ജലീലിന് നേരെ യുവജന സംഘടനങ്ങളുടെ കരങ്കൊടി പ്രതിഷേധം
മലപ്പുറം: മന്ത്രി കെ ടി ജലീലിന് നേരെ യുവജന സംഘടനങ്ങളുടെ കരങ്കൊടി പ്രതിഷേധം. വളാഞ്ചേരി കാവുംപുറത്തെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകവെയാണ് മന്ത്രിക്ക് നേരെ യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടികാണിച്ച് പ്രതിഷേധിച്ചത്.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരത്തേക്ക് പോകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇഡി ചോദ്യം ചെയ്തതിന് ശേഷം മന്ത്രി വീട്ടിലേക്കാണ് എത്തിയത്. അതിന് ശേഷം മന്ത്രി പുറത്തേക്കിറങ്ങിയിട്ടില്ലായിരുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെയാണ് ജലീല്‍ രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയത്.
സ്വര്‍ണക്കടത്ത് കേസിനിടെയാണ് യു.എ.ഇ.യില്നിന്ന് മതഗ്രന്ഥങ്ങള്‍ വന്നവിവരം പുറത്തുവരുന്നത്. വിവാദ പെട്ടികള്‍ വിദ്യാഭ്യാസവകുപ്പിന്റെ വാഹനത്തില്‍ കൊണ്ടുപോയത് ആരോപണത്തിന് തീപിടിക്കുന്നതിന് കാരണമായി. സ്വപ്നാ സുരേഷുമായുള്ള ഫോണ്‍വിളി വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മന്ത്രി തീര്‍ത്തും പ്രതിരോധത്തിലായി. പെട്ടികളില്‍ വന്നത് മതഗ്രന്ഥങ്ങള്‍ തന്നെയാണോയെന്ന ചോദ്യവും ഉയര്‍ന്നു. ഇ.ഡി.യുടെ അന്വേഷണംകൂടിയായതോടെ മന്ത്രി സംശയനിഴലിലാവുകയായിരുന്നു.