എസ് പി ബാലസുബ്രഹ്മണ്യം നമ്മെ വിട്ടു പോയി .തന്റെ ആലാപന സൗകുമാര്യം കൊണ്ട് മാത്രമല്ല മികച്ച പെരുമാറ്റം കൊണ്ടും എസ്‌പിബി ലക്ഷക്കണക്കിന് പേരെ തന്നിലേക്ക് അടുപ്പിച്ചിരുന്നു .നിറമുള്ള ഓർമ്മകൾ ആണ് എസ്‌പിബിയെ കുറിച്ച് ഏവർക്കും പറയാനുള്ളത് .
എസ്‌പിബിയുടെ മരണത്തിനു പിന്നാലെ നിരവധി പേർ അദ്ദേഹത്തിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു .അത്തരത്തിൽ ഒരു വീഡിയോ എസ്‌പിബിയുടെ മരണ ശേഷം വൈറൽ ആകുകയാണ് .
സീ തമിഴ് ചാനലിൽ ഖുശ്‌ബു അവതരിപ്പിക്കുന്ന സെലിബ്രിറ്റി ചാറ്റ് ഷോയിലെ ഒരു മുഹൂർത്തമാണ് ഇപ്പോൾ വൈറൽ ആകുന്നത് .ചാറ്റ് ഷോയിൽ സംസാരിക്കുക ആയിരുന്നു എസ്‌പിബി.അടുത്ത ജന്മത്തിലും പാട്ടുകാരൻ ആകാൻ ആണോ താല്പര്യം എന്ന് ഖുശ്‌ബു ചോദിച്ചു .ഒന്ന് ചിന്തിക്കുക കൂടി ചെയ്യാതെ എസ്‌പിബി അതെ എന്ന് ഉത്തരം പറഞ്ഞു .
എസ്‌പിബിയ്ക്ക് പാട്ട് തൊഴിൽ ആയിരുന്നില്ല ജീവിതം തന്നെയായിരുന്നു എന്ന് ആ ഒരു യെസിൽ വ്യക്തമാണ് .കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് എസ്‌പിബി മരണമടഞ്ഞത് .കോവിഡ് മുക്തനായെങ്കിലും ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആയിരുന്നു അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത് .
സംഗീത ലോകത്ത് ഇത്രയധികം റെക്കോർഡുകൾ തീർത്ത ഗായകൻ ഉണ്ടാകില്ല .16 ഭാഷകളിൽ അദ്ദേഹം പാടി .നാല്പത്തിനായിരത്തിൽ അധികം ഗാനങ്ങൾ അദ്ദേഹത്തിന്റേത് ആയി ഉണ്ട് .12 മണിക്കൂറിൽ 21 പാട്ട് റെക്കോർഡ് ചെയ്തു എന്ന റെക്കോർഡും എസ്‌പിബിയുടെ പേരിൽ തന്നെ .കന്നഡ സംഗീത സംവിധായകൻ ഉപേന്ദ്രകുമാറിന് വേണ്ടിയായിരുന്നു അത് .തമിഴിൽ ഒരു ദിവസം 19 ഗാനങ്ങൾ അദ്ദേഹം റെക്കോർഡ് ചെയ്തിട്ടുണ്ട് .രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതികളായ പദ്‌മശ്രീയും പദ്മ വിഭൂഷണും എസ്‌പിബിയ്ക്ക് ലഭിച്ചു .ആറ് ദേശീയ പുരസ്കാരങ്ങളും സംഗീത വഴിയിൽ അദ്ദേഹത്തിന് ലഭിച്ചു .