NEWS

റെയ്‌ന എവിടെ ആരാധകര്‍ ചോദിക്കുന്നു

ഐപിഎല്‍ 13-ാം സീസണിലെ ആദ്യ മത്സരം വിജയിച്ചു തുടങ്ങിയ മഹേന്ദ്രസിംഗ് ധോണിക്കും കൂട്ടര്‍ക്കും പിന്നീടുള്ള രണ്ട് കളിയിലും അടി പതറി. രാജസ്ഥാന്‍ റോയല്‍സിനോടും ഡല്‍ഹി കാപ്പിറ്റല്‍സിനോടുമാണ് ചെന്നൈയ്ക്ക് തോല്‍വി വഴങ്ങേണ്ടി വന്നത്. ഇതോടെ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന ചെന്നൈ സൂപ്പര്‍ കിംഗ് താരം സുരേഷ് റെയ്‌നയെ തിരികെ ടീമിലെത്തിക്കണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. #ComeBackMrIPL എന്ന ഹാഷ് ടാഗോടെയാണ് ആരാധകര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റെയ്‌ന തിരിച്ചത്തെണമെന്ന് ഇതിനോടകം നിരവധി പേരാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

റെയ്‌നയെപ്പോലെ അനുഭവ സമ്പത്തുള്ള താരത്തിന്റെ അഭാവം ടീമില്‍ അറിയാനുണ്ട്. ചെന്നൈ പരിശീലകന്‍ സ്റ്റീഷന്‍ ഫ്‌ളെമിങ് രണ്ടാം മത്സരത്തിലെ പരാജയത്തോടെ ഇത് തുറന്ന് സമ്മതിക്കുന്നുമുണ്ട്. ചില പ്രധാന താരങ്ങളുടെ അഭാവം ടീമിനെ ബാധിക്കുന്നുണ്ട്. ഏറ്റവും മികച്ച ബാ്റ്റിങ് ലൈനപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. റെയ്‌നയും റായിഡുവും ഇല്ലാത്ത ഞങ്ങളുടെ ബാറ്റിങ് ലൈനപ്പില്‍ കാര്യമായ അഴിച്ചു പണി വേണ്ടി വരും. എങ്ങനെയാണ് ഓരോ താരങ്ങളേയും ഉപയോഗിക്കേണ്ടതെന്ന് പഠിച്ചു വരികയാണ്. ടീമിലെ യുവതാരങ്ങള്‍ക്കെല്ലാം നേരത്തെതന്നെ അവസരം കൊടുത്ത് കൃത്യമായൊരു ടിം ഫോര്‍മേഷന്‍ രൂപീകരിക്കുകയാണ് ലക്ഷ്യം.-ഫ്‌ളെമിങ് പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റില്‍ സജീവമല്ലാത്ത വെറ്ററന്‍ താരങ്ങളും യുവതാരങ്ങളും ചേര്‍ന്നതാണ് ചെന്നൈ സൂ്പ്പര്‍ കിംഗ്‌സിന്റെ താരങ്ങള്‍.മുരളി വിജയിക്കും, ഷെയ്ന്‍ വാട്‌സ്ണും, റെയ്‌നയുടെ പകരക്കാരനായി ടീമിലെത്തിയ ഋതുരാജ് ഗെയ്ക്വാദിനും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയാതെ പോയത് കഴിഞ്ഞ കളികളില്‍ പ്രകടമായിട്ടുണ്ട്. ധോണിയും രവീന്ദ്ര ജഡേജയും ഭൂതകാലത്തിലെ മികച്ച പ്രകടനങ്ങളുടെ നിഴലില്‍ തന്നെയാണിപ്പോഴും തുടരുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലേസി മാത്രമാണ് ആകെ ആശ്വാസത്തിന് വകയുള്ളത്.

ബോളിംഗ് നിരയിലെയും സ്ഥിതി വ്യത്യസ്തമല്ല. ദീപക് ചാഹര്‍ ഇനിയും ഫോം കണ്ടെത്താത്തതും പീയുഷ് ചൗളയും രവീന്ദ്ര ജഡേജയും ഐ.പി.എല്‍ കരിയറിലെ മോശം ഫോമിലായിരിക്കുന്നതും ടീമിന്റെ പ്രകടനത്തില്‍ ബാധിക്കുന്നുണ്ട്.. ഇതോടെയാണ് റെയ്‌നയെ തിരികെ ടീമിലേക്ക് കൊണ്ടു വരണമെന്ന ആവശ്യം ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നത്. ചെന്നൈ പഴയ പ്രതാപത്തിലേക്ക് തിരികെയെത്താന്‍ തല ധോണിക്കൊപ്പം കട്ടക്ക് നില്‍ക്കാന്‍ റെയ്‌ന കൂടി വേണമെന്നാണ് ആരാധകരുടെ അഭിപ്രായം

Back to top button
error: