NEWS

സംരംഭകത്വ വികസന പദ്ധതി: മുഖ്യമന്ത്രി 355 വായ്പ അനുമതികൾ വിതരണം ചെയ്തു ചെറുകിട – സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

ചെറുകിട- സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ബ്‌ളോക്കുകളിൽ പരവാധി സംരംഭങ്ങൾ തുടങ്ങും. കുടുംബശ്രീയുടെ സംരംഭ പദ്ധതിയും ചെറുകിട സൂക്ഷ്മ സംരംഭ പദ്ധതികളും ഇത്തരം ഉദ്ദേശത്തോടെയാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംരംഭകർക്ക് കെ. എഫ്. സി വായ്പാ അനുമതി പത്രം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രളയബാധിതമായ 14 ബ്‌ളോക്കുകളിൽ കാർഷികേതര മേഖലയിൽ 16800 പുതിയ സംരംഭങ്ങൾ ആരംഭിക്കും. ഇതിനുള്ള മൂലധനം കുറഞ്ഞ പലിശയ്ക്ക് ബ്‌ളോക്ക്തല സമിതികൾ ലഭ്യമാക്കും. ഇതിനായി 70 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്. പരമാവധി രണ്ടരലക്ഷം രൂപ വായ്പ നൽകുന്ന 3000 വ്യക്തിഗത പദ്ധതികളും പത്തു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന 2000 സംഘ പദ്ധതികളും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 10000 പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. സൂക്ഷ്മ ഇടത്തരം ചെറുകിട മേഖലയിൽ 2550 സംരംഭങ്ങൾക്ക് അംഗീകാരം ലഭ്യമാക്കി. 2016-20 ൽ ഈ മേഖലയിൽ 5231 കോടി രൂപയുടെ മൊത്തനിക്ഷേപം ഉണ്ടായി. 1,54,341 പേർക്ക് തൊഴിൽ ലഭ്യമാക്കാനായി.

പ്രതിവർഷം 1000 പുതിയ സംരംഭങ്ങൾ എന്ന നിലയിൽ അഞ്ചു വർഷം കൊണ്ട് 5000 പുതിയ വ്യവസായ യൂണിറ്റുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നതാണ് കെ. എഫ്. സിയുടെ വായ്പാ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ പദ്ധതിക്കും 90 ശതമാനം വരെ വായ്പ കെ. എഫ്. സി നൽകും. മൂന്ന് ശതമാനം സർക്കാർ സബ്‌സിഡിയോടെയാണ് വായ്പ നൽകുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവർക്ക് നോർക്കയുമായി സഹകരിച്ച് മൂന്ന് ശതമാനം അധിക സബ്‌സിഡി സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. 355 സംരംഭകർക്കാണ് തുടക്കത്തിൽ വായ്പ അനുമതി പത്രം നൽകുന്നത്. 1300 അപേക്ഷയിൽ നിന്ന് യോഗ്യരെ കണ്ടെത്തി പരിശീലനവും മാർഗനിർദ്ദേശവും നൽകിയാണ് വായ്പ നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാസർഗോഡ് നിന്നുള്ള ട്രാൻസ് ജെൻഡർ ആയ ഇഷ കിഷോറിന് സ്റ്റിച്ചിംഗ് യൂണിറ്റ് തുടങ്ങുവാനായി 75000 രൂപ അനുവദിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.

“ഡാൻസ് ട്യൂഷനും സ്റ്റേജ് പ്രോഗ്രാമുകളും ആയിരുന്നു എൻറെ ഉപജീവനമാർഗ്ഗം. എന്നാൽ കോവിഡ് വന്നതോടെ അത് ഇല്ലാതെയായി. ഈ അവസരത്തിലാണ് ഒരു ബ്യൂട്ടിപാർലർ കം ടൈലറിംഗ് യൂണിറ്റ് തുടങ്ങാനായി എനിക്ക് 75,000 രൂപയുടെ വായ്പ അനുവദിച്ചു കിട്ടിയത്. ഒരു സ്ഥിരവരുമാനം ഉണ്ടാക്കുവാൻ ഇത് സഹായകരമാകും” ആദ്യ അനുമതിപത്രം കൈപ്പറ്റി കൊണ്ട് കാസർഗോഡ് നിന്നുള്ള ഇഷ കിഷോർ പറഞ്ഞു.

തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻറെ 15 ശാഖകളായി ആയി സംരംഭകർക്ക് അനുമതിപത്രങ്ങൾ വിതരണംചെയ്തു. കോർപ്പറേഷൻ ചരിത്രത്തിൽ തന്നെ ആദ്യമായി ആറ് ട്രാൻസ്ജെൻഡറുകൾ അനുമതിപത്രങ്ങൾ ഏറ്റുവാങ്ങി.

“ആദ്യ ബാച്ചിലെ 100 സംരംഭങ്ങൾക്ക് അനുമതി നൽകാനാണ് ആണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും അപേക്ഷകളുടെ ആധിക്യം മൂലം ഇത് 355 ആയി ഉയർത്തുകയായിരുന്നു. ധൃതഗതിയിലുള്ള നടപടികളിലൂടെ സംരംഭകരുടെ അപേക്ഷകൾ പ്രോസസ് ചെയ്യുകയും വീഡിയോ കോൺഫറൻസിലൂടെ സംരംഭകർക്ക് വീടുകളിൽ നിന്ന് തന്നെ കെ എഫ് സി യുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സൗകര്യവും ഏർപ്പെടുത്തി” ധനമന്ത്രി പറഞ്ഞു.

“ഈ വർഷം 1000 സംരംഭങ്ങൾക്ക് തുടക്കം ഇടാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ പദ്ധതിയുടെ പ്രചാരവും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻറെ അനുഭാവപൂർണമായ ക്രിയാത്മകതയും കാണുമ്പോൾ 1000 എന്നത് 2000 സംരംഭങ്ങളിലേക്ക് ഉയർത്തുവാൻ കഴിയുമെന്നാണ് കരുതുന്നത്. അതിനു വേണ്ടി കോർപ്പറേഷന് വേണ്ട പിന്തുണ നൽകുന്നതാണ്” ധനമന്ത്രി അറിയിച്ചു.

ലഭിച്ച മറ്റ് അപേക്ഷകളിൽ 24 SC/ST സംരംഭകർ 102 വനിതാ സംരംഭകർ വിദേശത്തുനിന്നും മടങ്ങിയെത്തിയ 36 ആളുകൾ എന്നിവർ ഉൾപ്പെടുന്നു. മാത്രമല്ല 114 ലോണുകൾ യാതൊരുവിധ ഗ്യാരണ്ടിയും ഇല്ലാതെയാണ് അനുവദിച്ചിട്ടുള്ളത്.

ചടങ്ങിനിടയിൽ കേരളത്തിന് അനുയോജ്യമായ 51 പ്രോജക്ടുകളുടെ വിശദാംശങ്ങൾ അടങ്ങിയ ഒരു പുസ്തകവും ബഹുമാനപ്പെട്ട ധനമന്ത്രി പ്രകാശനം ചെയ്തു. “സംരംഭകരുടെ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ ഒരു കാര്യം പലർക്കും തുടങ്ങേണ്ട സംരംഭത്തെക്കുറിച്ച് വ്യക്തമായ ധാരണയില്എന്നതാണ്. മികച്ച സംരംഭങ്ങൾ കണ്ടെത്താൻ ഈ പുസ്തകം ഉപകരിക്കുന്നതാണ്”. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സിഎംഡി ശ്രീ ടോമിൻ തച്ചങ്കരി ഐപിഎസ് പറഞ്ഞു.

തിരുവനന്തപുരത്ത് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ അഡ്വ. വി കെ പ്രശാന്ത് എംഎൽഎ സന്നിഹിതനായിരുന്നു. ശ്രീ എസ് ഹരികിഷോർ ഐഎഎസ്, എക്സിക്യൂട്ടീവ് ഡയറക്ടർ കുടുംബശ്രീ, പ്രൊഫസർ കെ കെ ജോസഫ്, ഡയറക്ടർ ഗിഫ്റ്, എന്നിവർ പദ്ധതിക്ക് ആശംസകൾ അർപ്പിച്ചു. കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ പ്രേംനാഥ് രവീന്ദ്രനാഥ് കൃതജ്ഞത രേഖപ്പെടുത്തി

Back to top button
error: