NEWS

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പ്; കുടുംബത്തിലെ 5പേരും റിമാന്‍ഡില്‍

കോന്നി: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പു കേസില്‍ കുടുംബത്തിലെ 5പേരും റിമാന്‍ഡില്‍. ഒളിവിലായിരുന്ന കമ്പനി ഡയറക്ടര്‍ ഡോ. റിയ ആന്‍ തോമസ് കൂടി പിടിയിലായതോടെയാണ് ഇവര്‍ റിമാന്‍ഡിലായത്.

പോപ്പുലര്‍ ഉടമ വകയാര്‍ ഇണ്ടിക്കാട്ടില്‍ റോയി ഡാനിയേല്‍ (തോമസ് ഡാനിയേല്‍), ഭാര്യ പ്രഭ തോമസ്, മക്കള്‍ ഡോ. റിനു മറിയം തോമസ്, ഡോ. റിയ ആന്‍ തോമസ്, റീബ തോമസ് എന്നിവരാണ് റിമാന്‍ഡിലുള്ളത്. ആദ്യം ഒളിവിലായിരുന്നെങ്കിലും പിന്നീട് നിലമ്പൂരിലെ വീട്ടില്‍ തന്നെയാണ് റിയ കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു.

Signature-ad

ഹൈക്കോടതി ജാമ്യം അനുവദിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. 3 ആഴ്ച സമയം അനുവദിച്ചപ്പോള്‍ അറസ്റ്റ് വൈകുമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍, പുതിയതായി രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് നടന്നതോടെ കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു.

ഇന്നലെ രാവിലെയാണ് റിയയെ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പിന്നീട് വൈദ്യപരിശോധനയ്ക്കു ശേഷം എസ്പി ഓഫിസില്‍ എത്തിച്ച റിയയെ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.

അറസ്റ്റിലായ റിയ ആന്‍ തോമസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. തിങ്കളാഴ്ച ഇവരെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. പോപ്പുലറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഇവര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

നിക്ഷേപമുണ്ടെന്നോ തുക എത്രയെന്നോ പോലും വെളിപ്പെടുത്താന്‍ കഴിയാത്ത നിക്ഷേപകര്‍ പോപ്പുലറിലുണ്ട്. കോടിക്കണക്കിന് രൂപ നിക്ഷേപിച്ചവരെ സംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചെങ്കിലും ഇവരില്‍ പലരും പരാതി നല്‍കിയിട്ടില്ല.

രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. തമിഴ്‌നാട്ടില്‍ മൂന്നിടത്തായി 48ഏക്കര്‍ സ്ഥലം, ആന്ധ്ര പ്രദേശില്‍ 22ഏക്കര്‍, തിരുവനന്തുപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ്‌ലാറ്റുകള്‍, വകയാറിന് പുറമേ, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ഓഫീസ് കെട്ടിടം എന്നിവയുണ്ട്. 125കോടിയോളം രൂപയുടെ ആസ്തി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച മക്കള്‍ പിടിയിലായതോടെ ഒളിവിലായിരുന്ന റോയി തോമസും ഭാര്യ പ്രഭയും പത്തനംതിട്ട എസ്പി ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു.

കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കിനല്‍കാതായതോടെയാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരാതികള്‍ ഉയര്‍ന്നുവന്നത്. നൂറുകണക്കിന് പരാതികള്‍ ഉയര്‍ന്നതോടെ തോമസ് ഡാനിയലും ഭാര്യയും ഒളിവില്‍ പോവുകയായിരുന്നു. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ മടക്കി നല്‍കാത്തതിന് കോന്നി പോലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

2000 കോടിയിലേറെ രൂപയുടെ തട്ടിപ്പുനടത്തി എന്നാണ് പ്രാഥമിക കണ്ടെത്തല്‍. വിവിധ സ്റ്റേഷനുകളിലായി മുന്നൂറില്‍പ്പരം പരാതികളാണ് ഇവര്‍ക്കെതിരെ ലഭിച്ചിരിക്കുന്നത്.

Back to top button
error: