NEWS

മരണമാണ് മുന്‍പില്‍, പ്രതീക്ഷയോടെ നിമിഷ


യെമനില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി 150 കഷണങ്ങളാക്കി വാട്ടര്‍ ടാങ്കിലൊളിപ്പിച്ച നിമിഷയെന്ന മലയാളി പെണ്‍കുട്ടിയെ വധശിക്ഷയ്ക്ക് വിധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറം ലോകമറിയുന്നത്. നാട്ടില്‍ ഭര്‍ത്താവും കുഞ്ഞുമുള്ള പെണ്‍കുട്ടി യെമനില്‍ മറ്റൊരാളെ വിവാഹം കഴിച്ച് അയാളുമായി വാക്കേറ്റമുണ്ടായപ്പോള്‍ കൊലപ്പെടുത്തി. ഈ വാര്‍ത്ത കേട്ട നമ്മളില്‍ പലരും ഒരു നിമിഷമെങ്കിലും ആ പെണ്‍കുട്ടിയെ ശപിച്ചിട്ടോ, അവള്‍ക്കത് തന്നെ വരണമെന്ന് പ്രാകിയിട്ടോ ഉണ്ടാകും. പക്ഷേ ഈ കേസിലെ സത്യാവസ്ഥയെന്താണെന്നോ അവള്‍ക്ക് പറയാനുള്ളതെന്താണെന്നോ നമ്മളാരും അന്വേഷിച്ച് പോയിട്ടുണ്ടാവില്ല. നിമിഷയെ അറിയുന്നവര്‍ക്ക് സത്യം അറിയാം. വര്‍ഷങ്ങളായി അവര്‍ അനുഭവിക്കുന്ന വേദനകളറിയാം. മറ്റൊരു രാജ്യത്ത് തന്റെ സമ്മതമില്ലാതെ ഒരാളുടെ ഭാര്യയാവേണ്ടി വന്ന പെണ്‍കുട്ടിയുടെ കഥയറിയാം.
സത്യത്തില്‍ എന്താണ് ഈ കേസില്‍ സംഭവിച്ചത്.?

മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ ഒരുപാട് പ്രതീക്ഷകളോടെയാണ് നിമിഷ പ്രിയ എന്ന കുറുവിലങ്ങാടുകാരി യെമനിലെത്തുന്നത്. നേഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ നിമിഷയ്ക്ക് സനയിലെ ഒരു ക്ലിനിക്കിലായിരുന്നു ജോലി. അന്നന്നത്തെ ചിലവൊഴിച്ചാല്‍ ബാക്കി പണമെല്ലാം അവള്‍ കരുതി വെക്കുമായിരുന്നു. കുടുംബത്തിന്റെ പട്ടിണി മാറ്റുക എന്നത് മാത്രമായിരുന്നു ആ പെണ്‍കുട്ടിയുടെ എക്കാലത്തെയും സ്വപ്നം. മൂന്ന് വര്‍ഷം ജോലി ചെയ്ത ശേഷം തിരികെ നാട്ടിലെത്തിയ നിമിഷ വിവാഹതയായി. വെല്‍ഡറായ ഭര്‍ത്താവുമൊത്ത് തിരികെ സനയിലെത്തുന്ന നിമിഷ സന്തോഷകരമായി ജീവിതം നയിച്ചു പോന്നിരുന്നു. സാമ്പത്തികമായി മെച്ചമൊന്നുമില്ലാതെയിരുന്ന സാഹചര്യത്തിലാണ് സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിക്കുന്നതിനെപ്പറ്റി നിമിഷയും ഭര്‍ത്താവും ആലോചിക്കുന്നത്. ജോലി ചെയ്തിരുന്ന ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയിരുന്ന
തലാല്‍ അബ്ദു മഹ്ദി എന്നയാളോട് ക്ലിനിക്ക് തുടങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ അയാള്‍ സഹായിക്കാമെന്നേറ്റത് നിമിഷയ്ക്കും ഭര്‍ത്താവിനും വലിയ സന്തോഷമായി. ക്ലിനിക്കിനായി നാട്ടിലെത്തി കുറച്ച് പണം സംഘടിപ്പിച്ച് തിരികെയെത്താനായിരുന്നു ഇരുവരുടേയും തീരുമാനം.

Signature-ad

നാട്ടിലേക്ക് തിരിക്കുമ്പോള്‍ സഹായിക്കാമെന്നേറ്റ തലാലും കൂടെ വരുന്നെന്നും കേരളം അയാള്‍ക്ക് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതില്‍ പ്രത്യേകിച്ച് അപാകതയൊന്നും തോന്നിയില്ല. മറ്റൊരു പെണ്‍കുട്ടിയുമായി തലാല്‍ നിമിഷയുടെ വീട്ടിലെത്തി അമ്മയേയും മറ്റ് ബന്ധുക്കളേയും പരിചയപ്പെട്ടു. തലാലിനെ തന്റെ വിവാഹ ഫോട്ടോ കാണിക്കുമ്പോള്‍ അതൊരിക്കലും തന്നെ തിരിഞ്ഞ് കൊത്തുന്ന പാമ്പായി മാറുമെന്നും ആ പാവം അറിഞ്ഞിരുന്നില്ല. വിവാഹ ഫോട്ടോകളില്‍ ചിലത് തലാല്‍ തന്റെ ഫോണില്‍ പകര്‍ത്തുമ്പോള്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നും നിമിഷയ്‌ക്കോ ഭര്‍ത്താവിനോ തോന്നിയില്ല. തിരികെ
തലാലിനൊപ്പം നിമിഷ മാത്രമാണ് യെമനിലേക്ക് പോവുന്നത്. ക്ലിനിക്ക് തുടങ്ങാനുള്ള പണം ഉണ്ടാക്കാന്‍ കഷ്ടപ്പെടുകയായിരുന്നു ഭര്‍ത്താവ്. തിരികെ യെമനിലെത്തിയ നിമിഷ പഴയ ക്ലിനിക്കില്‍ പ്രവേശിക്കാതെ പുതിയ ക്ലിനിക്ക് ആരംഭിച്ചു. നല്ലൊരു ജീവിതം സ്വപ്‌നം കണ്ട സാധാരണക്കാരി പെണ്‍കുട്ടിയെ കാത്തിരുന്നത് വലിയ അപകടങ്ങളാണെന്ന് അവള്‍ തിരിച്ചറിഞ്ഞിരുന്നില്ല.

പുതിയ ക്ലിനിക്ക് തുടങ്ങിയതോടെ പഴയ ക്ലിനിക്കിന്റെ ഉടമസ്ഥന്‍ ശത്രുപക്ഷത്തായി. അവരുടെ വരുമാനം കുറഞ്ഞെന്ന് പരാതിയുമായി വന്നതോടെ നിമിഷ തന്റെ സ്ഥാപനത്തിലെ വരുമാനത്തില്‍ നിന്നും ഒരു വിഹിതം നല്‍കാമെന്നും സമ്മതിച്ചു. പക്ഷേ ചതിയുടെ ഒന്നാം ഘട്ടം അവിടെയാണ് തുടങ്ങിയത്. 33 ശതമാനം പഴയ ക്ലിനിക്ക് ഉടമസ്ഥനും ബാക്കി 67 ശതമാനം തലാലിനും എന്നാണ് എഗ്രിമെന്റ് തയ്യാറാക്കിയത്. അറബി വശമില്ലാത്ത നിമിഷയ്ക്ക് അന്നത് മനസിലായില്ല. ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ പിന്നീട് ഒരു പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്ന് തലാല്‍ പറഞ്ഞു. തലാലിനെ പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പല തവണ ജയില്‍ വാസം അനുഭവിച്ചിട്ടുള്ള ആളാണെന്ന് മനസിലായതും.

ക്ലിനിക്കിന്റെ വരുമാനം മുഴുവന്‍ തലാല്‍ എടുക്കാന്‍ തുടങ്ങിയതോടെ നിമിഷ ഇതിനെപ്പറ്റി സംസാരിച്ചു. മറുപടിയായി ഓഫീസിലെത്തി ബുക്കില്‍ വെള്ളമൊഴിക്കുക, തുപ്പുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് പ്രതികരിച്ചത്. പണം മുഴുവന്‍ തലാല്‍ എടുക്കുന്ന കാര്യം മാനേജരോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ ഭാര്യയും ഭര്‍ത്താവുമല്ലേ, ആരെടെത്താലും വീട്ടിലേക്കല്ലേ കാശ് വരുന്നത് എന്നായിരുന്നു മറുപടി. ഞെട്ടലോടെയാണ് നിമിഷ ആ വാര്‍ത്ത കേട്ടത്. തലാല്‍ എല്ലാവരോടും പറഞ്ഞിരിക്കുന്നത് നിമിഷ തന്റെ ഭാര്യ ആണെന്നും, കേരളത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരായെതെന്നുമാണ്. തെളിവായി കേരളത്തിലെത്തിയപ്പോളെടുത്ത ചിത്രങ്ങളും കാണിച്ചു കൊടുത്തിരുന്നു.

വിവാഹത്തട്ടിപ്പിനെ പറ്റി നിമിഷ പലരോടും പറഞ്ഞെങ്കിലും ആരും വിശ്വസിക്കാന്‍ തയ്യാറായില്ല. ഇതോടെ നിയമപരമായി കാര്യങ്ങല്‍ മുന്നോട്ട് നീക്കാന്‍ ശ്രമിച്ചു. ലോക്കല്‍ പോലീസിന് പരാതി കൊടുത്തു. അവിടുത്തെ നിമയപ്രകാരം വിവാഹത്തട്ടിപ്പില്‍ രണ്ട് പേരും 16 ദിവസം കസ്റ്റഡിയിലായി. ജയിലില്‍ കിടന്ന് മറ്റാരുടെയോ സഹായത്തില്‍ തലാല്‍ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍
മറിഞ്ഞു. കേരളത്തില്‍ വെച്ച് തലാലെടുത്ത നിമിഷയുടെ വിവാഹ ഫോട്ടോ എഡിറ്റ് ചെയത് തലാല്‍ സമര്‍പ്പിച്ചതോടെ കോടതി പോലും തെറ്റിദ്ധരികപ്പെട്ടു. അവര്‍ വിവാഹിതരാണെന്ന് കോടതി വിധിച്ചു. ഇതിനിടെയില്‍ ഭര്‍ത്താവിനെ വിവരങ്ങള്‍ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഇതെല്ലാം തലാല്‍ മുടക്കി. നാട്ടിലേക്ക് വിളിക്കാന്‍ വേണ്ടി മാത്രം 20 സിം കാര്‍ഡോളം എടുത്തു, പക്ഷേ അതെല്ലാം അയാള്‍ ഒടിച്ച് നശിപ്പിച്ചു.

പുറത്തിറങ്ങിയ നിമിഷ തലാലിന്റെ വീട്ടുകാരോട് സത്യം പറഞ്ഞെങ്കിലും അവരത് വിശ്വസിച്ചില്ല. അവര്‍ അവളെ തലാലിന്റെ ഭാര്യയാക്കി. ചെറിയ ചടങ്ങോടെ അവരുടെ വിവാഹം നടത്തി. പിന്നീട് നിമിഷയ്ക്ക് തലാലിന്റെ കൂടെ താമസിക്കേണ്ടി വന്നു. ഇതിനിടെയില്‍ പാസ്്‌പോര്‍ട്ടും അയാള്‍ കൈക്കലാക്കിയിരുന്നു. മാനസികമായും ശാരീരകമായും പിന്നീട് പീഢനങ്ങളുടെ കാലമായിരുന്നു ആ പെണ്‍കുട്ടിക്ക്. കൂട്ടുകാര്‍ക്കൊപ്പം ഒരുമിച്ച് കിടക്ക പങ്കിടാന്‍ പോലും അയാള്‍ അവളെ നിര്‍ബന്ധിച്ചിരുന്നു

ഇതിനിടെയില്‍ തലാലിന്റെ ഉപദ്രവം ശക്തിയായി. പാതിരാത്രിയും വീട്ടില്‍ നിന്നും ഇറങ്ങി ഓടേണ്ട് അവസ്ഥയുണ്ടായിട്ടുണ്ട് നിമിഷയ്ക്ക്്. പലപ്പോഴും പാതിര രാത്രികളില്‍ ഭയം കൊണ്ട് വീട്ടില്‍ പോവാതെ റോഡില്‍ കഴിച്ചു കൂട്ടേണ്ടി വന്ന സാഹചര്യവും ഉണ്ടായി. തലാലിന്റെ കൈയ്യില്‍ എപ്പോഴും ഒരു ചെറിയ കത്തിയുണ്ടാകാറുണ്ട്. ഒരിക്കല്‍ അതു വെച്ച് നിമിഷയുടെ കൈയ്യില്‍ മുറി വേല്‍പ്പിച്ചു. ഞരബ് മുറിഞ്ഞ് ചോരയൊലിച്ചു. ചോര ചീറ്റന്നതു കണ്ട് ബാത്ത് റൂമിലേക്ക് തള്ളിയിട്ടു. അവിടെ നിന്നും രക്ഷപെട്ട് ക്ലിനിക്കിലെത്തി സ്വന്തമായി മരുന്ന് വെക്കുകയായിരുന്നു.

ഇതിനിടെയില്‍ പല തവണ തലാല്‍ ജയിലില്‍ പോയി. ജയിലില്‍ പോയി പാസ് പോര്‍ട്ട് തരാന്‍ നിമിഷ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പാസ്‌പോര്‍ട്ട് നഷ്ടമായി എന്ന് കാണിച്ച് എംബസിയെ സമീപിച്ചപ്പോള്‍ പത്രപരസ്യം നല്‍കി അപേക്ഷി നല്‍കാനായിരുന്നു മറുപടി. പക്ഷേ ഇതും നടക്കാതെ പോയി.

ജയിലില്‍ ഉദ്യോഗസ്ഥനായിരുന്ന ഒരു പോലീസുകാരന്‍ നിമിഷയെ സഹായിക്കമെന്നേറ്റു. തലാലിനെ അനസ്‌തേഷ്യ നല്‍കി ബോധം കെടുത്തി തന്നാല്‍ എവിടെയെങ്കിലും കൊണ്ടു പോയി ദേഹോപദ്രവം ഏല്‍പ്പിച്ച് ഭാര്യയല്ലെന്ന് എഴുതി വാങ്ങിത്തരാമെന്ന് പറഞ്ഞു. നിമിഷയുടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാന്‍ എന്ന യുവതിയും സഹായിക്കാമെന്നേറ്റു.

ഇതിനിടെയിലാണ് തലാലിന് യൂറിന്‍ ഇന്‍ഫെക്ഷനാണ് മരുന്ന് വേണമെന്ന് പറയുന്നത്. ഇതൊരവസരമായി കണക്കാക്കി നിമിഷ അയാള്‍ക്ക് അനസ്‌തേഷ്യ നല്‍കി. ലഹരിയിലായിരുന്ന തലാലിന് അതേല്‍ക്കാതെ വന്നപ്പോള്‍ ഡോസ് കൂട്ടി നല്‍കി. പക്ഷേ ഒരലര്‍ച്ചയോടെ അയാള്‍ താഴെ വീണു, പള്‍സ് നോക്കിയപ്പോള്‍ അയാള്‍ മരണപ്പെട്ടിരുന്നുവെന്ന് മനസിലായി. എന്തു ചെയ്യണമെന്നറിയാതെ നിമിഷ പിരിമുറക്കം കുറയ്ക്കാനുള്ള രണ്ട് ഡോസ് മരുന്നെടുത്ത് കഴിച്ചു. ഇതോടെ നിമിഷ അര്‍ധബോധാവസ്ഥയിലായി. മാനസിക നിലയും പ്രശ്‌നത്തിലായി. ഹനാനോട് കാര്യങ്ങള്‍ പറഞ്ഞു. അവളാണ് പിന്നെയെല്ലാം ചെയ്്തത്

തലാലിന്റെ മൃതശരീരം ദൂരെ എവിടെയെങ്കിലും കൊണ്ടു പോകാന്‍ പദ്ധതിയിട്ടെങ്കിലും സഹായിക്കാമെന്നേറ്റ പോലീസുകാരന്‍ കൈ മലര്‍ത്തി. അതോടെ ഹനാന് തോന്നിയ ബുദ്ധിയാണ് പല കഷ്ണങ്ങളാക്കി ശരീരം വെട്ടി നുറുക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കാമെന്ന്. മൂന്ന് ദിവസം കഴിഞ്ഞാണ് നിമിഷയുടെ ബോധം തെളിയുന്നത്. ഇതോടെ വാട്ടര്‍ ടാങ്കില്‍ നിന്നും ദുര്‍ഗന്ധം വന്നു തുടങ്ങി. അങ്ങനെ നിമിഷ ഒളിവില്‍ പോവുന്നു. വൈകാതെ ഹനാന്‍ അറസ്റ്റിലാവുന്നു പിന്നാലെ നിമിഷയും.

നിമിഷയ്ക്ക് വേണ്ടി കേസ് നടത്താനോ വാദിക്കാനോ ആരുമുണ്ടായിരുന്നില്ല. എല്ലാവരുടെയും കണ്ണില്‍ അവള്‍ ഭര്‍ത്താവിനെ ക്രൂരമായി കൊന്ന കുറ്റവാളിയായിരുന്നു. ഒടുവില്‍ ജഡ്ജി തന്നെ ഒരു അഭിഭാഷകനെ
അവള്‍ക്ക് വേണ്ടി നിയമിച്ചെങ്കിലും അയാള്‍ കൃത്യമായി കേസ് പഠിക്കാനോ വാദിക്കാനോ തയ്യാറായില്ല. കഴിഞ്ഞ 18 ന് കോടതി വിധിയെത്തി. കുറ്റക്കാരിയെന്ന് കണ്ടെത്തി. വധശിക്ഷയാണ് വിധി.

അപ്പീല്‍ നല്‍കുന്നതിന് 15 ദിവസത്തെ കാലാവധിയുണ്ട്. പക്ഷേ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ എന്തു ചെയ്യണമെന്നറിയില്ല.നാട്ടില്‍ നിന്നും പലരും സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിനു വേണ്ടി പല വഴിക്കും ശ്രമിക്കുന്നുണ്ട്. തലാലിന്റെ ബന്ധുക്കള്‍ക്ക് ചോരപ്പണമായി 70 ലക്ഷം രൂപ നല്‍കിയാല്‍ ജീവന്‍ തിരികെ കിട്ടുമെന്നാണ് പറയുന്നത്. നാട്ടില്‍ പതിനായിരം രൂപ തികച്ചെടുക്കാനില്ലാത്ത നിമിഷയുടെ ഭര്‍ത്താവ് ഈ തുക എങ്ങനെ കണ്ടെത്താനാണ്.?

ജയിലിലും കൊറോണ സമയത്ത് നേഴ്‌സായി നിമിഷ സേവനം ചെയ്തിരുന്നു. ഇതിനിടയില്‍ തന്റെ സേവനം മാനിച്ച് അധികൃതര്‍ ഇടപെട്ട് ഒരു ഫോണ്‍ നല്‍കി. ഇതിലൂടെയാണ് നാട്ടിലുള്ളവരുമായി വിവരം കൈമാറുന്നത്. മരണം കണ്‍മുന്നലുണ്ടെങ്കിലും പ്രതീക്ഷയുടെ ഒരു തിരിനാളം എവിടെ നിന്നെങ്കിലും തെളിയുമെന്ന വിശ്വാസത്തിലും പ്രാര്‍ത്ഥനയിലുമാണ് ഇപ്പോള്‍ നിമിഷ.

Back to top button
error: