NEWS

ഡല്‍ഹികലാപം; ഖുര്‍ശിദിനും വൃന്ദ കാരാട്ടിനും ആനി രാജക്കുമെതിരെ പരാമര്‍ശം

ല്‍ഹി കലാപത്തിലെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ശിദിനും ഇടത് നേതാക്കളായ വൃന്ദ കാരാട്ടിനും ആനി രാജക്കുമെതിരെ പരാമര്‍ശം. പ്രകോപനപരമായി പ്രസംഗിച്ചുവെന്നും കലാപത്തിന്റെ മുന്നൊരുക്കമായിരുന്നു മഹിളാ എക്താ യാത്രയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. ഇവര്‍ അംഗങ്ങളായ ഗ്രൂപ്പുകളില്‍ ഇക്കാര്യത്തെക്കുറിച്ചു ചര്‍ച്ച നടന്നതായും കുറ്റപത്രത്തില്‍ പറയുന്നു.

പ്രതിഷേധ സമരം നടന്നിരുന്ന ഖുറേജിയിലേയ്ക്ക് ഈ മൂന്നു നേതാക്കളം എത്തുകയും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഫെബ്രുവരി 24നാണ് ഡല്‍ഹിയില്‍ കലാപമുണ്ടായത്.
കലാപത്തില്‍ കൊല്ലപ്പെട്ടത് 53 പേരാണ്. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സല്‍മാന്‍ ഖുര്‍ശിദിനെയും ബൃന്ദ കാരാട്ടിനെയും ആനി രാജയെയും കൂടാതെ കോണ്‍ഗ്രസ് നേതാവായ ഉദിത് രാജ്, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, സാമൂഹിക പ്രവര്‍ത്തക അഞ്ജലി ഭരദ്വാജ്, ചലച്ചിത്രകാരന്‍ രാഹുല്‍ റോയ്, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, എഴുത്തുകാരന്‍ ഹര്‍ഷ് മന്ദെര്‍ എന്നിവരെക്കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.

മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന്‍, പോലീസ് സംരക്ഷണയിലുള്ള സാക്ഷി എന്നിവരുടെ മൊഴി പ്രകാരമാണ് കുറ്റപത്രത്തില്‍ ഇവരുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം താനും ഖാലിദ് സൈഫിയും കൂടി സല്‍മാന്‍ ഖുര്‍ഷിദ്, സംവിധായകന്‍ രാഹുല്‍ റോയ്, ഭീം ആര്‍മി നേതാവ് ഹിമാന്‍ശു എന്നിവരെ വിളിച്ചുവരുത്തിയതായിരുന്നുവെന്നും ഇസ്രത് ജഹാന്‍ നല്‍കിയ മൊഴിയിലുണ്ട്. സാക്ഷിയുടെ മൊഴിയില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെയും പേരുണ്ട്.

പ്രശാന്ത് ഭൂഷണ്‍, സല്‍മാന്‍ ഖുര്‍ഷിദ്, ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം മീരാന്‍ ഹൈദര്‍, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് എന്നിവരെ ഖുറേജിയിലേക്ക് വിളിച്ചുവരുത്തിയിരുന്നുവെന്നും ഇവരൊക്കെ പ്രകോപനപരമായ പ്രസംഗങ്ങളാണ് നടത്തിയതെന്നുമാണ് ഖാലിദ് സെയ്ഫിയുടെ മൊഴി.

Back to top button
error: