മൃതദേഹത്തോടും അനാദരവ്: പെട്രോള്‍ ഒഴിച്ച് കത്തിച്ചു

ഇന്ത്യ കഴിഞ്ഞ ദിവസം കേട്ടുണര്‍ന്നത് ഉത്തര്‍പ്രദേശിലെ ഹത്രസില്‍ പെണ്‍കുട്ടി അതിക്രൂരമായി പീഡനത്തിനിരയായി മരണപ്പെട്ടു എന്ന വാര്‍ത്തയായിരുന്നു. പെണ്‍കുട്ടിക്ക് വേണ്ടി ഇന്ത്യയൊട്ടാകേ പ്രതിഷേധ സമരങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറുകയാണ്. മരിച്ച പെണ്‍കുട്ടിയുടെ മൃതശരീരം ബന്ധുക്കളെ കാണിക്കാതെ രാത്രി സംസ്‌കരിച്ചതും വലിയ തോതിലുള്ള പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹത്രസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട മുതിര്‍ കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതും, കൈയ്യേറ്റം ചെയ്തതുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. എല്ലാവിധ എതിര്‍പ്പുകളെയും മറികടന്ന് രാഹുലും പ്രിയങ്കയും ഇന്നലെ പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു. പെണ്‍കുട്ടിക്ക് നീതി ലഭിക്കും വരെ പോരാടാന്‍ മുന്നിലുണ്ടാവുമെന്നും രാഹുല്‍ ബന്ധുക്കളെ അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത പെണ്‍കുട്ടിയുടെ മൃതദേഹം പെട്രോള്‍ ഒഴിച്ചാണ് പോലീസ് കത്തിച്ചതെന്നുള്ളതാണ്. പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് മാധ്യമങ്ങളോട് ഈ കാര്യം പറഞ്ഞത്. പെണ്‍കുട്ടിയോട് ക്രൂരത കാട്ടിയ എല്ലാ പ്രതികള്‍ക്കും വധശിക്ഷ ലഭിക്കണമെന്നും സഹോദരന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ പല ഭാഗത്ത് നിന്നും ഭീഷണി ഉയരുന്നുവെങ്കിലും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ബന്ധുക്കള്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *