LIFENEWS

സ്വപ്നാ കേസും സ്വര്ണക്കടത്തുമൊന്നും വഴി തടഞ്ഞില്ല ,ജോസ് കെ മാണി എൽഡിഎഫിലേക്ക് തന്നെ ,തദ്ദേശ തെരഞ്ഞെടുപ്പിൽ തന്ത്രപരമായ സഖ്യം ,ജോസഫിനെയും മോൻസിനെയും അയോഗ്യനാക്കാനും നീക്കം

കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിലേക്കെന്ന് ഉറപ്പായി .തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം മല്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ എൽഡിഎഫിന് കൈമാറി .സിപിഐയുടെ ഔദ്യോഗിക പച്ചക്കൊടി ഉയരുന്നതോടെ ചങ്ങാത്തം പരസ്യമാക്കും .

പി ജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യനാക്കാനുള്ള നീക്കമാണ് ജോസ് വിഭാഗം ഇപ്പോൾ നടത്തുന്നത് .ഇതിനായി സ്പീക്കർക്ക് കത്ത് നൽകി .പാർട്ടി വിപ്പ് റോഷി അഗസ്റ്റിന്റെ പരാതി എൻ ജയരാജ് ആണ് സ്പീക്കർക്ക് കൈമാറിയത് .

രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും നിഷ്പക്ഷത പാലിക്കണം എന്ന വിപ്പാണ് ജോസ് വിഭാഗം നൽകിയത് .കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനം ആണിത് .എന്നാൽ ഈ വിപ്പ് ജോസഫും മോൻസും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി .

രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത് ജോസിനാണ് .ജോസഫ് ഇതിനെതിരെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി .ഹൈക്കോടതിയുടെ തീരുമാനം അനുസരിച്ചാവും സ്പീക്കറും അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കുക .

മുന്നണി പ്രവേശനത്തിന്റെ തുടക്കമെന്നോണം തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പരസ്പരം സഹകരിക്കാമെന്നാണ് സിപിഎമ്മിന്റെയും ജോസ് വിഭാഗത്തിന്റെയും തീരുമാനം മധ്യ കേരളത്തിൽ ഇതുവഴി കോൺഗ്രസിന് തിരിച്ചടി നൽകാമെന്ന് സിപിഎം വിചാരിക്കുന്നു .പ്രാദേശിക തലങ്ങളിൽ ജോസ് വിഭാഗത്തിന് ശക്തി ഉണ്ടെന്നു തന്നെയാണ് സിപിഎം വിലയിരുത്തൽ .

തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ജോസഫ് പക്ഷത്തേക്ക് കൂറുമാറിയവരെയും അയോഗ്യതാ കുരുക്കിൽ ആക്കാൻ ആണ് ജോസ് വിഭാഗത്തിന്റെ തീരുമാനം .പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം ജോസ് കെ മാണി ജില്ലാ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .പ്രാദേശിക തലത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളുടെ പട്ടിക തയ്യാറാക്കാൻ ആണ് ജോസ് ആവശ്യപ്പെട്ടത് .ഇത് പ്രകാരം സിപിഎം ഏരിയ ,ജില്ലാ സെക്രട്ടറിമാർക്കാണ് ജോസ് വിഭാഗം സീറ്റുകളുടെ പട്ടിക കൈമാറിയത് .

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം എതിർത്ത സിപിഐ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട് .പാർട്ടി ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം എടുക്കണം എന്ന് മാത്രം .ജോസ് കെ മാണി യു ഡി എഫ് വിട്ടുപോരാൻ ഉള്ള രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കണം എന്നാണ് സിപിഐ നിലപാട് .ഇക്കാര്യം സിപിഎം ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട് .അനുകൂല സാഹചര്യത്തിൽ ജോസ് കെ മാണി ഇക്കാര്യം പ്രഖ്യാപിക്കും .

ഈ മാസം 29 നു ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ജോസ് കെ മാണി വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന .ഈ യോഗത്തിനു ശേഷം കാര്യങ്ങളിൽ വ്യക്തത വരും .മുന്നണി യോഗത്തിനു മുൻപ് 26 ,27 തിയ്യതികളിൽ സിപിഎം സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും ചേരുന്നുണ്ട് .

Back to top button
error: