LIFETRENDING

12 കോടി ബമ്പർ അടിച്ച അനന്തുവിന്റെ വീട്‌ കാണേണ്ടേ

ഇത്തവണ ഓണംബംപർ ഭാഗ്യം ചൊരിഞ്ഞത് ഇടുക്കി കട്ടപ്പനക്കടുത്ത് വലിയ തോവാളയിലെ നിര്‍ധന കുടുംബത്തെയാണ്. വലിയ തോവാള സ്വദേശിയായ അനന്തു വിജയന്‍ എന്ന 24കാരൻ എറണാകുളത്ത് നിന്നെടുത്ത ടിക്കെറ്റിനാണ് സമ്മാനം ലഭിച്ചത്. അനന്തുവിന്റെ പിതാവ് വിജയനും ബംപര്‍ ടിക്കെറ്റ് എടുത്തിരുന്നു. അച്ഛൻ പതിവായി ലോട്ടറി എടുക്കുന്നത് കണ്ടാണ് അനന്തുവും ഭാഗ്യക്കുറി എടുത്ത് തുടങ്ങിയത്. ഇത്തവണത്തെ ഓണം ബംപർ ഇരുവരും എടുത്തു. വിജയന്‍ കട്ടപ്പനയില്‍ നിന്നും അനന്തു എറണാകുളത്ത് നിന്നും. അനന്തുവിന്റെ ടിക്കറ്റിലൂടെ ഇത്തവണ ഭാഗ്യ ദേവത വലിയ തോവളയിലെ മലമുകളിലേയ്ക്ക് എത്തി.

കുന്നിന്‍ മുകളില്‍ അര നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പണിത വീട്ടിലാണ് കുടുംബം കഴിയുന്നത്. ഒറ്റയടിപാതയിലൂടെ വേണം വീട്ടില്‍ എത്താൻ. മഴക്കാലത്ത് പോലും കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയിലാണ് ഈ കുടുംബം. ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന വീടിന്റെ സ്ഥാനത്ത് ഒരു കൊച്ചു വീട്, ലൈഫ് ഭവന പദ്ധതിയിലൂടെ ലഭ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍.
“വെള്ളവും വഴിയുമുള്ള സ്ഥലത്ത് ഒരു കൊച്ചു വീട്… അതാണ് ഞങ്ങളുടെ സ്വപ്നം…”
അനന്തുവിന്റെ മാതാവ് സുമ പറയുന്നു.

Signature-ad

പെയിന്റിംഗ് തൊഴിലാളിയായ വിജയനും സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയായ ഭാര്യ സുമയും ചേര്‍ന്ന് മക്കളെ തങ്ങളാലാവും വിധം പഠിപ്പിച്ചു. മൂത്തമകള്‍ ആതിര പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ താൽക്കാലിക ജോലി നോക്കുകയായിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ ആയതോടെ ആ ജോലി നഷ്ടമായി. അനന്തുവും അനുജന്‍ അരവിന്ദും ഡിഗ്രി പൂര്‍ത്തിയാക്കിയെങ്കിലും സാമ്പത്തീക ബുദ്ധിമുട്ട് മൂലം പിന്നീട് പഠിയ്ക്കാന്‍ പോയില്ല. ഇവരുടെ മുടങ്ങിയ പഠനം വീണ്ടും ആരംഭിയ്ക്കണമെന്ന് മാതാപിതാക്കള്‍ പറയുന്നു.അടച്ചുറപ്പുള്ള കൊച്ചു വീട്, മക്കളുടെ പഠനം, മകളുടെ വിവാഹം തുടങ്ങിയ സ്വപ്‌നങ്ങളിലാണ് ഈ മാതാപിതാക്കള്‍. ബാക്കിയൊക്കെ പിന്നീട് ആലോചിയ്ക്കും. പ്രതീക്ഷയിയ്ക്കാതെ ഭാഗ്യ ദേവത കടാക്ഷിച്ചതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് കുടുംബം.

Back to top button
error: