NEWS

ക്രൂരമായ പ്രതികാരം: സിപിഐ എം പിബി

ആഭ്യന്തര മന്ത്രി അമിത്‌ഷാ നിയന്ത്രിക്കുന്ന ഡൽഹി പൊലീസ്‌ വടക്കുകിഴക്കൻ ഡൽഹിയിൽ  കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ഭീകര വർഗീയകലാപവുമായി ബന്ധപ്പെട്ട്‌ പ്രമുഖ രാഷ്ട്രീയനേതാക്കളെയും അക്കാദമിക്‌ പണ്ഡിതരെയും കേസുകളിൽപെടുത്താൻ ശ്രമിക്കുന്നതിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ശക്തിയായി പ്രതിഷേധിച്ചു.    ക്രൂരമായ പക്ഷപാതവും പ്രതികാരവും നിറഞ്ഞ ഈ നടപടിയെ എത്ര അപലപിച്ചാലും മതിയാകില്ല. സമാധാനപരമായ പ്രതിഷേധങ്ങളും കുറ്റകരമാണെന്ന്‌ വരുത്തിത്തീർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിക്കേണ്ടത്‌ ഭരണഘടനസംരക്ഷണത്തിനു അനിവാര്യമാണ്‌. 

വർഗീയകലാപത്തിനു ആർഎസ്‌എസും ബിജെപിയും സ്വന്തമായ വ്യാഖ്യാനം ചമച്ച്‌, ഇതിനെ പൗരത്വനിയമഭേദഗതി വിരുദ്ധപ്രക്ഷോഭകരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന്‌ വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്‌. ഏറ്റവും ഒടുവിൽ  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, വിഖ്യാത സാമ്പത്തിക ശാസ്‌ത്രജ്ഞ ജയതിഘോഷ്‌, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ്‌, സ്വരാജ്‌ അഭിയാൻ നേതാവ്‌ യോഗേന്ദ്രയാദവ്‌, ഡോക്യുമെന്ററി പ്രവർത്തകൻ രാഹുൽ റോയ്‌ എന്നിവർ അടക്കം ‘ഒരു പദ്ധതിയുടെ ഭാഗമായി’ പ്രതിഷേധം പ്രോത്സാഹിപ്പിച്ചവരാണെന്ന്‌ ആരോപിക്കുകയാണ്‌ ഡൽഹി പൊലീസ്‌.

Signature-ad

ഈ പ്രമുഖവ്യക്തികൾ പ്രതിഷേധങ്ങൾക്ക്‌ പ്രചോദനം നൽകിയെന്ന്‌  കോടതിയിൽ സമർപ്പിച്ച  അനുബന്ധകുറ്റപത്രത്തിലാണ്‌ ഡൽഹിപൊലീസ്‌ ആരോപിക്കുന്നത്‌. പ്രമുഖരായ എതിരാളികളെ കേസുകളിൽ കുടുക്കി മോശക്കാരായി ചിത്രീകരിക്കാൻ സിബിഐ, എൻഐഎ, ഇഡി തുടങ്ങിയ കേന്ദ്രഏജൻസികളെ ഉപയോഗിച്ചുവരുന്നതിന്റെ മാതൃകയിലാണ്‌ ഡൽഹിപൊലീസിന്റെ ഈ നീക്കവും. സർക്കാരിന്റെ അധികാരദുർവിനിയോഗത്തെ ശക്തമായി എതിർക്കുന്നവരുടെ പേരിൽ ദേശസുരക്ഷനിയമം, യുഎപിഎ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തി പീഡിപ്പിക്കുകയും ചെയ്യുന്നു.

ഭീമ-കൊറഗാവ്‌ കേസിൽ എൻഐഎയുടെ ഏകപക്ഷീയ നടപടികളും കേസ്‌ അന്വേഷണത്തിന്റെ ഗതികളും ഈ പ്രവണതയുടെ ഭാഗമാണ്‌. ഡോ. കഫീൽഖാന്റെ പേരിൽ ചുമത്തിയ ദേശസുരക്ഷനിയമക്കുറ്റം എടുത്തുകളഞ്ഞ്‌ അലഹബാദ്‌ ഹൈക്കോടതി അദ്ദേഹത്തിനു ജാമ്യം നൽകിയത്‌ ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്‌.

രാജ്യത്തിന്റെ ഭരണഘടനയ്‌ക്കും ജനാധിപത്യത്തിനും നേരെ കടുത്ത കടന്നാക്രമണമാണ്‌ നടക്കുന്നതെന്ന്‌ പിബി പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി
            

Back to top button
error: