NEWS

കൈയ്യേറ്റ ഭൂമി എന്ന് തിരിച്ച് പിടിക്കും; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍

ന്ത്യ – ചൈന അതിര്‍ത്തി പ്രശ്നത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ചൈന കൈയടക്കിയ പ്രദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കുമെന്നാണ് രാഹുലിന്റെ ചോദ്യം. ‘ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നു. അത് സര്‍ക്കാര്‍ എപ്പോള്‍ തിരിച്ചുപിടിക്കും? അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കയ്യൊഴിയുമോ?’, രാഹുല്‍ ട്വീറ്റ് ചെയ്തു. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടായത് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞതിനെക്കൂടി ഉദ്ദേശിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് നേരത്തെയും രാഹുല്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായ അലംഭാവം കൊണ്ടാണ് 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഗല്‍വാനിലെ ചൈനീസ് ആക്രമണം ആസൂത്രിതമായിരുന്നുവെന്നും പ്രശ്നത്തെ നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവെന്നും അക്രമത്തില്‍ വിലകൊടുക്കേണ്ടി വന്നത് രക്തസാക്ഷികളായ സൈനികര്‍ക്കായിരുന്നെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.

അതേസമയം, അതിര്‍ത്തി സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ഇന്ത്യ-ചൈന ധാരണയായി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്.ഇരു സേനകള്‍ക്കുമിടയില്‍ ഉചിതമായ അകലം പാലിക്കണം, സേന പിന്മാറ്റം വേഗത്തില്‍ വേണം, സ്ഥിതി സങ്കീര്‍ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കും, ഉഭയകക്ഷി കരാറുകള്‍ പാലിക്കും, പരസ്പര വിശ്വാസം ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങളും നടപടിയെടുക്കും തുടങ്ങിയ 5 കാര്യങ്ങളിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. മോസ്‌കോയില്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിനിടെയാണ് ഇരു വിദേശകാര്യ മന്ത്രിമാരും ഇന്നലെ ചര്‍ച്ച നടത്തിയത്.

ചൈനയുടെ നടപടികളാണ് പ്രശ്‌നം വഷളാക്കിയതെന്ന് എസ് ജയശങ്കര്‍ വാംഗ് യിയെ അറിയിച്ചു.ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ മറികടന്നുവെന്ന വാദം തെറ്റാണെന്നും എസ് ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രിയോട് വ്യക്തമാക്കി. പറഞ്ഞു. എന്നാല്‍ അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം ഉണ്ടായിട്ടില്ലെന്ന വാദം ചൈന ആവര്‍ത്തിച്ചു.സേനാ പിന്മാറ്റത്തിനുള്ള ധാരണകള്‍ ലംഘിക്കരുതെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ രണ്ടര മണിക്കൂര്‍ നീണ്ടു നിന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്ത ശേഷം ഇരുവരും മുമ്പ് ഫോണിലൂടെ സംസാരിച്ചിരുന്നു.

Back to top button
error: