LIFENEWS

പ്രതിപക്ഷ സമരങ്ങൾക്കെതിരെ മുഖ്യമന്ത്രി, പ്രതിപക്ഷം കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ബോധപൂർവം ശ്രമിക്കുന്നു

പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. പ്രതിപക്ഷം കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ബോധപൂർവം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രോഗം പടരാതിരിക്കാന്‍ നാടാകെ ശ്രമിക്കുകയാണ്. അതിനുവേണ്ടി ത്യാഗപൂര്‍ണമായി മാസങ്ങളോളം നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തുണ്ട്. സന്നദ്ധപ്രവര്‍ത്തകരും പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും വിശ്രമമില്ലാതെ ഇടപെടുന്നുണ്ട്. എന്നിട്ടും രോഗവ്യാപനം നമ്മെ വിഷമിപ്പിച്ചുകൊണ്ട് തുടരുകയാണ് എന്ന വസ്തുത ഓര്‍ക്കണം. ആ വ്യാപനത്തിന്‍റെ തോത് വര്‍ധിപ്പിക്കാനുള്ള ചില രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് നേരത്തേ തന്നെ നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. രോഗം പടര്‍ത്താനുള്ള നേരിട്ടുള്ള ശ്രമങ്ങള്‍ ഇവിടെ നടന്നു. അത് ഇപ്പോള്‍ എല്ലാ പരിധിയും വിട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Signature-ad

ഇന്ന് സംസ്ഥാന തലസ്ഥാനത്തടക്കം പല കേന്ദ്രങ്ങളിലും പ്രതിപക്ഷം കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കമാണ് നടത്തിയത്. സെക്രട്ടറിയറ്റിനു മുന്നിലെ സമരത്തെ സമരമെന്ന് പറയാനാകില്ല. കുറേ ആളുകളെ കൂട്ടിവന്നുള്ള സമരാഭാസമാണ് അത്. കോവിഡ്കാലത്ത് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകരുത് എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രോട്ടോകോള്‍ ലംഘിച്ചുള്ള സമരങ്ങള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി വിലക്കിയതാണ്.

മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും പൊതുസ്ഥലത്ത് ഇടപഴകാന്‍ നിയമപ്രകാരം ആര്‍ക്കും അനുവാദമില്ല. പരസ്യമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനുനേരേ ചീറിയടുക്കുന്ന കുറേ ആളുകളെയാണ് അവിടെ കണ്ടത്. അവര്‍ സ്വന്തം സുരക്ഷയല്ല, ഈ നാടിന്‍റെ തന്നെ സുരക്ഷയും സമാധാനവുമാണ് നശിപ്പിക്കുന്നത്. അത്തരം നീക്കങ്ങളെ ഒരു കാരണവശാലും അനുവദിക്കാനാവില്ല.

സമരം നടത്തുന്നതിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, കോവിഡ് പ്രതിരോധം തകര്‍ക്കാനും അതിലൂടെ നാടിന്‍റെ നിയമസമാധാനത്തിനൊപ്പം ആരോഗ്യകരമായ നിലനില്‍പ്പുകൂടി അട്ടിമറിക്കാനുള്ള നീക്കം ഏതു ഭാഗത്തുനിന്നും ഉണ്ടായാലും അത് തടയുന്നത് സര്‍ക്കാരിന്‍റെ പ്രാഥമിക ഉത്തരവാദിത്വമാണ്. സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി പന്താടാനുള്ളതല്ല ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതം. അത്തരം നീക്കങ്ങളില്‍ ജനപ്രതിനിധികള്‍ കൂടി ഉണ്ടാകുന്നു എന്നത് നിസ്സാര കാര്യമല്ല. നാട്ടിലാകെ കോവിഡ് പരത്താനുള്ള ശ്രമത്തെ വെച്ചുപൊറുപ്പിക്കാനാവില്ല എന്ന് ആവര്‍ത്തിച്ചു പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: