സിൽക്കണിഞ്ഞ ഓർമ്മകൾ…

വീടു വിട്ട് ഒളിച്ചോടിയ പയ്യൻ എത്തിപ്പെടുന്നത്…
പ്രതീഷ് കഥ പറയുമ്പോൾ മൊട്ടു സൂചി നിലത്തു വീണാൽ കേൾക്കാവുന്ന നിശബ്ദത ആ ഒൻപതാം ക്‌ളാസിലെ മുറിയിൽ നിറഞ്ഞു നിന്നു. കൗമാരത്തിലേയ്ക്കു കാലൂന്നിയ എന്നെപ്പോലുള്ള പിഞ്ചു പൈതങ്ങൾക്കു എരിവും പുളിയുമുള്ള പുത്തൻ അറിവു നൽകുന്ന സർവ്വകലാശാലകളാണ് പ്രതീഷും ബിനോയിയും. പതിനെട്ടിലെത്തിയിട്ടും ഒമ്പതിന്റെ കടമ്പ കടക്കാൻ കഴിയാതെ മണ്ടി മണ്ടി നിൽക്കുന്ന മുതുക്കന്മാരായ അവരിരുവരും ആഴ്ചയിൽ ഒരു തവണ രാധാ തീയേറ്ററിൽ പോകും.

ആലപ്പുഴയുടെ കൗമാര യൗവനമെന്നല്ല ആബാലവൃദ്ധം ജനങ്ങളെ കൂരിരുട്ടിൽ ഇരുത്തി ഇക്കിളിപ്പെടുത്തിയ ചരിത്രമുള്ളൊരു പുണ്യ പുരാതന ഗേഹമാണ് ‘രാധാ തീയേറ്റർ.’ ഒരിക്കലെങ്കിലും അവിടമൊന്നു സന്ദർശിക്കണമെന്ന ചിന്ത തന്നെ ഏദൻ തോട്ടത്തിലെ വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നതു പോലെ ഉത്ഭവ പാപം ഉണ്ടാക്കുന്നതായിരുന്നു. അത് കൊണ്ട് തന്നെ പ്രതീഷും ബിനോയിയും പറയുന്ന കഥകൾ മാത്രമായിരുന്നു അക്കാലത്തെ ഏക ആശ്രയം. ഉർവ്വശിയുടെ ഏക ആങ്ങള നായകനായ ലയനമെന്ന സിൽക്ക് സ്മിതയുടെ സിനിമയുടെ കഥ ഈയുള്ളവനെപ്പോലെ ഒരു ദുർബല മനസ്ക്കന്റെ സകല ഉറക്കങ്ങളും കെടുത്താൻ പോന്നതായിരുന്നു. സ്കൂൾ വിട്ടു വരുമ്പോൾ ആപ്പീസു വെളിയിലെ ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്ന സിൽക്ക് സ്മിതയുടെ പടത്തിൽ നോക്കി പതിവായി ഞാൻ നിർന്നിമേഷനാകും. എന്നെങ്കിലുമൊരിക്കൽ ഈ അക്കന്റെ ഒരു സിനിമയെങ്കിലും നേരിട്ടു കാണണമെന്ന കലശലായ മോഹം എന്നെയും പിടികൂടി.

അന്നൊരു പെസഹാ വ്യാഴാഴ്ച ആയിരുന്നു. അമ്മവീട് പൂങ്കാവാണ്… പൂങ്കാവ് പള്ളിയിലെ പെസഹാ വ്യാഴാഴ്ചത്തെ ദീപ കാഴ്ച പ്രശസ്തമാണ്. എല്ലാ ദീപക്കാഴ്ചയ്ക്കും മുടങ്ങാതെ ഒരു വിളക്കുമായി അമ്മച്ചി ഞങ്ങളെ കൂട്ടി പോകും നേരം വെളുക്കും വരെ വിളക്കിനു കീഴെ കർത്താവീശോമിശിഹാ അനുഭവിക്കാനിരിക്കുന്ന പീഡകളെ ധ്യാനിച്ചു ഞങ്ങൾ കരഞ്ഞു പ്രാർത്ഥനയിൽ മുഴുകും. അന്നും പതിവു പോലെ വിളക്കുമായി പോകും വഴി എന്റെ കണ്ണിൽ ആ പോസ്റ്റർ ഉടക്കി.

ആലപ്പുഴ പൂങ്കാവ് ശ്രീകലയിൽ പെസഹാ വ്യാഴം പ്രമാണിച്ചു സ്‌പെഷ്യൽ ഷോ ലയനം…! കർത്താവീശോമിശിഹാ പീഡകൾ അനുഭവിക്കുമ്പോൾ കാണിക്കാൻ പറ്റിയ സിനിമ തന്നെ.. ബിനോയി പറഞ്ഞ കഥയിലെ നന്ദു എന്റെ ഉള്ളിലിരുന്നു വിങ്ങുന്നു. അഞ്ചു രൂപയാണ് ടിക്കറ്റിന്. നാലു രൂപാ അമ്മച്ചി നേർച്ചയിടാൻ തന്നത് പോക്കറ്റിൽ കിടപ്പുണ്ട്. ബാക്കി ഒരു രൂപയ്ക്കെവിടെ പോകും…
വേണ്ട അമ്മച്ചിയുടെ കണ്ണ് വെട്ടിച്ചു കാശെടുക്കുക കളവാണ്.വിളക്കു കൊളുത്തി വെച്ചു അതിനടുത്തിരുന്നു. കർത്താവേ നിന്റെ പീഡാനുഭവം ആചരിക്കാൻ വന്നിട്ടു മനസ് മുഴുവൻ സിൽക്ക് സ്മിതയുടെ ചിരിയാണല്ലോ എന്നോർത്തു നിലത്തു കളം വരയ്‌ക്കെ അതാ അത്ഭുതം…!

മണ്ണിൽ പുതഞ്ഞ നിലയിൽ ഒരു രണ്ടു രൂപാ നാണയം… പൗലൊ കൊയ്‌ലോ ആൽകെമിസ്റ്റ് എഴുതും മുന്നും നിങ്ങളുടെ ആഗ്രഹം തീവ്രമാണെങ്കിൽ ലോകം മുഴുവൻ കൂട്ടിനുണ്ടാകുമെന്നു എന്നെ ബോധ്യപ്പെടുത്തിയ ആദ്യത്തെ സംഭവം. അഞ്ചു രൂപാ ടിക്കറ്റിനും ഒരു രൂപാ കപ്പലണ്ടിക്കുമെന്നും മാറ്റി അമ്മച്ചിയോടു ഞാനൊരു കള്ളം പറഞ്ഞു. കൂട്ടുകാരൻ സോണിയുടെ വിളക്കിനടുത്തിരിക്കാൻ അവനൊരു കൂട്ടു വേണം, ഞാൻ പൊയ്ക്കോട്ടേ. അപരനെ സഹായിക്കാനുള്ള എന്റെ ത്വരയിൽ മതിപ്പു തോന്നിയിട്ടെന്നോണം അമ്മച്ചി തല കുലുക്കി അനുവാദം തന്നു.
ദുഃഖ വെള്ളി പ്രമാണിച്ചു ഭക്ത ജനങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക ഷോയാണ്. അത് കൊണ്ട് തന്നെ ടിക്കറ്റ് കൗണ്ടറിൽ മുട്ടൻ തിരക്ക്. ഇടിച്ചും നൂണ്ടും മുന്നിലെത്തി ഒരു ടിക്കറ്റുമായി ശ്രീകലയെന്ന ഓല കൊട്ടകയുടെ ഉള്ളിൽ കയറി. ആരും കാണാതിരിക്കാൻ ഒരു തൂണിനു പിന്നിൽ പാത്തിരുന്നു. തുളസിദാസെന്ന ഹിറ്റ് മേക്കറുടെ വ്യത്യസ്ത ട്രീറ്റ്മെനിലുള്ള പടമാണ്.

ഒരു കൗമാരക്കാരന്റെ ഉറക്കം ദിവസങ്ങളോളം കളയാനുള്ളതെല്ലാം അതിൽ ഉണ്ടായിരുന്നു. ജീവിതത്തിൽ അതിനു മൂന്നോ അതിനു ശേഷമോ ഇത്രയും ആസ്വദിച്ചൊരു സിനിമ ഞാൻ കണ്ടു തീർത്തിട്ടില്ല. അന്ന് രാത്രി ഏകദേശം കർത്താവ് ഗെത്സമേൻ തോട്ടത്തിൽ പ്രാർത്ഥിച്ച വേളയിൽ ഞാൻ എന്ന കൗമാരം ആരംഭിച്ച പയ്യനും ഉറക്കെ പ്രാർത്ഥിച്ചു. പിതാവേ കഴിയുമെങ്കിൽ ഈ സിൽക്കിന്റെ വീട്ടിലെ വേലക്കാരനായെങ്കിലും നീ എന്നെ പരിഗണിക്കേണമേ…പറുദീസായിലെ ഹൂറിയായവർ പരകായം നടത്തിയിട്ടിന്നു 24 വർഷം പൂർത്തിയാകുന്നു.

അജീഷ് മാത്യു

Leave a Reply

Your email address will not be published. Required fields are marked *