NEWS

ദൈവങ്ങളല്ല ആരും, മനുഷ്യരാണ്; ആ മരണത്തിന്റെ സത്യാവസ്ഥ ഇതാണ്‌

ഡോക്ടര്‍ എന്നത് വെറുമൊരു ജോലിയല്ല. സമൂഹത്തോട് എപ്പോഴും പ്രതിബദ്ധത പുലര്‍ത്തേണ്ട മഹത്തായ കര്‍മ്മമാണത്. അതു മനസ്സിലാക്കിത്തന്നെയാണ് നമ്മുടെ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നതും. രോഗ പ്രതിസന്ധികളുടെ കാലത്ത് നമുക്കത് അനുഭവിക്കാനായി. തങ്ങളുടേതായ എല്ലാ സുരക്ഷാ ആശങ്കകളും മാറ്റിവച്ച് അവര്‍ സമൂഹത്തിനുവേണ്ടി രംഗത്തിറങ്ങി. കൊറോണക്കാലത്ത് രോഗം പകരുമെന്ന ഭീതി നിലനില്‍ക്കുമ്പോഴും ശരീരാവരണമണിഞ്ഞ് മണിക്കൂറുകളോളം അവര്‍ കര്‍മ്മ നിരതരായി. രോഗ വ്യാപനത്തിന്റെ ഇക്കാലത്ത് ഡോക്ടര്‍മാര്‍ നമുക്ക് ദൈവങ്ങളെപ്പോലെയായിരുന്നു. എന്നാല്‍ ആ ഡോക്ടര്‍മാര്‍ മനുഷ്യരാണെന്ന കാര്യവും നാം വിസ്മരിക്കരുത്.

കഴിഞ്ഞ ദിവസം കേരളം കേട്ടുണര്‍ന്നത് അത്തരത്തില്‍ ഒരു ഡോക്ടറുടെ മരണവാര്‍ത്തയാണ്. കൊല്ലത്ത് സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടര്‍ ആത്മഹത്യ ചെയ്തത്. 7 വര്‍ഷം പാരമ്പര്യമുളളതും ആയിരത്തോളം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നതുമായ അനൂപ് ഓര്‍ത്തോ കെയര്‍ ആശുപത്രി ഉടമയായ അനൂപ് കൃഷ്ണയാണ് വീട്ടില്‍ കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ശുചിമുറിയില്‍ വെച്ച് കൈത്തണ്ട മുറിച്ച ശേഷം രക്തം കൊണ്ട് ചുമരില്‍ സോറി എന്ന് എഴുതിയത് താന്‍ ഒരുപാട് ആഗ്രഹിച്ച പ്രഫഷനില്‍ ആദ്യമായി വന്ന പിഴവ് മൂലം. അത് ഒരിക്കലും താങ്ങാതെ വന്നതാവണം ഡോക്ടറുടെ ആത്മഹത്യയ്ക്ക് കാരണം.

കഴിഞ്ഞ 22നായിരുന്നു എഴുകോണ്‍ സ്വദേശികളായ സജീവ് കുമാര്‍ വിനിത ദമ്പതികളുടെ മകള്‍ എഴുവയസുകാരിയെ ജന്മനാ കാലിന് വളവുളളതിനാല്‍ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചത്. രണ്ട് ശസ്ത്രക്രിയ നടത്തിയാല്‍ പരിഹാരമുണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. വലിയ ചെലവ് വരുമെന്ന് അറിയിച്ചതിനാല്‍ പലിശയ്ക്ക് കടം വാങ്ങി ശസ്ത്രക്രിയ നടത്തി. എന്നാല്‍ ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഹൃദയസ്തംഭനം ഉണ്ടായതിനാല്‍ വേറെ ആശുപത്രിയിലേക്ക് മാറ്റണം എന്ന് പറഞ്ഞത് പ്രകാരം ഉടന്‍ തന്നെ മറ്റൊരു സഹകരണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ചികിത്സയിലും അനിസ്‌തേഷ്യയിലും ഉണ്ടായ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് എന്ന് തെളിഞ്ഞിരുന്നു. ആശുപത്രിയിലെ പ്രധാന സര്‍ജന്‍ ആനൂപാണെങ്കിലും അനിസ്‌തേഷ്യ നല്‍കിയത് തിരുവനന്തപുരം സ്വദേശിയായ ഡോക്ടറായിരുന്നു. എന്നാല്‍ ആശുപത്രി ഉടമ എന്ന നിലയില്‍ കുട്ടിയുടെ മരണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും അനൂപിനെ തെല്ലൊന്നുമല്ല തളര്‍ത്തിയത്.

ജന്മനാ കാലിന് വളവുണ്ടായിരുന്ന കുട്ടിയുടെ ശസ്ത്രക്രിയ ഏറ്റെടുത്ത് നടത്തിയത് അനൂപിന് പണത്തിനോടുളള ആര്‍ത്തി ആയിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഹൃദയത്തിന് തകരാറുണ്ടായിരുന്ന കുട്ടിയെ നിരവധി ആശുപത്രികള്‍ കൈയ്യോഴിഞ്ഞപ്പോഴും അവരുടെ അവസ്ഥ കണ്ടറിഞ്ഞ് കൂടെ നിന്നതാണ് ഡോക്ടര്‍ അനൂപും സഹധര്‍മ്മിണിയും അനസ്‌തെറ്റിസ്റ്റ് കൂടിയായ ഭാര്യ അര്‍ച്ചനയും. എന്നാല്‍ ഹൃദയത്തില്‍ പെട്ടന്നുണ്ടായ താളപ്പിഴവ് കുഞ്ഞിന്റെ ജിവന്‍ അപകടത്തിലാക്കുകയായിരുന്നു. ഈ അനുഭവം തന്റെ മകന്റെ പ്രായമുളള കുഞ്ഞിന് സംഭവിച്ചതില്‍ ഡോക്ടര്‍ അനൂപിനെ മാനസികമായി തന്നെ തകര്‍ത്തിരുന്നു.

മരണത്തെ തോൽപ്പിക്കാനുള്ള മാന്ത്രികദണ്ഡ് ഉള്ളവരല്ല ആരും. തങ്ങളുടെ കഴിവുകൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറത്ത് ഒരു രോഗിയുടെ ജീവൻ നഷ്ടപ്പെടുമ്പോൾ ആ ബന്ധുമിത്രാദികൾക്കൊപ്പം ഏറ്റവുമധികം ദുഃഖിക്കുക ആ ഡോക്ടർ തന്നെയാവും. പുറമേക്ക് ശാന്തമെന്ന് തോന്നിയേക്കാമെങ്കിലും അവരുടെ ഉള്ളിൽ ദു:ഖത്തിന്റെ കടലിരമ്പുന്നുണ്ടാവും.
പക്ഷേ അതിന് തങ്ങളുടെ ജീവൻ വിലയായി കൊടുക്കാൻ ഇടവരാതിരിക്കട്ടെ ഇനിയൊരാൾക്കും.

Back to top button
error: