2021ന്റെ ആദ്യ പാദത്തില്‍ കോവിഡ് വാക്‌സിന്‍

ന്യൂഡല്‍ഹി: ലോകമെമ്പാടും കോവിഡ് വ്യാപനം പടര്‍ന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണഘട്ടങ്ങളിലുമാണ് ലോകരാജ്യങ്ങള്‍. വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ പോലും മത്സരബുദ്ധിയോടെയാണ് രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഇപ്പോഴിതാ ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നുത്. വാക്സിന്‍ 2021ന്റെ ആദ്യ പാദത്തില്‍ രാജ്യത്ത് ലഭ്യമായേക്കാമെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന വിവരം. വാക്സിന്‍ പരീക്ഷണങ്ങള്‍ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം വളരെ വേഗത്തിലാണ് മുന്നേറുന്നത്. അതേസമയം, രാജ്യത്ത് മൂന്ന് വാക്സിന്‍ നിര്‍മ്മാതാക്കള്‍ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. 2021ന്റെ ആദ്യ പാദത്തില്‍ രാജ്യത്ത് വാക്സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാജ്യത്ത് വാക്സിന്‍ വിതരണം വലിയ വെല്ലുവിളിയാണെന്ന് സെറം സിഇഒ അദാര്‍ പൂനവാല പറഞ്ഞിരുന്നു. വാക്സിന്‍ വിതരണത്തിന് ഏകദേശം 80,000 കോടിയുടെ ചെലവുണ്ടാകുമെന്നും രണ്ട് വര്‍ഷത്തിലേറെ സമയമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഓരോ ദിവസവും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 82,170 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം പിന്നിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *