വി. മുരളീധരൻ കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവെയ്ക്കുക; ആഞ്ഞടിച്ച് മുഹമ്മദ് റിയാസ്
കൊച്ചി: സ്വര്‍ണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി വി.മരളീധരന്‍ രാജിവെയ്ക്കണമെന്ന ആവശ്യം ഉയരുകയാണ്. ഇപ്പോഴിതാ മുരളീധരന്റെ രാജി ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ്.
ഫെയ്സ്ബുക്കിലൂടെയാണ് റിയാസ് പ്രസാതാവന നടത്തിയത്. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലൂടെ അല്ലെന്ന മന്ത്രി വി. മുരളീധരന്റെ പ്രസ്താവന പ്രതികളെ സംരക്ഷിക്കാനാണ്. സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയെന്ന് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതോടെ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് മന്ത്രിസ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് കേസ് എന്‍ഐഎയെ ഏല്‍പ്പിച്ച ഉത്തരവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിനെതിരെ വി. മുരളീധരന് പ്രസ്താവന ഇറക്കിയതിന് പിന്നിലുള്ള താല്‍പ്പര്യമെന്താണെന്നും റിയാസ് കുറിപ്പിലൂടെ ചോദിക്കുന്നു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനോട് നയതന്ത്ര ബാഗേജ് അല്ലെന്ന കേന്ദ്രമന്ത്രിയുടെ അതേ അഭിപ്രായം പറയാന്‍ ബിജെപിയുടെ ചാനല്‍ മേധാവി ആവശ്യപ്പെട്ടതെന്തിനാണെന്നും ഈചാനല് മേധാവിയെ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് സംഘത്തില്‍ ചിലരെ മാറ്റിയത് വി. മുരളീധരന്റെ ഇടപെടല്‍ മൂലമാണെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും വി. മുരളീധരനെതിരെ മിണ്ടാത്തത് സ്വര്ണക്കടത്തില്പെട്ട യുഡിഎഫിന്റെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനുള്ള പ്രത്യുപകാരമാണ്. മുസ്ലിം ലീഗ് – ബിജെപി – കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലരുടെ അവിശുദ്ധ കൂട്ടുകെട്ട് കൊണ്ട് തടയാനാവുന്നതല്ല മുരളീധരന്റെ രാജി എന്ന പൊതു വികാരമെന്നും മുഹമ്മദ് റിയാസ് കുറിച്ചു.
https://www.facebook.com/PAMuhammadRiyas/posts/1563010370568232