NEWS

പി ആർ റിപ്പോർട്ടിങിന് ഒരു അവസരം തരുമോ എന്ന് മുരളിയേട്ടനോട് ചോദിച്ചത് ഞാനാണ് ,സമാപന ദിവസം വന്നോളാൻ മുരളിയേട്ടനും പറഞ്ഞു ,സ്വന്തം ചെലവിലായിരുന്നു ഫ്‌ളൈറ്റ് യാത്ര ,വിവാദങ്ങളിൽ സ്മിത മേനോന്റെ വിശദീകരണം

കേന്ദ്രമന്ത്രി വി മുരളീധരനുമായി ബന്ധപ്പെട്ട ആരോപണത്തിൽ വിശദീകരണവുമായി സ്മിതാ മേനോൻ .ഫേസ്ബുക് പോസ്റ്റിലാണ് സ്മിത മേനോന്റെ വിശദീകരണം

Signature-ad

സ്മിതാ മേനോന്റെ ഫേസ്ബുക് പോസ്റ്റ് –

കേന്ദ്രമന്ത്രി ശ്രീ വി. മുരളീധരൻ പങ്കെടുത്ത ഒരു അന്താരാഷ്ട്ര കോൺഫ്രൻസിൽ എന്നെ കണ്ടതിന് ഫേസ്ബുക്ക് പ്രോഫൈലിൽ നിന്ന് ചില പഴയ ഫോട്ടോകൾ തപ്പിയെടുത്ത് പല തരം കഥകളുണ്ടാക്കി കുറച്ചു നാളായി ചിലർ പ്രചരിപ്പിക്കുന്നുണ്ട്.

ആ ഫോട്ടോകളുടെ സത്യാവസ്ഥ മാധ്യമ പ്രവർത്തകർക്ക്, പ്രത്യേകിച്ചും എന്നെ അറിയുന്ന കേരളത്തിലെ മാധ്യമ പ്രവർത്തകർക്കെല്ലാം നന്നായി അറിയാം. അതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്.
എന്നെ നേരിട്ട് അറിയാത്ത മാധ്യമ പ്രവർത്തകർ ഇന്നലെ വിളിച്ചപ്പോൾ ഞാൻ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ പറഞ്ഞ മറുപടി പൂർണ്ണമായും കൃത്യമായും മാധ്യമങ്ങളിൽ വരാത്തതു കൊണ്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഈ കുറിപ്പ്.

അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA) പരിപാടിയുടെ സമാപന ദിവസം ഞാൻ പത്രക്കുറിപ്പ് തയ്യാറാക്കാൻ ഇരിക്കുന്നതും പിന്നീട് അപ്രൂവൽ വാങ്ങുന്നതുമായ ഫോട്ടോകളാണ് അവ. ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള വ്യാപാരവും, ടൂറിസവും ശക്തമാക്കാൻ നടത്തുന്ന സമ്മേളനമാണ്. പത്രക്കാർക്കും ചാനലുകാർക്കും പങ്കെടുക്കാൻ അനുമതിയുള്ള പരിപാടിയായിരുന്നു അത്.
മാസ് കമ്യൂണിക്കേഷൻ ആൻ്റ് ജേർണലിസം (MCJ) പോസ്റ്റ് ഗ്രാജുവേറ്റായ ഞാൻ 2007 മുതൽ കൊച്ചിയിൽ പി.ആർ ഏജൻസി നടത്തുന്നുണ്ട്. കൂടുതലും ശാസ്ത്ര, ബിസിനസ് കോൺഫ്രൻസുകൾക്ക് പി.ആർ ചെയ്യുന്ന എനിക്ക് ഒരു പി.ആർ പ്രൊഫഷണൽ എന്ന നിലക്ക് വേണ്ടതിലധികം സ്നേഹവും പിന്തുണയും മാധ്യമ പ്രവർത്തകരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ ഒന്നും തന്നെ ഒരിക്കലും അതിന് തടസ്സമായിട്ടില്ല. സുതാര്യതയില്ലാതെ ഇന്നെവരെ പ്രവർത്തിച്ചിട്ടില്ല.

മേൽ പറഞ്ഞ പരിപാടിയെക്കുറിച്ച് അറിഞ്ഞപ്പോൾ പി. ആർ റിപ്പോർട്ടിങ് ചെയ്യാൻ ഒരു അവസരം തരുമോ എന്ന് മുരളിയേട്ടനോട് ചോദിച്ചു. ഒരു അന്താരാഷ്ട്ര കോൺഫ്രൻസ് ചെയ്യാൻ അവസരം കിട്ടുമല്ലോ എന്ന് കരുതിയാണ് ചോദിച്ചത്.

മീഡിയ എൻട്രി ഉണ്ടോ എന്ന് അന്യേഷിച്ച ശേഷം സമാപന ദിവസം വന്നോളാൻ അനുവാദം തന്നു.
ഞാൻ സ്വന്തം ചെലവിൽ കൊച്ചിയിൽ നിന്ന് പോയത്. കൊച്ചി ബ്യൂറോയിലെ മിക്ക മാധ്യമ പ്രവർത്തകരോടും പറഞ്ഞിട്ടാണ് പോയത്. അവരാണ് എനിക്ക് അവിടുത്തെ കറസ്പോൺഡൻ്റ്സിൻ്റെ നമ്പറുകൾ തന്നത്. സമാപന ദിവസം ഞാൻ ചെന്നപ്പോൾ ഗൾഫ് ന്യൂസ്’, റോയിട്ടേഴ്സ്, ഖലീജ് ടൈംസ്, ഗൾഫ് ടുഡെ എന്നിവ അവിടെ ഉണ്ട്. രണ്ടു ദിവസമായി അവർ പരിപാടി റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ നിന്നുള്ള പ്രമുഖ ചാനലുകളും സമാപന ദിവസം വന്നു കവർ ചെയ്തു.

എൻ്റെ ചേട്ടനും ഭാര്യയും ദുബായിൽ ഡോക്ടർമാരായി ജോലി ചെയ്യുന്നുണ്ട്. ന്യൂസ് തയ്യാറാക്കി അയച്ചുകൊടുത്ത ശേഷം ഞാൻ ചേട്ടൻ്റെ വീട്ടിൽ രണ്ട് ദിവസം താമസിച്ച് തിരിച്ചു പോന്നു. ഫോട്ടോ തിരയുന്നവർക്ക് ആ ഫോട്ടോകളും കാണാം.

ഞാൻ അന്ന് കൊടുത്ത പ്രസ് റിലീസ് ഇവിടുത്തെ മാധ്യമങ്ങളുടെ മെയിൽ ബോക്സിൽ കാണും. ന്യൂസ് ഗൂഗിൾ ചെയ്താൽ കിട്ടും. സർക്കാറിന് ചെലവോ എന്തെങ്കിലും ബാദ്ധ്യതയോ ഇന്നേവരെ ഞാൻ ഉണ്ടാക്കിയിട്ടില്ല.
ഈ യാത്രയാണ് ഡിപ്ലോമാറ്റിക് പാസ്പോർട്ട്, പ്രോട്ടോക്കോൾ ലംഘനം തുടങ്ങി പല കഥകളായി പ്രചരിപ്പിക്കുന്നത്. ഭർത്താവിൻ്റെ ഫോട്ടോ എഡിറ്റ് ചെയ്ത് മാറ്റിയും ചിലർ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. കുഴപ്പമില്ല. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയായിരിക്കും.

എൻ്റെ തൊഴിലാണ് ഞാൻ ചെയ്തത്. സത്യം ഇവിടെയുള്ള മാധ്യമപ്രവർത്തകർക്ക് അറിയാം. എനിക്ക് അത്രയും മതി.

Back to top button
error: