കോവിഡ് പരിശോധനയ്ക്ക് വ്യാജ പേരും വിലാസവും ഉപയോഗിച്ച കെഎസ്യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിനെതിരെ കേസെടുത്തു .പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായരുടെ പരാതിപ്രകാരം ആണ് കേസ് എടുത്തത് .
പകർച്ചവ്യാധി നിരോധന നിയമം ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത് .പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ ആണ് കെഎസ്യു പ്രസിഡണ്ട് ആൾമാറാട്ടം നടത്തിയത് .തച്ചപ്പള്ളി എൽപി സ്കൂളിൽ ആയിരുന്നു കോവിഡ് പരിശോധന .ഇവിടെ 48 പേരെ പരിശോധിച്ചതിൽ 19 പേർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു .പ്ലാമൂട് വാർഡിൽ കോവിഡ് സ്ഥിരീകരിച്ച 3 പേരിൽ 2 പേരെ മാത്രമേ കണ്ടെത്താൻ ആയുള്ളൂ .മൂന്നാമത്തെ ആൾ അഭി എംകെ ,പ്ലാമൂട് ,തിരുവോണം എന്ന വിലാസമാണ് നൽകിയത് .എന്നാൽ ഈ വിലാസത്തിൽ ഇങ്ങിനെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല .
കോവിഡ് ബാധിച്ചവ്യക്തിയെ കണ്ടെത്താനായില്ലെന്ന് കാട്ടി പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ പോലീസിൽ പരാതി നൽകി .പോലീസ് അന്വേഷണത്തിൽ ഈ കെഎസ്യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസമാണ് ഇതെന്ന് കണ്ടെത്തി .അങ്ങിനെയാണ് കെഎസ്യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്തിനാണ് കോവിഡ് എന്ന കാര്യം സ്ഥിരീകരിച്ചത് .