LIFENEWS

മോഡിയും സോണിയയും ഉൾപ്പെടെ പതിനായിരത്തോളം പ്രമുഖരെ ചൈന നിരീക്ഷിക്കുന്നുവെന്ന്‌ റിപ്പോർട്ട്, ഷാൻഹായ് ഡാറ്റ ഇൻഫർമേഷൻ ടെക്നോളജി ലിമിറ്റഡിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഇന്ത്യൻ എക്സ്പ്രസ്സ്‌

ചൈനീസ് സർക്കാരുമായും കമ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധമുള്ള സ്ഥാപനം ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നതായി റിപ്പോർട്ട്. ഷാൻഹായ് ഡാറ്റ ഇൻഫർമേഷൻ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യൻ നേതാക്കളെ നിരീക്ഷിക്കുന്നതെന്ന്‌ ഇന്ത്യൻ എക്സ്പ്രസ്സ്‌ റിപ്പോർട്ട് ചെയ്യുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ബിഗ് ഡാറ്റാ ടൂൾ എന്നിവ ഉപയോഗിച്ചാണത്രേ നിരീക്ഷണം. അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വളരെ ഗൗരവമുള്ളതാണ് ആരോപണം.

രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോഡി, കോൺഗ്രസ്‌ പ്രസിഡന്റ് സോണിയ ഗാന്ധി, ചീഫ് ഓഫ് ഡിഫൻസ്‌ സ്റ്റാഫ്‌ ബിപിൻ റാവത്ത്, മന്ത്രിമാർ,സൈനിക ഉദ്യോഗസ്ഥർ തുടങ്ങി പതിനായിരത്തോളം പേരെയാണ് ചൈന നിരീക്ഷിക്കുന്നത്.

വാർത്തയോട് കമ്പനി പ്രതികരിച്ചിട്ടില്ല. ആരെയും നിരീക്ഷിക്കാൻ ചൈന ഏർപ്പാട് ആക്കിയിട്ടില്ല എന്നാണ് ചൈനീസ് എംബസിയുടെ വിശദീകരണം.

വ്യക്തികളെ മാത്രമല്ല രാഷ്ട്രീയ പാർട്ടികളെയും മത സംഘടനകളെയും ആൾ ദൈവങ്ങളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ഒക്കെ നിരീക്ഷിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ബിഗ് ഡാറ്റ ടൂളുകളുമായി കഴിഞ്ഞ രണ്ട് മാസം നടത്തിയ അന്വേഷണത്തിൽ ആണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇന്ത്യയെ കൂടാതെ അമേരിക്ക, ബ്രിട്ടൻ തുടങ്ങി നിരവധി രാജ്യങ്ങളും നിരീക്ഷണ വലയത്തിൽ ആണ്.

രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളും നിരീക്ഷണ പട്ടികയിൽ ഉണ്ട്. ഉന്നത ഉദ്യോഗസ്ഥരും ഈ പട്ടികയിൽ പെടുന്നു. വാർത്താ മാധ്യമങ്ങളും നിരീക്ഷണ വലയത്തിൽ ഉണ്ട്. സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെ കായിക തരങ്ങളെയും നിരീക്ഷിക്കുന്നുണ്ട്.

അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗൗരവമുള്ള വിഷയം ആണിത്. മാത്രമല്ല ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ നടത്തുന്ന നീക്കങ്ങൾക്ക് തിരിച്ചടി നൽകാൻ ആണോ നിരീക്ഷണം എന്നതും പരിശോധിക്കുന്നുണ്ട്.

Back to top button
error: