നെടുങ്കണ്ടം കസ്റ്റഡി മരണം; മൂന്ന് പൊലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കും
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി മുന്‍ എസ്പി കെ.ബി വേണുഗോപാലടക്കം മൂന്ന് പൊലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കും.
ഡിവൈഎസ്പിമാരായ ഷംസ്, അബ്ദുല്‍ സലാം എന്നിവരെയും പരിശോധിക്കാന്‍ അനുമതി തേടി കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. കേസില്‍ മൂന്ന് പേര്‍ക്കും അനധികൃത കസ്റ്റഡിയും മര്‍ദ്ദനവും അറിയാമായിരുന്നെന്ന സംശയത്തിലാണ് സിബിഐയുടെ ഈ നടപടി.
അതേസമയം, രാജ്കുമാര്‍ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ പേരിലേക്കും സിബിഐ അന്വേഷണം നീട്ടുകയാണ്. രാജ്കുമാര്‍ കൊല്ലപ്പെടുമ്പോള്‍ ഇടുക്കി എസ്പിയായിരുന്ന കെ.ബി. വേണുഗോപാല്‍, കട്ടപ്പന ഡിവൈഎസ്പിയായിരുന്ന ഷംസ്, സ്‌പെഷല്‍ ബ്രാഞ്ചിന്റെ ചുമതലയുണ്ടായിരുന്ന അബ്ദുല്‍ സലാം എന്നിവരെയാണു നുണപരിശോധനയ്ക്കു വിധേയമാക്കുന്നത്. മൂവരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നു.
സാമ്പത്തിക തട്ടിപ്പു കേസില്‍ 2019 ജൂണ്‍ 12നാണു രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജൂണ്‍ 15നു അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതി റിമാന്‍ഡ് ചെയ്ത രാജ്കുമാര്‍ 21ന് ആശുപത്രിയില്‍ മരിച്ചു. തുടര്‍ന്ന് രാജ്കുമാറിന്റെ ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ന്യുമോണിയ ബാധയാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ജുഡീഷ്യല്‍ കമ്മിഷന്റെ നിര്‍ദേശപ്രകാരം നടത്തിയ രണ്ടാം പോസ്റ്റുമോര്‍ട്ടത്തില്‍ 22 മുറിവുകള്‍ കണ്ടെത്തുകയായിരുന്നു. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ദുരൂഹതയുണ്ടെന്നാണു ബന്ധുക്കളുടെ ആരോപണം.