LIFETRENDING

കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞ കള്ളങ്ങൾ അദ്ദേഹത്തിൻറെ സഹപ്രവർത്തകൻ പാർലമെന്റിൽ പൊളിച്ചു, അന്തിചർച്ചക്കാർക്ക് അതൊന്നും വിഷയമല്ല -മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബിന്റെ പോസ്റ്റ്

സ്വർണക്കള്ളക്കടത്ത് കേസിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കട്ടുകയാണ് മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ്.

കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ –

Signature-ad

സ്വർണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പാർലെമെന്റിൽ വച്ച രേഖയിൽ രണ്ടു കാര്യങ്ങൾ പറയുന്നുണ്ട്.

ഒന്ന്: അത് ഡിപ്ലോമാറ്റിക് ബാഗിലാണ് വന്നത്.
രണ്ട്: അത് ഒരു ഡിപ്ലോമാറ്റിനാണ് വന്നത്.

ഇത് ഡിപ്ലോമാറ്റിക് ബാഗിലല്ല വന്നത് എന്ന് തർക്കിച്ചുനടന്ന ഒരു കേന്ദ്രമന്ത്രി നമുക്കുണ്ട്, വി മുരളിധരൻ. അദ്ദേഹം സാധാരണ മന്ത്രിയല്ല, ഇക്കാര്യങ്ങളെക്കുറിച്ച് അറിയാൻ ബാധ്യതപ്പെട്ട, ഇതുമായി ബന്ധപ്പെട്ടു ബാഗ് തുറക്കാൻ കസ്റ്റംസിന് നിയമപ്രകാരം അനുമതി കൊടുത്ത വിദേശകാര്യ വകുപ്പിലെ മന്ത്രിയാണ്.

ഈ പാഴ്‌സൽ വന്ന ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റിയുള്ള രണ്ടു പേരിൽ ഒരാളായ ചാർജ് ഡി അഫയേഴ്‌സ് എന്ന് വിളിക്കുന്ന അറ്റാഷെയെ ആർക്കാണ് സംശയം എന്ന് ചോദിച്ച ഒരേയൊരാൾ ശ്രീമാൻ മുരളീധരനാണ്.

സ്വർണ്ണം വിട്ടുകിട്ടാൻ കസ്റ്റംസിലേക്കു ആദ്യം വിളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസില്നിന്നാണ് എന്ന് പറഞ്ഞത് ബി ജെ പി യുടെ സംസ്‌ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രനാണ്.

എന്തടിസ്‌ഥാനത്തിലാണ് ഈ രണ്ടു നേതാക്കളും കേസന്വേഷണത്തിൽ ഇടപെട്ടുകൊണ്ട് സംസാരിച്ചത്, എന്ത് തെളിവുകളാണ് അവർ അന്വേഷണ ഏജൻസിയ്ക്കു മുൻപിൽ കൊടുത്തത് എന്ന കാര്യങ്ങളിൽ ആർക്കും ഒരു സംശയവുമില്ല, പ്രതിഷേധവുമില്ല.

അന്തിചർച്ചക്കാർക്കു അതൊരു വിഷയമേയല്ല.

മാസം രണ്ടു കഴിഞ്ഞു ഈ കേസിൽ ചർച്ച തുടങ്ങിയിട്ട്.

ഈ കേസിലൊരിടത്തും ഇടതുമുന്നണിയുടെ മന്ത്രിമാർക്കെതിരെയോ നേതാക്കൾക്കെതിരെയോ പോയിട്ട് ആ മുന്നണിയ്ക്കു വോട്ടു ചെയ്തു എന്ന് കരുതാവുന്ന ഒരാൾക്കെതിരെ പോലും ഒരു കേസുമില്ല.

എങ്കിലും എല്ലാ ദിവസവും രാവിലെ മുതൽ ഏതാനും മണിക്കൂറുകൾ ഇടതുമുന്നണി പ്രതിസ്‌ഥാനത്താണ്. മണിക്കൂറുകൾകൊണ്ട് ആ വാർത്തകൾ പൊളിയും. അന്തിചർച്ചയിൽ പക്ഷെ വീണ്ടും പ്രതിയാകും.

ഒരാഴ്ച കഴിയുമ്പോൾ ആ ആരോപണങ്ങൾ പൊടിപോലുമില്ലാതാകും.

***

എൻ ഐ എ യും കസ്റ്റംസും ഈ ഡി യും കൊണ്ടുപിടിച്ചു അന്വേഷിച്ചിട്ടും മുഖ്യമന്ത്രിയുടേ ഓഫീസിൽ നിന്നും പോയ വിളി കണ്ടെത്താനായില്ല.

പക്ഷെ കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞ കള്ളങ്ങൾ അദ്ദേഹത്തിൻറെ സഹപ്രവർത്തകൻ പാർലമെന്റിൽ പൊളിച്ചു. കേരളത്തിൽ പരിപൂർണ്ണ നിശ്ശബ്ദത.

അപ്പോഴും ഒരു കേസിലും ഇന്നുവരെ പ്രതിയല്ലാത്ത ജലീൽ രാജിവയ്ക്കണം; അതിനു നമ്മൾ ഏതറ്റവും വരെയും പോകും. അയാൾ കേരളത്തിൽ വണ്ടിയോടിച്ചു നടന്നാൽ ജീവന് ഭീഷണിയുണ്ട്, അത് നമ്മൾ കാണില്ല.

സർക്കാരിനെതിരെയാണ് നിലപാടെങ്കിൽ കേന്ദ്രത്തിലേതു സർക്കാരല്ല എന്നുണ്ടോ?

***

കേരളത്തിലെ മാധ്യമങ്ങൾക്കു ഇടതുപക്ഷമെന്നാൽ ഗുരുവായൂരിലേക്കരയ്ക്കുന്ന ചന്ദനം പോലെയായിരിക്കണം, ഒരു തരിപോലുമില്ലാതെ വെണ്ണപോലെയിരിക്കണം.

വലതുപക്ഷമായാൽ അവിടത്തെ ആനയിടുന്ന പിണ്ടം പോലെയായാലും വിഷയമില്ല.

എന്ത് തരം സ്വതന്ത്ര മാധ്യമപ്രവർത്തനത്തെപ്പറ്റിയാണ് സാർ, നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത്? ഒന്ന് സൂം ചെയ്തു നോക്കിയാൽ തീരുന്നതല്ലേയുള്ളൂ അത്?

Back to top button
error: