ഫിറ്റ്നസ് പ്രോട്ടോക്കോള്‍ പുറത്തിറക്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഫിറ്റ്നസില്‍ ശ്രദ്ധപുലര്‍ത്തുന്ന കായിക താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘ഫിറ്റ് ഇന്ത്യ ഡയലോഗ്’ എന്ന പേരില്‍ നടന്ന പരിപാടിയില്‍ ‘ഫിറ്റ് ഇന്ത്യ ഏജ് അപ്രോപ്രിയേറ്റ് ഫിറ്റ്നസ് പ്രോട്ടോക്കോള്‍’സും പ്രധാനമന്ത്രി പുറത്തിറക്കി. കായിക മന്ത്രി കിരണ്‍ റിജിജു, ക്രിക്കറ്റ് താരം വിരാട് കോലി, മോഡലും നടനുമായ മിലിന്ദ് സോമന്, നുട്രീഷനിസ്റ്റ് റുതുജ ദിവേകര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
ആഴ്ചയില്‍ രണ്ടു വട്ടം അമ്മയോട് സംസാരിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് നുട്രീഷനിസ്റ്റ് റുതുജയോട് സംസാരിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി. വിളിക്കുമ്പോഴെല്ലാം, ഹല്‍ദി പതിവായി കഴിക്കാറുണ്ടോ എന്ന് അമ്മ അന്വേഷിക്കാറുണ്ടെന്നും മോദി പറഞ്ഞു. താന്‍ തയ്യാറാക്കുന്ന ഹല്‍ദിയുടെ പാചകക്കുറിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാന്‍ താല്പര്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദേശീയ കായിക ദിനത്തിലാണ് ആരോഗ്യമുള്ള ഇന്ത്യയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫിറ്റ് ഇന്ത്യ മൂവ്മെന്റ് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഫിറ്റ്നസ് സീറോ ഇവെസ്റ്റ്മെന്റ് ആണെന്നും എന്നാല്‍ റിട്ടേണ്‍ പരിധികളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.