NEWS

ഇന്ദിരാ ഗാന്ധിയുടെ മരണവും രാജീവ് ഗാന്ധിയുമൊത്തുള്ള വിമാനയാത്രയും ,ഒരു വിമാന യാത്ര മാറ്റിമറിച്ച രാഷ്ട്രീയ ജീവിതത്തിന്റെ പേരാണ് പ്രണബ് കുമാർ മുഖർജി

1984 ഒക്ടോബർ 31 .ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് വെടിയേൽക്കുന്നു .അന്ന് കൽക്കത്തയിൽ ആയിരുന്നു പ്രണബ് മുഖർജി .ഭാഗ്യമോ നിർഭാഗ്യമോ ആകാം .രാജീവ് ഗാന്ധിയും അന്ന് കൽക്കത്തയിൽ ആയിരുന്നു .രാജീവിനെയും പ്രണബിനെയും ഡൽഹിക്ക് കൊണ്ട് വരാൻ പ്രത്യേക വിമാനം ഒരുങ്ങുന്നു .അപ്പോൾ എല്ലാവർക്കുമുള്ള വിവരം ഇന്ദിരാഗാന്ധിക്ക് വെടിയേറ്റു എന്നും ഡോക്ടർമാർ ജീവൻ തിരിച്ചു പിടിക്കാൻ ശ്രമം നടത്തുന്നു എന്നുമാണ് .

അടുത്തടുത്തല്ല രാജീവും പ്രണബും ഇരുന്നത് .രാജീവിനൊപ്പം വേറെ ആളുകൾ ഉണ്ടായിരുന്നു .പ്രണബ് ആകട്ടെ ഒറ്റക്ക് സീറ്റിൽ ഇരിക്കുകയാണ് .രാജീവിനെ കോക്പിറ്റിലേക്ക് വിളിപ്പിച്ചു .കുറച്ചു കഴിഞ്ഞ് രാജീവ് കോക്പിറ്റിൽ നിന്ന് ഇറങ്ങി വന്നു പ്രഖ്യാപിച്ചു, ഇന്ദിര നമ്മോടൊപ്പമില്ല .

രാജീവ് വല്ലാത്ത മൗനം മുഖത്തണിഞ്ഞു .എന്നാൽ തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തിയ ഇന്ദിരാ ഗാന്ധിയെ ഓർത്ത് പ്രണബ് വിതുമ്പി .അത് പിന്നീട് ഗദ്ഗദമായി .എല്ലാവരും പ്രണബിനെ നോക്കി .സ്വയം നിയന്ത്രിച്ച് പ്രണബ് മുഖം തുടച്ചു .

സർക്കാരിന്റെ നാഥയാണ് മറഞ്ഞു പോയിരിക്കുന്നത് .ഇനി സർക്കാരിനെ മുന്നോട്ട് കൊണ്ട് പോകേണ്ടത്
മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനായ പ്രണബ് മുഖർജിയാണ് .പ്രണബ് എഴുന്നേറ്റ് കോക്ക്പിറ്റിലേക്ക് നടന്നു .പൈലറ്റിന്റെ റേഡിയോയിലൂടെ ഒരു സന്ദേശം കൊടുത്തു .മൂന്നു സേനാ തലവന്മാരും ക്യാബിനറ്റ് സെക്രട്ടറിയും വിമാനത്താവളത്തിൽ എത്തണമെന്ന് .ജവഹർലാൽ നെഹ്‌റുവിന്റെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും മരണ സമയത്ത് ഗുൽസാരി ലാൽ നന്ദ ചെയ്തത് പ്രണബ് ഓർത്തു കാണും .

തിരിഞ്ഞു നോക്കുമ്പോൾ ആ പ്രവർത്തി തന്റെ രാഷ്ട്രീയ കരിയറിനെ തന്നെ ബാധിച്ചുവെന്ന് പിന്നീട് പ്രണബ് പറയുകയുണ്ടായി .വിമാനത്താവളത്തിൽ സേനാ തലവന്മാർ പ്രണബിൽ നിന്ന് ഉത്തരവെടുക്കുന്നത് രാജീവിന്റെ സഹായികൾ ശ്രദ്ധിച്ചു .ഇനിയിപ്പോൾ പ്രണബ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ പോകുകയാണോ?പലർക്കും സംശയങ്ങൾ .

പ്രണബ് അപ്പോൾ തന്നെ രാജീവിനോട് അടുപ്പമുള്ളവരോട് നല്ല ബന്ധത്തിൽ അല്ലായിരുന്നു .പ്രത്യേകിച്ചും അരുൺ നെഹ്രുവിനോട് .അടിയന്തിര സാഹചര്യം നേരിടാൻ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത ശേഷം  രാജീവ് ഗാന്ധി രൂപീകരിച്ച ചെറു മന്ത്രിസഭയിൽ ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലെ രണ്ടാമൻ ആയ പ്രണബ് കുമാർ മുഖർജി ഉണ്ടായിരുന്നില്ല .

ആ ശൈത്യത്തിലെ തെരഞ്ഞെടുപ്പിൽ രാജീവ് ചരിത്ര വിജയം നേടി .ഡൽഹിയിൽ പ്രണബിന്റെ ആവശ്യം ഉണ്ടായിരുന്നില്ല .രാജീവ് പ്രണബിനെ ബംഗാളിലേക്ക് അയച്ചു .പിന്നാലെ പ്രണബ് പാർട്ടിയിൽ നിന്ന് തന്നെ നിഷ്കാസിതൻ ആയി .അങ്ങിനെ കോൺഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തിൽ നിന്ന് പ്രണബ് തന്റെ കൊച്ചു പ്രസ്ഥാനത്തിലേക്ക് ഒതുങ്ങി .

നാല് വര്ഷം കഴിഞ്ഞു  .രാജീവ് ഗാന്ധി തന്റെ വിശ്വസ്തരെ പുനഃപരിശോധനക്ക് വിധേയനാക്കുന്ന കാലം .പി കെ എം എന്ന് രാജീവ് വിളിക്കുന്ന പ്രണബ് കുമാർ മുഖർജി വീണ്ടും കണ്ടെടുക്കപ്പെടുന്നു .കോൺഗ്രസിന്റെ സാമ്പത്തിക നയം രൂപപ്പെടുത്താൻ രാജീവ് പ്രണബിനോട് ആവശ്യപ്പെടുന്നു .1991 ൽ പ്രധാനമന്ത്രിയാകാൻ രാജീവ് ഗാന്ധി ജീവിച്ചിരുന്നെങ്കിൽ മൻമോഹൻ സിങ് ആകുമായിരുന്നില്ല ആ ചരിത്ര സന്ധിയിലെ ധനകാര്യ മന്ത്രി ,ആ പദത്തിന് രാജീവിന്റെ മനസ്സിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു ,മറ്റാരുമല്ല പ്രണബ് കുമാർ മുഖർജി .

Back to top button
error: