NEWS

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന് നേരെ സൈബര്‍ ആക്രമണം; മോദിയുടെ വിവരങ്ങളും ചോര്‍ന്നോ?

നുദിനം വളരുന്ന സാങ്കേതിക വിദ്യകള്‍ നമ്മുടെ ജീവിത സാഹചര്യങ്ങള്‍ തന്നെ മാറ്റിമറിക്കുന്നു. അതിനാല്‍ തന്നെ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുവരുന്നു. സൈബര്‍ ലോകം എന്നതുതന്നെ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ ഒരു ഭാവന ലോകമാണ്. നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം സൈബര്‍ കുറ്റകൃത്യങ്ങളിലും ഇരകളാവുന്നത് സ്ത്രീകളും കുട്ടികളുമാണെന്നതാണ് ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം. എന്നാല്‍ ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുളളവരുടെ ഡേറ്റ സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറുകള്‍ക്കെതിരെ സൈബര്‍ ആക്രമണം നേരിട്ടതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ഇന്ത്യയുടെ ഏറ്റവും വലിയ ഡേറ്റാ ഏജന്‍സിയായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനു (എന്‍ഐസി) നേര്‍ക്കാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. എന്‍ഐസിയുടെ കംപ്യൂട്ടറുകളില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ലഭിക്കുന്ന വിവരം. സെപ്റ്റംബര്‍ ആദ്യമാണ് സംഭവം. സംഭവത്തില്‍ ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്.

അതേസമയം, അന്വേഷണം നീളുന്നത് ബെംഗളൂരുവിലെ ഒരു കമ്പനിയിലേക്കാണ്. എന്‍ഐസിയിലെ ജീവനക്കാര്‍ക്ക് ലഭിച്ച ഒരു ഇമെയിലില്‍നിന്നാണ് ആക്രമണം തുടങ്ങിയത്. ഇതിലുണ്ടായിരുന്ന ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ആ കംപ്യൂട്ടറിലുള്ള വിവരങ്ങള്‍ ചോര്‍ന്നു. പിന്നീട് കമ്പ്യൂട്ടര്‍ സംവിധാനത്തെത്തന്നെ ആക്രമണം ബാധിക്കുകയായിരുന്നു.

പ്രധാനമന്ത്രിയെക്കൂടാതെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ വിവരങ്ങളും ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങളും ആക്രമണം നടന്ന കംപ്യൂട്ടറുകളില്‍ ശേഖരിച്ചിരുന്നു.

ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നതിനിടെയാണ് ഇന്ത്യയിലെ പ്രമുഖരെ ചൈന നിരീക്ഷിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഇന്ത്യയുടെ സുപ്രധാന നേതാക്കളേയും സൈനിക മേധാവികളേയും അവരുടെ കുടുംബാങ്ങളേയും ചൈന നിരീക്ഷിക്കുന്നതായി രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് സൈബര്‍ ആക്രമണവും. സമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് നിരീക്ഷണം. ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള ഒരു സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നത്. ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇതിനു പിന്നില്‍ എന്നാണ് സൂചന. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ ടൂളുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം. ഇന്ത്യന്‍ എക്സ്പ്രസ്സ് ആണ് ഈ വര്‍ത്ത പുറത്ത് വിട്ടത്.

രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ജനറല്‍ ബിപിന്‍ റാവത്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡേ, സി.എ.ജി അടക്കമുള്ള ഉദ്യോഗസ്ഥര്‍ , മന്‍മോഹന്‍ സിംഗ്, സ്മൃതി ഇറാനി, സോണിയ ഗാന്ധി , ഉദ്ധവ് താക്കറെ, ശിവരാജ് സിംഗ് ചൗഹാന്‍, മായാവതി, ശശി തരൂര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ എന്നിവരും നിരീക്ഷണ പട്ടികയിലുണ്ട്. ഇന്ത്യന്‍ വ്യവസായ രംഗത്തെ ഭീമനായ ടാറ്റായുടെ ചെയര്‍മാന്‍ രത്തന്‍ ടാറ്റയടക്കം 10,000 പേരെയാണ് ചൈന നിരീക്ഷിക്കുന്നതെന്നാണ് സുചന. കൂടാതെ, ചില സംസ്ഥാന മുഖ്യമന്ത്രിമാര്‍, രണ്ട് മുന്‍ രാഷ്ട്രപതിമാര്‍, അഞ്ച് മുന്‍ പ്രധാനമന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുണ്ട്.

സൈബര്‍ രംഗത്തെ ഒരു കമ്പനി വഴി എല്ലാവരുടേയും സമൂഹ മാധ്യമങ്ങളിലെ പ്രസ്താവനകളും പ്രസംഗങ്ങളും നിരന്തരം ശ്രദ്ധിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. വിവരസാങ്കേതിക മേഖലകളിലെ ചാരപ്രവര്‍ത്തനം ചൈന പല ലോകരാഷ്ട്രങ്ങളിലും നടത്തുന്നുവെന്ന തെളിവുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇന്ത്യയിലും അന്വേഷണം നടക്കുന്നത്. അതേസമയം, ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.കൂടാതെ ഡല്‍ഹിയിലെ ചൈനീസ് എംബസിയും ഈ വാര്‍ത്ത നിഷേധിച്ചു. ഇത്തരത്തില്‍ ഇന്ത്യക്കാരെ നിരീക്ഷിക്കാന്‍ ആരെയും ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്നാണ് എംബസി വ്യക്തമാക്കിയത്.

അതേസമയം, ആരോപണം അന്വേഷിക്കുന്നതിനായി ദേശീയ സൈബര്‍ സെക്യൂരിറ്റി കോഓര്‍ഡിനേറ്ററുടെ കീഴില്‍ ഒരു വിദഗ്ധ സമിതിയെ നിയമിച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Back to top button
error: