കര്‍ഷകനിയമത്തിനെതിരെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ഷകനിയമത്തിനെതിരെ കടുത്ത പ്രതിഷേധമാണ് തലസ്ഥാന നഗരിയില്‍ അലയടിക്കുകയാണ്. പ്രതിഷേധക്കാര്‍ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടറിന് തീയിടുകയും തുടര്‍ന്ന് പൊലീസ് ട്രാക്ടര്‍ നീക്കം ചെയ്യുകയും അഗ്നിശമന വകുപ്പ് തീ അണയ്ക്കുകയും ചെയ്തു.

ഇരുപതോളം ആളുകള്‍ ഒത്തുകൂടിയാണ് പഴയ ട്രാക്ടറിന് തീയിട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ കാര്‍ഷിക നിയമ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കളത്തിലിറങ്ങാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന് രാഹുല്‍ നേതൃത്വം നല്‍കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഹുല്‍ നേതൃത്വം നല്‍കുന്ന പ്രതിഷേധ പരിപാടി ഈ ആഴ്ചയാകും നടക്കുക. രാഹുല്‍ പഞ്ചാബില്‍ ഒരു റാലിയെയും അഭിസംബോധന ചെയ്യുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. എന്നാല്‍ ഇതിന്റെ തിയതിയും സ്ഥലവും തീരുമാനിച്ചിട്ടില്ല. പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചതിനു ശേഷം രാഹുല്‍ ഹരിയാണയിലേക്ക് പോകും. എന്നാല്‍ ഹരിയാണയിലെ ബി.ജെ.പി. സര്‍ക്കാര്‍ രാഹുലിനെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

കഴിഞ്ഞ രണ്ടുമാസമായി കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തിയ സമരങ്ങളുടെ ഭാഗമായാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.

അതേസമയം, പഞ്ചാബിലെ കര്‍ഷകര്‍ അമൃത്സര്‍-ഡല്‍ഹി റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. കര്‍ഷകര്‍, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

കഴിഞ്ഞ ദിവസമാണ് രാജ്യവ്യാപകമായി ഉയര്‍ന്ന കര്‍ഷക പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ മൂന്ന് ബില്ലുകളാണ് രാഷ്ട്രപതി ഒപ്പുവച്ചത്. ഇതോടെ കാര്‍ഷിക ബില്‍ നിയമമായി. കാര്‍ഷികോത്പന്ന വിപണന പ്രോത്സാഹന ബില്‍ 2020, കര്‍ഷക ശാക്തീകരണ സേവന ബില്‍ 2020, അവശ്യസാധന (ഭേദഗതി) ബില്‍ 2020 എന്നിവയാണ് നിയമമായത്. ബിജെപിക്ക് വന്‍ ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ ബില്‍ അനായാസം പാസായിരുന്നു. എന്നാല്‍, രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം തള്ളിയത് വന്‍ എതിര്‍പ്പുണ്ടാക്കി. വിവാദ ബില്ലുകളും പാര്‍ലമെന്റ് രേഖകളും കീറിയെറിഞ്ഞാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *