NEWS

രാജ്യത്തെ കോടതികളില്‍ രാഷ്ട്രീയക്കാര്‍ക്കെതിരായി 4,500 ക്രിമിനല്‍ കേസുകള്‍

ര്‍ദ്ധനഗ്‌നനായ ഗാന്ധിയെക്കാള്‍ ഇഷ്ടം കോട്ടിട്ട അംബേദ്കറെയാണ്. സാമൂഹിക നീതിക്കായ് എടുക്കുന്ന രാഷ്ട്രീയ നിലപാടുകളും അത് നടപ്പിലാക്കാനെടുക്കുന്ന പ്രയത്‌നങ്ങളുമല്ലേ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ സാമൂഹിക ജീവിതത്തെ നിര്‍ണ്ണയിക്കുന്നത്. ആ രാഷ്ട്രീയ അടിത്തറയില്‍ നിന്ന് നോക്കുന്നത് കൊണ്ടാണ് ഒറ്റമുണ്ട് വേഷ്ടിയുടുത്ത ഗാന്ധിയന്‍ ലാളിത്യവും രാഷ്ട്രീയവും മാറ്റിവെക്കേണ്ടുന്ന ഒന്നായി മാറുന്നത്.

വ്യക്തി ജീവിതത്തില്‍ ആര്‍ക്കും എങ്ങനെയും ജീവിക്കാം. ലളിതമായോ ആര്‍ഭാടമായോ എങ്ങനെ വേണമെങ്കിലും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ, അത് സമൂഹം ആഘോഷിക്കുന്ന ഒന്നായി തീരുന്നത് ആ സമൂഹത്തിനകത്ത് ആ ജീവിതം എന്തുതരം രാഷ്ട്രീയ ഉള്‍ക്കാഴ്ചയാണ് നല്‍കുന്നത് എന്നത് സംബന്ധിച്ചിരിക്കും. എന്നാല്‍ ആ രാഷ്ട്രീയ ഉള്‍കാഴ്ചയെ ഇല്ലാതാക്കുന്ന വാര്‍ത്തകളാണ് സമൂഹം കണ്ടുകൊണ്ടിരിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതും.

രാജ്യത്തെ കോടതികളില്‍ രാഷ്ട്രീയക്കാര്‍ക്കെതിരായി 4,500 ക്രിമിനല്‍ കേസുകളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. രാജ്യത്താകെ മുന്‍ സാമാജികരും നിലവിലുള്ളവരും അതില്‍ ഉള്‍പ്പെടുന്നു.

രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ നിയമസഭാ സാമാജികരുടെ സ്വാധീനം മൂലം നിരവധി കേസുകള്‍ പ്രാരംഭ ഘട്ടത്തിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

മുന്‍ എംഎല്‍എ, എംപിമാര്‍ക്കും നിലവിലെ അംഗങ്ങള്‍ക്കും എതിരായ 4,442 കേസുകളില്‍ 174 കേസുകള്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. 352 കേസുകളിലെ വിചാരണ, ഹൈക്കോടതിയോ സുപ്രീം കോടതിയോ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ജസ്റ്റീസുമാരായ എന്‍.വി രമണ, സൂര്യകാന്ത്, ഋഷികേശ് റോയ് എന്നിവരടങ്ങിയ മൂന്നംഗബെഞ്ച് പറഞ്ഞു.

ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ആവശ്യപ്പെട്ട് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. നിലവില്‍ ആറ് വര്‍ഷത്തേക്കാണ് വിലക്കുള്ളത്.

ഹര്‍ജി പരിഗണിച്ച കോടതി മുന്‍ എംപിമാര്‍, എംഎല്‍എമാര്‍ക്കും നിലവിലെ അംഗങ്ങള്‍ക്കും എതിരായ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ രാജ്യത്തെ 24 ഹൈക്കോടതികളില്‍ തേടിയിരുന്നു. തീര്‍പ്പുകല്‍പ്പിക്കാത്ത അഴിമതി കേസുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍, കസ്റ്റംസ് നിയമപ്രകാരമുള്ള കേസുകള്‍ എന്നിവയുടെ വിവരങ്ങളും ഹൈക്കോടതികളില്‍ നിന്ന് സുപ്രീം കോടതി തേടിയിട്ടുണ്ട്.

സമൂഹത്തില്‍ നിന്ന് കുറ്റകൃത്യങ്ങള്‍ തുടച്ചു നീക്കുകയും ക്രിമിനല്‍ പ്രവണതകള്‍ ഇല്ലാതാക്കുകയും ചെയ്യേണ്ടവരാണ് ഭരണകൂടങ്ങള്‍. എന്നാല്‍ രാഷ്ട്രീയക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നതിലൂടെ ഭരണകൂടം തന്നെ ക്രിമിനല്‍ പ്രവണതക്ക് വളം വെച്ചുകൊടുക്കുകയാണ്. ഇതാണ് രാജ്യത്ത് രാഷ്ട്രീയ സംഘട്ടനങ്ങള്‍ വര്‍ധിക്കാനും രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറാനും കാരണം. രാഷ്ട്രീയത്തിന്റെ ബാനറില്‍ എന്ത് അതിക്രമങ്ങളും വേണ്ടാത്തരങ്ങളും കാണിച്ചാലും നേതാക്കള്‍ തങ്ങളെ കാത്തുകൊള്ളുമെന്ന ഒരു വിശ്വാസം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുണ്ട്. ഇത് മാറണം.

ക്രിമിനല്‍ കുറ്റകൃത്യങ്ങളെ വെള്ളപൂശാന്‍ ഒരു നേതാവും സന്നദ്ധമാകില്ലെന്ന് അണികള്‍ക്കും നേതാക്കള്‍ക്കും ബോധ്യം വരുന്ന സ്ഥിതിയിലേക്ക് നിയമസംവിധാനങ്ങള്‍ ഉയരുകയും കാര്യക്ഷമമാകുകയും വേണം. എങ്കിലേ തുല്യനീതി എന്ന ഭരണഘടനയുടെ 14ാം അനുഛേദം സാര്‍ഥകമാകുകയുള്ളൂ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker