ലാലേട്ടന് വേണ്ടിയൊരു തിരക്കഥയെഴുതിയിട്ടുണ്ട്:ബിബിന്‍ ജോര്‍ജ്

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നു വന്ന ഇരട്ട തിരക്കഥകൃത്തുക്കളാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും. ആദ്യ ചിത്രത്തിന്റെ വന്‍ വിജയം മലയാളത്തിലെ മൂല്യമേറിയ തിരക്കഥാകൃത്തുകളുടെ പട്ടികയിലേക്ക് ഇരുവരേയും എത്തിച്ചു. ആദ്യ ചിത്രത്തിന് ശേഷം ഇവരുടെ തിരക്കഥയില്‍ പിന്നാലെയെത്തിയ കട്ടപ്പനയിലെ ഹൃത്വിക് റോഷനും വലിയ വിജയമായതോടെ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും തിരക്കുള്ള തിരക്കഥാകൃത്തുക്കളായി മാറി. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണന്‍ തന്നെയായിരുന്നു രണ്ടാമത്തെ ചിത്രത്തിലെ നായകന്‍. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ വിഷ്ണുവിനെ തേടി ഒരുപാട് നായക കഥാപാത്രങ്ങള്‍ വന്നു. വിഷ്ണു നായകനായും ഉപനായകനായും പിന്നീട് ചിത്രങ്ങള്‍ സംഭവിച്ചു

വിഷ്ണു ഉണ്ണികൃഷ്ണന് പിന്നാലെ ബിബിന്‍ ജോര്‍ജും ഒരു പഴയ ബോബ് കഥ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. ആ ചിത്രവംു വലിയ വിജയമായതോടെ ഇരുവരും അഭിനയത്തിലേക്ക് ശ്രദ്ധ തിരിച്ചിരുന്നു. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന് വേണ്ടിയാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും തിരക്കഥാകൃത്തുക്കളായി ഒരുമിച്ചത്. ചിത്രം സമ്മിശ്ര പ്രതികരണം നേടിയപ്പോഴും വാണിജ്യപരമായി വന്‍ വിജയമായിരുന്നു

ഇപ്പോള്‍ കുറച്ച് ദിവസമായി വാര്‍ത്തകളില്‍ നിറയുന്നത് ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ പറ്റിയുള്ള വാര്‍ത്തകളാണ്. ചിത്രം ഉടന്‍ ആരംഭിക്കുമെന്ന തരത്തിലുള്ള പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഘട്ടത്തിലാണ് ബിബിന്‍ ജോര്‍ജ് തന്നെ വാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞിരിക്കുന്നത്. ലാലേട്ടന് വേണ്ടി ഞങ്ങളൊരു തിരക്കഥ എഴുതിയിട്ടുണ്ട്. ഷാഫി സാര്‍ ആയിരിക്കും സംവിധാനം പക്ഷേ ലാലേട്ടന്‍ ഇതുവരെ ആ കഥ കേട്ടിട്ടില്ല. ലാലേട്ടനോട് കഥ പറയാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ലാലേട്ടനേയും മമ്മുക്കയേയും വെച്ച് സിനിമ ചെയ്യാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത്. ഞങ്ങളുടെ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിബിന്‍ വാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *