108 ആംബുലൻസുകളിൽ ഒളിഞ്ഞിരിക്കുന്ന അഴിമതി: മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: 108 ആംബുലന്‍സുകള്‍ക്കെതിരെ അഴിമതി ആരോപണവുമായി മാത്യു കുഴല്‍നാടന്‍.
കഴിഞ്ഞ ദിവസം കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണ് 108 ആംബുലന്‍സില്‍ വെച്ച് കോവിഡ് രോഗിയായ ഒരു സഹോദരി പീഡിപ്പിക്കപ്പെട്ടത്. അതിനെ തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നു. എന്നാല്‍ ഈ കോവിഡ് കാലഘട്ടത്തില്‍ 108 ആംബുലന്‍സുമായി ബന്ധപ്പെട്ട് നടത്തിയിട്ടുളള വലിയ ഒരു അഴിമതിയുടെ ചുരുളും ഇതോടൊപ്പം അഴിഞ്ഞുവെന്നും ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മുന്നൂറ്റിപതിനഞ്ച് 108 ആംബുലന്‍സുകളുടെ കരാര്‍ ഹൈദരാബാദ് കമ്പനിക്ക് നല്‍കിയതില്‍ അഴിമതിയുണ്ടെന്നും ഒറ്റ ഏജന്‍സി മാത്രമാണ് ബിഡില്‍ പങ്കെടുത്തത് എന്നിരിക്കെ റീ ടെന്‍ഡര്‍ പോലുമില്ലാതെ ഉയര്‍ന്ന തുകയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ ആരോപിക്കുന്നു.
സാധാരണ ആംബുലന്‍സുകള്‍ 10 കിലോ മീറ്ററിന് 600 രൂപയ്ക്ക് സര്‍വീസ് നടത്തുമ്പോള്‍ 108 ആംബുലന്‍സുകള്‍ക്ക് 1 കിലോമീറ്ററിന് മാത്രം 224 രൂപയാണ് നല്‍കുന്നത്. ഇന്ത്യയില്‍ തന്നെ ഉയര്‍ന്ന തുകയാണ് ഇത്. മള്‍ട്ടി ട്രീറ്റ്‌മെന്റ് സംവിധാനങ്ങള്‍ ഉള്ളത് കൊണ്ടാണ് 108 ആംബുലന്‍സുകള്‍ക്ക് ചാര്‍ജ് കൂടുതല്‍ എന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ വിശദീകരണം. വാഗ്ദാനം ചെയ്ത ജിപിഎസ് അടക്കമുള്ള അധിക സൗകര്യങ്ങള്‍ ആംബുലന്‍സുകളില്‍ ഇല്ലെന്നും ഇതാണ് ആംബുലന്‍സിലെ പീഡനത്തിന് വഴി വെച്ചതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
ആരോഗ്യമന്ത്രി ഇടപെട്ട് കരാര്‍ മുതല്‍, സൗകര്യങ്ങള്‍ വരെയുള്ള കാര്യത്തില്‍ ഇളവുകള്‍ ചെയ്തു നല്‍കിയോ എന്നതില്‍ മറുപടി പറയണമെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി.