കോവിഡ് നിയന്ത്രണങ്ങളോടെ നീറ്റ് പരീക്ഷ ആരംഭിച്ചു: ഒരു ക്ലാസ് മുറിയില്‍ 12 കുട്ടികള്‍
കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളോടെ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ആരംഭിച്ചു. സംസ്ഥാനത്ത് 322 കേന്ദ്രങ്ങളിലായി 1,16,000 വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുക്കുന്നത്.
24ന് പകരം12പേരാണ് ഒരു ക്ലാസ് മുറിയില്‍ പരീക്ഷ എഴുതുക. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ പരീക്ഷാര്‍ഥികള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ നേരത്തെ നിലവിലുള്ള നിയന്ത്രണങ്ങളും വിദ്യാര്‍ഥികള്‍ക്ക് ബാധകമാണ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പരീക്ഷ.
പലയിടങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് പരീക്ഷാകേന്ദ്രങ്ങളിലെത്തി ചേരാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയാസം നേരിട്ടു. സാമൂഹിക അകലം പാലിച്ചു കൊണ്ട് ഉച്ചയ്ക്ക് ഒന്നരമണിവരെ വിദ്യാര്‍ത്ഥികളെ പരീക്ഷാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പമെത്തിയ മാതാപിതാക്കള്‍ പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നതിന് വിലക്കുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷവും ഒരുകൂട്ടം വിദ്യാര്‍ത്ഥികളും പരീക്ഷ നടത്തരുതെന്ന് സുപ്രിംകോടതിയില്‍ അടക്കം അഭ്യര്‍ത്ഥിച്ചിരുന്നു. രണ്ട് തവണ മാറ്റിവച്ച പരീക്ഷ ഇനി വീണ്ടും മാറ്റിവയ്ക്കനാകില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്കായി കേരളമുള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ യാത്രാ സൗകര്യമൊരുക്കിയിട്ടുണ്ട്.