‘എന്റെ ചേട്ടാ, കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്ത കൊടുത്തു കൂടെ’: ഭര്‍ത്താവിനെതിരെ വ്യാജവാര്‍ത്ത കൊടുത്തതില്‍ പ്രതികരിച്ച് നടി
ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് ജ്യോതികൃഷ്ണ. നടി രാധികയുടെ സഹോദരന്‍ അരുണാണ് ജ്യോതിയെ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹ ശേഷം ഭര്‍ത്താവും കുഞ്ഞുമായി ദുബായിലാണ് ഇവര്‍. ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ ജ്യോതിയുടെ ഭര്‍ത്താവിന് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമുണ്ടെന്ന് വ്യാജവാര്‍ത്ത പ്രചരിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി.
താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ലൈവില്‍ എത്തിയാണ് ജ്യോതികൃഷ്ണ വ്യാജവാര്‍ത്തക്കെതിരെ പ്രതികരിച്ചത്. ലൈവിനിടെ ഭര്‍ത്താവ് അരുണ്‍ രാജയെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവരികയും ചെയ്തു. വ്യാജപ്രചരണത്തിനെതിരെ ദുബായ് പൊലീസിലും കേരളത്തിലും പരാതി നല്‍കിയിട്ടുണ്ടെന്നും ജോതി കൃഷ്ണ പറഞ്ഞു.
ഇന്ന് രാവിലെ മുതല്‍ ഫോണ്‍ വിളിയും മെസേജുമായിരുന്നു. ഒരു സുഹൃത്താണ് എനിക്ക് യൂട്യൂബ് ലിങ്ക് അയച്ചു തന്ന് എന്താണ് സംഭവം എന്ന് ചോദിച്ചത്. പത്ത് മിനിറ്റ് മുമ്പ് വരെ എന്റെയടുത്ത് കിടന്നയാളെ ഇത്രയും പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്തോ. നോക്കിയപ്പോല്‍ അദ്ദേഹം ലിവിങ് റൂമിലുണ്ട്. ‘എന്റെ ചേട്ടാ, കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്ത കൊടുത്തു കൂടെ. രാവിലെ മുതല്‍ കേള്‍ക്കുന്ന കാര്യമാണ് നടി ജ്യോതികൃഷ്ണയുടെ ഭര്‍ത്താവ് അരുണ്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി, നടി രാധികയുടെ സഹോദരന്‍ പിടിയിലായി എന്നൊക്കെ. സെപ്റ്റംബര്‍ എട്ടിനാണ് സംഭവം. ആ കുടുംബം കഷ്ടപ്പെടുകയാണ് എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. ഇതാ നില്‍ക്കുന്നു ആ മനുഷ്യന്‍.
കുറേ കാലം സോഷ്യല്‍ മീഡിയ എന്നെ നല്ല രീതിയില്‍ കൊന്നിട്ടുണ്ട്. ഇപ്പോള്‍ എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഞാന്‍. ഞങ്ങള്‍ ദുബായിലാണ്. സന്തോഷത്തോടെ ജീവിക്കുന്നു. ഈ കേസുമായി ഞങ്ങള്‍ക്ക് ബന്ധമില്ല. ദുബായ് പൊലീസിലും നാട്ടിലും പ്രചരണങ്ങള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല- ജ്യോതികൃഷ്ണ വീഡിയോയില്‍ പറയുന്നു.
ലൈഫ് ഓഫ് ജോസൂട്ടി, ആമി, ഞാന്‍, പാതിരമണല്‍, ഗോഡ് ഫോര്‍ സെയില്‍ തുടങ്ങിയ ചിത്രങ്ങളില്‍ ജ്യോതികൃഷ്ണ വേഷമിട്ടിട്ടുണ്ട്.