി തരാന്ന് ഞാൻ പറഞ്ഞില്ലേ ചേച്ചീ…”
“അത്…പിന്നെ ഡോക്ടറുടെ വീട്ടിലെ ജോലിക്കാരിയാകുമ്പോ വണ്ടിക്കാരും മടിക്കും… ”
റിസ്ക് അലവൻസിലും ഇൻസെന്റിവിലും ഒന്നും ചേച്ചി വീഴുന്നില്ല.
“പിന്നെ ഇവിടുത്തെ അയലോക്കം ഒക്കെ അറിയാലോ….” അർദ്ധോക്തിയിൽ ചേച്ചി നിത്തുന്നു…
“ഉം.. ”
തൊട്ടു തൊട്ടു കിടക്കുന്ന പത്തറുപത് വീടുകളാണ്.. നമ്മളായിട്ട് അസുഖത്തിന്റെ മാലപ്പടക്കത്തിന് തിരി കൊളുത്തേണ്ട.
.”ശരി ലെറ്റ് അസ് ബ്രേക്ക് ദ ചെയിൻ” ആത്മഗതം ഉരുവിട്ട് മോപ്പും ചൂലും ക്ലീനിംഗ് ബ്രഷും കൈയിലെടുത്തു ചങ്ങല പൊട്ടിക്കാനിറങ്ങി…
ഇനിയുമുണ്ട് വിശേഷങ്ങൾ മക്കളുടെ ഓൺലൈൻ ക്ലാസ് അപാരതകളും ഒരു ദിവസം അറ്റൻഡ് ചെയ്യേണ്ട നൂറു കണക്കിന് ഫോൺ വിളികളും അവയ്ക്ക് അപ്പുറത്ത് അഴിച്ചെടുക്കേണ്ട അനേകം കുരുക്കുകളും..
വീട്ടിലുള്ള പ്രായമായവരെ കുറിച്ചോർക്കുമ്പോൾ നട്ടെല്ലിലൂടെ അരിച്ചു കയറുന്ന ഭയവും ഒക്കെയായി ..അങ്ങനെയങ്ങനെ അങ്ങനെ…. കോവിഡ് ദിനങ്ങളിലൂടെ നമ്മൾ മുന്നോട്ട് പോകുന്നു.ക്ളീനിംഗ് സ്റ്റാഫ് മുതൽ വകുപ്പ് മേധാവികൾ വരെ എല്ലാവരും തങ്ങളുടെ കർമ്മ രംഗത്ത് അളവില്ലാത്ത പ്രയാസങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.ആവശ്യമുള്ള ഇടങ്ങളിൽ കൂടുതൽ സ്റ്റാഫിനെ പോസ്റ്റ് ചെയ്തുകൊണ്ട് ഒരു പരിധി വരെ ഈ അവസ്ഥ ലഘൂകരിക്കാൻ സാധിക്കുമോ എന്ന ചർച്ച നടക്കേണ്ട തുണ്ട്. *ഡോക്ടർ മാരെയും പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകരെയും ആവശ്യത്തിന് കിട്ടാത്ത സാഹചര്യം ഇവിടെയുണ്ടൊ? ഡാറ്റ എൻട്രിക്കും കാൾ സെന്റർ ഡ്യൂട്ടിക്കും ഒന്നും യോഗ്യരായവരെ കിട്ടാൻ നിലവിൽ യാതൊരു ക്ഷാമവും ഇല്ലാത്ത നമ്മുടെ നാട്ടിൽ അവർക്ക് ജോലി ചെയാവുന്ന ഇടങ്ങളിൽ അവരെ ഫലപ്രദമായി വിനിയോഗിച്ചു കൊണ്ട് ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം ലഘൂകരിക്കാൻ നമുക്ക് കഴിയില്ലേ?*
കേസുകൾ കുത്തനെ കുതിച്ചുയരുകയും ആരോഗ്യ പ്രവർത്തകർ പലരും അസുഖ ബാധിതരാകുകയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയ സാധ്യതകൾ ഉയർന്നു വരേണ്ടതുണ്ട്.
അമിത ജോലിഭാരവും ആകുലതകളും കേവലം കേരളത്തിലെ ഒരു കൂട്ടം ആരോഗ്യ പ്രവർത്തകരുടെ മാത്രം അവസ്‌ഥയല്ലെന്നറിയാം. *എങ്കിലും ലോകത്തിന്റെ പല കോണുകളിൽ ഉള്ളവരും അവർക്ക് അംഗീകാരങ്ങളും, ഇൻഷുറൻസ് പരിരക്ഷയും പ്രത്യേക സാമ്പത്തിക പാക്കേജും മറ്റും നൽകി സമാശ്വസിപ്പിക്കുമ്പോൾ* നാം ഇവിടെ അവർക്ക് സാധാരണ ഗതിയിൽ നൽകുന്ന വേതനം പോലും പിടിച്ചു വയ്ക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നു…. കേരളമെന്ന് പേർ കേട്ടാൽ…. ഇനി എന്തുചെയ്യണം?
ഒരു കോവിഡ് വാരിയർ
#ആരോഗ്യപ്രവർത്തകർക്കൊപ്പം
*Dr വിജയകൃഷ്ണൻ.G.S*
സംസ്ഥാന സെക്രട്ടറി
@KGMOA
https://www.facebook.com/ASHWATHI.SOMAN/posts/3278743635508691