കോവിഡിനെ പ്രതിരോധിക്കാന്‍ ഇനി മുതല്‍ കണ്ണടയും
കോവിഡ് നിരക്ക് ദിനംപ്രതി വര്‍ധിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. ലോകരാജ്യങ്ങളില്‍ തകൃതിയായി ഇവയെ തുരത്താനുളള വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്. എന്നാല്‍ കോവിഡിനെ സംബന്ധച്ച് ദിവസവും പല ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടുകളുമാണ് പുറത്ത് വരുന്നത്.
കോവിഡിനെ പ്രതിരോധിക്കാന്‍ ഇതുവരെ മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവുമായിരുന്നു എന്നാല്‍ ഇനി മുതല്‍ ഒരു കണ്ണടയും കൂടി വയ്ക്കാം എന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ണട ധരിക്കുന്നവര്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയത്. കണ്ണട വയ്ക്കുന്നവര്‍ക്ക് നിരന്തരം കണ്ണില്‍ തൊടാനുള്ള പ്രവണത കുറവായിരിക്കും. ഇത് മൂലം കൈകളില്‍ നിന്ന് കൊറോണ വൈറസ് കണ്ണുകളിലേക്ക് പകരാനുള്ള സാധ്യത കുറയുമെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണ മനുഷ്യര്‍ ഒരു മണിക്കൂറില്‍ പത്ത് തവണയെങ്കിലും അറിയാതെ തങ്ങളുടെ കണ്ണുകളില്‍ സ്പര്‍ശിക്കുമെന്നാണ് കണക്കാക്കുന്നത്. വൈറസ് ശരീരത്തിനുള്ളില്‍ കയറാതിരിക്കാന്‍ വായും മൂക്കും മാത്രമല്ല കണ്ണും സംരക്ഷിക്കണമെന്നു പുതിയ പഠനത്തിലൂടെ അടിവരയിടുന്നു.
ചൈനയിലെ സൈ്വയ്ചോയില്‍ നടത്തിയ ഗവേഷണ പഠനത്തില്‍ 276 രോഗികളാണ് പങ്കെടുത്തത്. നിത്യവും കണ്ണട വയ്ക്കുന്നവരില്‍ സാധാരണക്കാരെ അപേക്ഷിച്ച് അണുബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം ചൂണ്ടിക്കാട്ടി. കണ്ണട വയ്ക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത 5.8 ശതമാനമാണെങ്കില്‍ അല്ലാത്തവര്‍ക്ക് ഇത് 31.5 ശതമാനമായിരുന്നു.
കൊറോണ വൈറസ് ശരീര കോശങ്ങളില്‍ പ്രവേശിക്കാന്‍ ഉപയോഗപ്പെടുത്തുന്ന എസിഇ-2 റിസപ്റ്ററുകള്‍ നേത്ര പ്രതലത്തില്‍ ധാരാളമുള്ളത് കണ്ണിലൂടെ വൈറസ് അകത്ത് കടക്കാന്‍ വഴിയൊരുക്കുന്നു.