രജനിയുടെ പാര്‍ട്ടി പ്രഖ്യാപനം ഉടനെന്ന് സൂചന; ശില്‍പശാലകള്‍ തുടങ്ങി

ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും, ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും തെരഞ്ഞെടുത്ത ചലച്ചിത്രതാരമാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്.യഥാര്‍ത്ഥ പേര് ശിവാജി റാവു ഗെയ്ക്ക്വാദ്. ക്യാമറ കണ്ണുകള്‍ക്കപ്പുറം ജീവിതം പച്ചയായിരിക്കണം എന്ന് വാശിയുള്ള വ്യക്തിയാണ് രജനികാന്ത്. പൊതു ചടങ്ങുകളില്‍ വിഗ് ഒഴിവാക്കി മേക്കപ്പിന്റെ കൂട്ടില്ലാതെ എത്താറുള്ള രജനികാന്ത് ഇപ്പോഴും പലര്‍ക്കും അത്ഭുതമാണ്. ലാളിത്യം മുഖമുദ്രയാക്കിയ നടനാണ് രജനി. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിലേക്കുളള തന്റെ പ്രവേശത്തിനും മികച്ച ആരാധകപന്തുണ ആണ്. ഇപ്പോഴിതാ രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന സൂചന നല്‍കി രജനി മക്കള്‍ മന്‍ട്രം ജില്ലകളില്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ശില്‍പശാലകള്‍ തുടങ്ങിയ വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
തഞ്ചാവൂരില്‍ നടന്ന ആദ്യ ശില്‍പശാലയില്‍ ജില്ലയില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ പങ്കെടുത്തതായാണ് വിവരം. പാര്‍ട്ടിയുടെ നയം, രജനീകാന്തിന്റെ പ്രഖ്യാപിത നയമായ ആത്മീയ രാഷ്ട്രീയത്തിന്റെ നിര്‍വചനം തുടങ്ങിയ കാര്യങ്ങളാണു ശില്‍പശാലകളില്‍ വിശദീകരിക്കുന്നത്. രജനി മക്കള്‍ മന്‍ട്രം സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിലാണു ക്ലാസുകള്‍.
രജനിയുടെ പാര്‍ട്ടി പ്രഖ്യാപനം ഈ മാസമുണ്ടാകുമെന്നു നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും കോവിഡ് കാരണം പിന്നീട് വിശദീകരണമുണ്ടായില്ല. എന്നാല്‍, അണിയറയില്‍ മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി രജനി മുടക്കമില്ലാതെ ചര്‍ച്ചകള്‍ നടത്തി. പാര്‍ട്ടി പ്രഖ്യാപനമെന്ന ലക്ഷ്യത്തില്‍ നിന്നു പിന്നോട്ടില്ലെന്നു തന്നെയാണു താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു മല്‍സരിക്കുമെന്നു 2018 പുതുവത്സര തലേന്നാണു രജനീകാന്ത് പ്രഖ്യാപിച്ചത്.പിന്നീട് പല തവണ മക്കള്‍ മന്‍ട്രം ഭാരവാഹികളെയും ആരാധകരെയും കണ്ടെങ്കിലും പാര്‍ട്ടി പ്രഖ്യാപനമുണ്ടായില്ല.






