ആര്യാടൻ ഷൌക്കത്തിനെ ഇ ഡി ചോദ്യം ചെയ്തു
കോഴിക്കോട‌്
വിദ്യാർഥികളിൽ നിന്ന‌് കോടികൾ തട്ടിയെടുത്ത പ്രതിക്ക‌് സഹായം ചെയ‌്തെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ‌് നേതാവ‌് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് ചോദ്യം ചെയ്തു. കോഴിക്കോട‌് എൻഫോഴ‌്സ്മെന്റ‌് യൂണിറ്റ‌് ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ബുധനാഴ‌്ച പകൽ 11ന‌് ആരംഭിച്ച ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂർ നീണ്ടു നിന്നു.
വിദ്യാഭ്യാസ തട്ടിപ്പു കേസിൽ പ്രതിയായ സിബി വയലിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ആര്യാടൻ ഷൌക്കത്തിനെ ചോദ്യം ചെയ്തത് . ‘ഫുഡ‌് കോർപറേഷൻ ഓഫ‌് ഇന്ത്യയുടെ ബോർഡ‌് അംഗമെന്ന വ്യാജ മേൽവിലാസം സംഘടിപ്പിച്ചു നൽകിയെന്നും ഇതിനായി മൂന്ന‌് കോടി രൂപ കൈപ്പറ്റിയെന്നുമാണ‌് കേസ‌്.
ആര്യാടൻ ഷൗക്കത്തിന്റെ അടുപ്പക്കാാരനായ തിരുവമ്പാടി സ്വദേശി സിബി വയലിൽ തന്റെ ‘മേരിമാത എജ്യൂക്കേഷണൽ ട്രസ‌്റ്റി’ന്റെ പേരിൽ വിദ്യാഭ്യാസ തട്ടിപ്പ‌് നടത്തിയിരുന്നു. കാനഡ, അമേരിക്ക, ആസ‌്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ എംബിബിഎസ‌് പഠനത്തിന‌് സീറ്റ‌് നൽകാമെന്ന‌് വാഗ‌്ദാനം നൽകിയായിരുന്നു തട്ടിപ്പ‌്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാർഥികൾ തട്ടിപ്പിനിരയായി. ഈ കേസിൽ ഇയാളെ കഴിഞ്ഞ നവംബറിൽ അറസ‌്റ്റ‌് ചെയ‌്തിരുന്നു.