പിസി ജോർജ് യുഡിഎഫിലേക്ക് ,ചരട് വലിക്കുന്നത് രമേശ് ചെന്നിത്തല
കേരള കോൺഗ്രസ് ജോസ് വിഭാഗം എൽ ഡിഎഫിലേക്ക് എന്ന് ഉറപ്പിച്ചതോടെ യു ഡി എഫ് പ്രവേശന നീക്കം സജീവമാക്കി പി സി ജോർജ് .പൂഞ്ഞാറിനൊപ്പം ഒരു സീറ്റ് കൂടി എന്നാണ് പിസിയുടെ നോട്ടം .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പിസിയ്ക്ക് വേണ്ടി ചരട് വലിക്കുന്നത് .
കോട്ടയം ,പത്തനംതിട്ട ജില്ലകളിൽ പിസിയ്ക്ക് അണികളുണ്ട് .ജോസ് വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്ക് ഇങ്ങനെ മറി കടക്കാം എന്നാണ് ചെന്നിത്തല കരുതുന്നത് .കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നുമുന്നണികൾക്കുമെതിരെ പോരാടി ആണ് പി സി പൂഞ്ഞാറിൽ ജയിച്ചത് .
പിന്നീട് പിസി എൻ ഡി എയിലേക്ക് മാറി .എന്നാൽ അവിടെ അധികകാലം നിന്നില്ല .അപ്പോഴും യു ഡി എഫ് സാധ്യത തേടിയെങ്കിലും പിസിയെ യു ഡി എഫിന് ആവശ്യമുണ്ടായിരുന്നില്ല .
സ്വതന്ത്ര നിലപാട് എടുത്ത് തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫുമായി സൗഹൃദമാകാമെന്നാണ് പിസിയുടെ കണക്കു കൂട്ടൽ .നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മുന്നണി പ്രവേശനത്തിനാണ് പിസി പദ്ധതിയിട്ടിരിക്കുന്നത് .
എന്നാൽ പിസിയ്ക്ക് തടസം എ ഗ്രൂപ്പാണ് .പിസി വരുന്നതിനു ഉമ്മൻചാണ്ടി പച്ചക്കൊടി കാട്ടിയിട്ടില്ല .സോളാർ സമയത്തുമൊക്കെ പിസി നടത്തിയ പ്രതികരണങ്ങളുടെ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ല .എന്നാൽ പിസിയെ പൂർണമായും വേണ്ടെന്ന് പറഞ്ഞിട്ടുമില്ല .എൽഡിഎഫ് വിമർശനം തുടരുന്നുണ്ടെങ്കിലും യുഡിഎഫ് വിമർശനം പിസി മയപ്പെടുത്തിയിട്ടുണ്ട് .
മകൻ ഷോൺ ജോര്ജിനുള്ള സീറ്റാണ് പിസിയുടെ പ്രധാന പ്രശ്നം .പൂഞ്ഞാറിൽ ഇനി താൻ മത്സരിക്കില്ല എന്ന് പലപ്പോഴായി പിസി പറയുന്നുണ്ട് .7 തവണ അവിടെ നിന്ന് മത്സരിച്ചാണ് എന്നാണ് പറയുന്ന ന്യായമെങ്കിലും ഷോണിന് സീറ്റ് ഉറപ്പിക്കുകയാണ് പിസി .മറ്റേതെങ്കിലും സീറ്റ് പിസിയ്ക്ക് വേണ്ടിയാണു യുഡിഎഫിനോട് ചോദിക്കുക .
യുഡിഎഫുമായി ഒരു ഔദ്യോഗിക ചർച്ചയും പിസി നടത്തിയിട്ടില്ല .എന്നാൽ അനൗദ്യോഗികമായി നേതാക്കളോട് ആശയവിനിമയം നടത്തുന്നുമുണ്ട് .എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പിൽ ജനപക്ഷം അനാഥമാകില്ല എന്നാണ് പിസി പറയുന്നത് .