കോവിഡിന് പിന്നാലെ കോംഗോ പനി; കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ 30 ശതമാനവും മരണസാധ്യത
ലോകമെമ്പാടും പടര്‍ന്ന് പിടിക്കുന്ന കോവിഡിനെ തുരത്താന്‍ ലോകരാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലിതാ മറ്റൊരു പനി കൂടി. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും അതുവഴി മനുഷ്യനിലേക്കും പകരുന്ന കോംഗോ പനി എന്നറിയപ്പെടുന്ന ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍.
ഈ പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ഭരണകൂടം വിവിധ വകുപ്പുകളിലെ അധികാരകളോട് ആവശ്യപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കോംഗോ പനി കൂടി എത്തുന്നതോടെ കാലികളെ വളര്‍ത്തുന്നവരും മൃഗസംരക്ഷണ വകുപ്പും ആശങ്കയിലാണ്.
ഗുജറാത്തിലെ ചില ജില്ലകളില്‍ ഇതിനോടകം പനി റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു.
മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് ഒരു പ്രത്യേക തരം പേനിലൂടെയാണ് ഈ രോഗം പടരുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിലൂടെയോ അവയുടെ മാംസത്തിലൂടെയോ ആണ് കോംഗോ പനി മനുഷ്യരിലെത്തുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു. കൃത്യസമയത്ത് കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞില്ലെങ്കില്‍ രോഗികളില്‍ 30 ശതമാനവും മരിക്കാനാണ് സാധ്യത.
പേനുകളിലുള്ള നൈറോ വൈറസാണ് ഈ രോഗം പരത്തുന്നത്. കോംഗോ പനി വൈറല്‍ ഹെമറേജിക് ഫീവറിന് കാരണമാകാമെന്നും 10 മുതല്‍ 40 ശതമാനം വരെയാണ് ഇതിന്റെ മരണ നിരക്കെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു