NEWS

ജലീലിനെ കൈവിടാതെ സിപിഐഎം, പരസ്യ പ്രസ്താവനയുമായി പിണറായിയും ബാലനും

മന്ത്രി കെ ടി ജലീലിനുള്ള നിരുപാധിക പിന്തുണയുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഒരാളെ ചോദ്യം ചെയ്തു എന്നതിന്റെ പേരില്‍ രാജി വെക്കേണ്ട ആവശ്യമില്ലെന്നും ഇ.ഡി വിളിപ്പിച്ചത് സ്വഭാവിക നടപടി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആക്ഷേപം ഉയര്‍ന്നപ്പോൾ പരിശോധന നടത്തി. പക്ഷേ ജലീല്‍ കുറ്റക്കാരനെന്ന് എങ്ങനെ പറയാനാവും. ഖുര്‍ആനും സകാത്തും ജലീല്‍ ചോദിച്ചിട്ടാണോ നല്‍കിയത്. യു.എ.ഇ കോണ്‍സുലേറ്റ് ജലീലിന്റെ സഹായം തേടിയപ്പോള്‍ ന്യൂനപക്ഷവകുപ്പ് മന്ത്രിയെന്ന നിലയില്‍ അദ്ദേഹം സഹായിച്ചു. അതെങ്ങനെ തെറ്റാകും…? കെ ടി ജലീല്‍ രാജി വെക്കാന്‍ മാത്രം എന്ത് തെറ്റാണ് ചെയ്തതെന്നും നാട്ടില്‍ പ്രശ്‌നമുണ്ടാക്കാനുള്ള മുദ്രാവാക്യം മാത്രമാണ് ജലീലിന്റെ രാജിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഖുര്‍ആന്‍ വിതരണം ചെയ്തതില്‍ ബിജെപിക്ക് ഹാലിളകുന്നത് സ്വാഭാവികമാണ്. എന്നുവെച്ച് ലീഗിൻ്റെ രോഷം മനസ്സിലാകുന്നില്ല. ഖുര്‍ആന്‍ ആകുമ്പോള്‍ ബിജെപിയുടെ വികാരം മറ്റൊന്നാണ്. അതേ വികാരത്തിലേക്ക് ലീഗും മാറണോ. ഇവിടെ ജലീല്‍ ആകുമ്പോള്‍ ഖുര്‍ആന്‍ ആയാലും തൊട്ടുകൂടാ എന്ന നിലയിലേക്ക് ലീഗ് മാറുകയാണ്.ജലീല്‍ മുന്നണി മാറിയതിന്റെ പക പലര്‍ക്കും വിട്ടുമാറിയിട്ടില്ല.

ജലീലിനെതിരെ ആക്ഷേപം ഉന്നയിച്ച്‌​ കേരളത്തി​ൻ്റെ പൊതുവായ അന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. നേരത്തേ വിരോധമുള്ള ചിലരും ജലീലുമായി സമരസപ്പെട്ടു പോകാന്‍ കഴിയാത്തവരുമുണ്ട്​. ഇതെല്ലാം ഓരോരുത്തരുടെ വീക്ഷണത്തിന്റെ ഭാഗമാണ്​. ആ വീക്ഷണത്തി​ന്റെ ഭാഗമായി ഒരു വ്യക്തിയെ തേജോവധം ചെയ്യാന്‍ പാടില്ല.

ബി.ജെ.പിക്കും ഇന്ത്യന്‍ യൂണിയന്‍ മുസ്​ലിം ലീഗിനും കാര്യങ്ങള്‍ ഒരേ രീതിയില്‍ നീക്കാന്‍ ജലീല്‍ എന്ന കഥാപാത്രത്തെ സൃഷ്​ടിക്കുന്നു. ഇത്​ ജലീല്‍ തെറ്റുചെയ്​തതുകൊണ്ടല്ല. ഈ രണ്ടുകൂട്ടര്‍ക്കും പ്രത്യേക ഉദ്ദേശങ്ങളുണ്ട്. ഇതിൻ്റെ പേരിൽ നാട്​ കുട്ടിച്ചോറാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഇത്​ സമൂഹത്തിന്​ മനസിലായി…മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേ സമയം നാദാപുരത്ത് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഉപകേന്ദ്രം പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിച്ച മന്ത്രി എ.കെ ബാലനും കെ.ടി.ജലീലിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഈമാന്‍ ഉളള വിശ്വാസിയാണ് ജലീൽ എന്നും കപട വിശ്വാസികളാണ് അദ്ദേഹത്തിനെതിരെ സമരം നടത്തുന്നതെന്നും മന്ത്രി എ.കെ.ബാലന്‍ വിശദീകരിച്ചു.നിരീശ്വര വാദികളുടെ കൂടെ ചെന്നാലും കപട വിശ്വാസികളുടെ കൂടെ നില്‍ക്കരുതെന്ന് റസൂല്‍ പറഞ്ഞിട്ടുണ്ട്.

എല്‍ഡിഎഫ് മാത്രമല്ല ജനങ്ങള്‍ മുഴുവന്‍ ഞങ്ങളോടൊപ്പം ഉണ്ട്. ലീഗ് വിട്ട് വന്നപ്പോള്‍ തുടങ്ങിയതാണ് ജലീലിനെതിരെയുള്ള ആക്രമങ്ങള്‍. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര തവണയാണ് പലരും ജലീലിനെതിരെ കോടതിയില്‍ പോയത്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സാധിച്ചോ. ഒടുവില്‍ പരാതിയുമായി പോയ ഒരു നേതാവിനെ ഹൈക്കോടതി തന്നെ ശാസിച്ചുവിട്ടു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇവിടെ സര്‍ക്കാരുണ്ടോ എന്നുവരെ കോടതി ചോദിച്ചിട്ടില്ലേയെന്നും ഈ സര്‍ക്കാരിനെതിരെ അങ്ങനെ ഏതെങ്കിലും തരത്തിലുള്ള പരാമര്‍ശങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു.

Back to top button
error: