NEWS

ഹൈക്കമാൻഡ് ഉറച്ചു തന്നെ ,കത്തെഴുതിയ 23 പേർക്കും പാർട്ടി ഉന്നതതല പാനലിൽ അംഗത്വം ഉണ്ടാകില്ലെന്നു സൂചന  

പാർട്ടിക്ക് ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്ത് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടും പ്രവർത്തക സമിതിയിൽ ഇതേ ചൊല്ലി ചൂടേറിയ ചർച്ച നടന്നിട്ടും നാല് ദിവസം കഴിഞ്ഞു .താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കാൻ രൂപീകരിക്കുന്ന നാലംഗ പാനലിൽ കത്തിൽ ഒപ്പിട്ട ആരെങ്കിലും ഉൾപ്പെടുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത് .

Signature-ad

എ കെ ആന്റണി ,മൻമോഹൻ സിങ് ,മല്ലികാർജുന ഖാർഗെ ,കെ സി വേണുഗോപാൽ ,സച്ചിൻ പൈലറ്റ് എന്നിവരിൽ നിന്നാകും പാനലിൽ ഉണ്ടാകുക എന്നാണ് സൂചന .എല്ലാവരും സോണിയ ഗാന്ധിക്കൊപ്പം ഉറച്ചു നിൽക്കുന്നവരാണ് .കത്തിൽ ഒപ്പിട്ട ഗുലാം നബി ആസാദ് ,ആനന്ദ് ശർമ്മ ,ശശി തരൂർ ,കപിൽ സിബൽ ,മുകുൾ വാസ്നിക് എന്നിവരും പരിഗണനാ പട്ടികയിൽ ഉണ്ടാകേണ്ടതായിരുന്നു .എന്നാൽ കത്തെഴുതിയതിന്റെ പശ്ചാത്തലത്തിൽ ഇവരെ പരിഗണിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഹൈക്കമാൻഡ് കരുതുന്നു .

ഒന്നോ രണ്ടോ പേരെ തങ്ങളിൽ നിന്ന് ഉൾപ്പെടുത്തണം എന്നാണ് കത്തിൽ ഒപ്പുവച്ചവരുടെ ആവശ്യം .ഇല്ലെങ്കിൽ പാർട്ടിയിൽ തുറന്ന യുദ്ധം ഉണ്ടാകുമെന്ന സൂചന ഇവർ പാർട്ടിക്ക് നൽകിക്കഴിഞ്ഞു .കഴിഞ്ഞ 48 മണിക്കൂറുകൾ ആയി ശ്രദ്ധാകേന്ദ്രം മുകുൾ വാസ്‌നിക്കാണ് .കൃത്യം ഒരു കൊല്ലം മുമ്പ് താൻ സ്ഥാനം ഒഴിയുമ്പോൾ മുകുൾ വാസ്നിക്കിനെ അധ്യക്ഷനാക്കാം എന്ന് രാഹുൽ ഗാന്ധി തന്നെ കരുതിയതാണ് .എന്നാലിപ്പോൾ മുകുൾ വാസ്നിക് വിമത പക്ഷമാണ് .

കത്തിൽ ഒപ്പിട്ട ചിലരുമായി ഹൈക്കമാൻഡ് അനൗദ്യോഗികമായി സംസാരിക്കുന്നുണ്ട് .എന്നാൽ ഉറച്ചു നില്ക്കാൻ ആണ് സംഘത്തെ നയിക്കുന്ന ഗുലാം നബി ആസാദ് ആഹ്വാനം ചെയ്തിട്ടുള്ളത് .പാർട്ടി തീരുമാനം പ്രതികൂലമായാൽ കോടതിയെ സമീപിക്കാനും സംഘത്തിലെ ചിലർ ആലോചിക്കുന്നുണ്ട് .സോണിയയുടെ നിയമനം എ ഐ സി സി അംഗീകരിച്ചിട്ടില്ലെന്നു ഇവർക്ക് വാദിക്കാനാകാം .2021 ഫെബ്രുവരിയിൽ രാജ്യസഭാ എം പി എന്ന നിലയിൽ ഗുലാം നബി ആസാദിന്റെ കാലം തീരും .പുതിയ സാഹചര്യത്തിൽ അദ്ദേഹത്തിന് തിരിച്ചു വരാൻ അവസരം ലഭിക്കില്ല .ഈ പശ്ചാത്തലത്തിൽ പുതിയ സാധ്യതകൾ തേടാൻ ഗുലാം നബി ആസാദ് നിർബന്ധിതനാകും .

ശരദ് പവാറിന്റെ എൻസിപി ,മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സ് ,ജഗൻ മോഹൻ റെഡ്ഢിയുടെ വൈ എസ് ആർ കോൺഗ്രസ്സ് എന്നിവയുമായി കൈ കോർക്കാനുള്ള സാധ്യതയും സംഘത്തിലെ ചിലർ ആലോചിക്കുന്നുണ്ട് .എന്നാൽ ഈ പാർട്ടികൾ എങ്ങിനെ പ്രതികരിക്കും എന്ന് വ്യക്തമല്ല .

Back to top button
error: