ഐ പി എൽ അഥവാ ഇന്ത്യൻ പണം കായ്ക്കുന്ന ലീഗ്: അജീഷ് മാത്യു കറുകയിൽ
ക്രിക്കറ്റ് ഓരോ ഇന്ത്യക്കാരന്റെയും രക്തത്തിൽ അലിഞ്ഞ വിനോദമാണ് . വേറെ ഏതൊരു വിനോദ ഉപാധിയേക്കാളും വേരും ജനപ്രിയതയും ക്രിക്കറ്റ് എന്ന കായിക വിനോദത്തിനു ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ സ്ഥാനമുണ്ട് .കപിലിന്റെ ചെകുത്താൻ മാർ മുതലിങ്ങോട്ടു ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കളി മാത്രമായിരുന്നില്ല അതൊരാഘോഷമായി മാറുകയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധങ്ങളായി പോലും മത്സരങ്ങൾ മാറുന്ന പിന്നാമ്പുറ രാഷ്ട്രീയം ഇന്ത്യയിൽ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് രാജ്യസ്നേഹത്തിന്റെ അധിക നിറം നൽകി ഗ്രാമ ഗ്രാമാന്തരങ്ങളിൽ പോലും ജനകീയമായ വിഭവമാക്കി ക്രിക്കറ്റിനെ വളർത്തി.
ടെലിവിഷന്റെ പ്രചുര പ്രചാരം ക്രിക്കറ്റിന്റെ ഇന്ത്യക്കാരന്റെ സ്വീകരണ മുറിയിലെ ഏറ്റവും പ്രീയപ്പെട്ട വിഭവമാക്കുന്ന ഇടത്തു നിന്നും ക്രിക്കറ്റ് വിനോദമെന്നതിൽ നിന്നും വലിയൊരു വ്യവസായമാണെന്ന തിരിച്ചറിവിലേയ്ക്കു കാര്യങ്ങൾ മാറി മറിഞ്ഞു . വിപണനം സാധ്യമാകുന്ന എന്തിനെയും കച്ചവടം ചെയ്യുന്ന വ്യാപാര മനസുകൾ പണമിറക്കിത്തുടങ്ങിയതോടെ ഇന്ത്യൻ ക്രിക്കറ്റ് അതിന്റെ ബാലാരിഷ്ടത വിട്ടു മുന്നേറ്റം തുടങ്ങി.
കപിൽദേവെന്ന ബ്രാൻഡ് സച്ചിൻ എന്ന ദൈവത്തിനു വഴിമാറിയതോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതു ചരിത്രം
പിറവിയെടുത്തു. ശാരദാശ്രമം വിദ്യാമന്ദിർ സ്കൂളിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ ഇരുപത്തിരണ്ടു യാർഡ് മൈതാനം കീഴടക്കിയ സച്ചിൻ രമേഷ് ടെണ്ടുൽക്കറെന്ന വെളുത്തു കുറുകിയ മനുഷ്യൻ ഇന്ത്യയിൽ ക്രിക്കറ്റ് ഒരു മതമാണെന്നും താനാണ് ആ മതത്തിലെ ദൈവമെന്നും ബാറ്റും ബോളും കൊണ്ടു പറയാതെ പറഞ്ഞു . വന്മതിലും ഓഫ്‌സൈഡിലെ ദൈവവും വെട്ടാൻ പറഞ്ഞാൽ കൊല്ലുന്ന വീരുവുമൊക്കെ ഇന്ത്യൻ ക്രിക്കറ്റിന്റെ വസന്തകാല പറവകളായി . അറുപതു ഓവർ ക്രിക്കറ്റ് അൻപതോവറും അത് ചുരുങ്ങി ഇരുപതു ഓവറും ആയതോടെ ക്രിക്കറ്റ് കൂടുതൽ ജനകീയമായി .ഒരു ബോളിവുഡ് സിനിമാ കാണുന്ന സമയം ചിലവൊഴിച്ചു അതിലും മികച്ച ത്രില്ലർ മത്സരങ്ങൾ മൈതാനങ്ങളിൽ അരങ്ങേറിയതോടെ കാണികളും ആവേശ കൊടുമുടിയിലായി .
സച്ചിനു ശേഷം മുരടിച്ചു പോകുമെന്ന ഭയത്തിലായിരുന്ന ക്രിക്കറ്റിന് പുത്തൻ പ്രതീക്ഷകൾ നൽകി റാഞ്ചിക്കാരൻ ഒരു മുടിയൻ മൈതാന മധ്യത്തിലേയ്ക്കു ഹെലികോപ്റ്റർ ഷോട്ടുകളുമായി പറന്നിറങ്ങി . 2007 ഐസിസി ട്വന്റി ട്വന്റി ലോകകപ്പ് പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണകാലം ആരഭിക്കുകയായി ……….
തുടരും ..